| Tuesday, 10th March 2026, 8:11 am

ഇന്ത്യയുടെ നട്ടെല്ല് നഷ്ടപ്പെട്ടു, ലോകം വിനാശത്തിന്റെ വക്കില്‍; ഗസയിലും ഇറാനിലുമുള്ള യു.എസ്-ഇസ്രഈല്‍ കടന്നാക്രമണങ്ങള്‍ക്കെതിരെ അരുന്ധതി റോയ്

യെലന കെ.വി

കൊച്ചി: ലോകത്തെയാകെ വിഴുങ്ങാന്‍ പോകുന്ന വരാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചും ഇന്ത്യയുടെ വീഴ്ചകളെക്കുറിച്ചും പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.

തന്റെ പുതിയ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’ എന്ന ഓര്‍മ്മക്കുറപ്പിനെക്കുറിച്ച് സംസാരിക്കുന്ന വേദിയില്‍ ഗസയില്‍ തുടരുന്ന വംശഹത്യയെയും ഇറാന് നേരെ അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളെയും അരുന്ധതി റോയ് അതിശക്തമായി അപലപിച്ചു.

തന്റെ അമ്മ മേരി റോയിയുടെ നിശിതമായ ആര്‍ജ്ജവം ഉള്‍ക്കൊണ്ടാണ് ഈ കാര്യങ്ങള്‍ തുറന്നുപറയുതെന്നും അവര്‍ വ്യക്തമാക്കി.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ വംശഹത്യയുടെ തുടര്‍ച്ചയാണ് ഇറാന് മേലുള്ള കടന്നാക്രമണമെന്ന് അരുന്ധതി റോയ് ആരോപിച്ചു. ടെഹ്റാന്‍, ഇസ്ഫഹാന്‍ തുടങ്ങിയ പുരാതന നഗരങ്ങള്‍ അഗ്‌നിക്കിരയാകുന്നത് കണ്ടില്ലെന്ന് വെക്കാന്‍ കഴിയില്ല.

ആശുപത്രികള്‍ ബോംബിട്ട് തകര്‍ക്കുന്നതും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നതുമായ അതേ പഴയ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട അതേ ശക്തികള്‍ ഇന്ന് ലോകത്തെ മറ്റൊരു ആണവ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ഭരണത്തലവന്മാരെ തട്ടിക്കൊണ്ടുപോകുന്നതിനും വധിക്കുന്നതിനും യു.എസ് നടത്തുന്ന നീക്കങ്ങളെ അപലപിക്കാന്‍ പോലും ഇന്ത്യന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് ലജ്ജാകരമാണെന്ന് അരുന്ധതി റോയ് പറഞ്ഞു.

ഇറാന് മേല്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ആലിംഗനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെ അവര്‍ വിമര്‍ശിച്ചു.

‘ മുമ്പ് ദരിദ്രരാണെങ്കിലും അഭിമാനമുള്ള ഒരു ജനതയായിരുന്നു നമ്മള്‍. എന്നാല്‍ ഇന്ന് വിശപ്പിന് പകരം വെറുപ്പും വിദ്വേഷവും മാത്രം വിളമ്പുന്ന, നട്ടെല്ലില്ലാത്ത ഒരു ഭരണകൂടത്തിന് കീഴിലായിരിക്കുന്നു ഇന്ത്യയെന്നും’, അവര്‍ കുറ്റപ്പെടുത്തി.

ഗസയില്‍ നിന്നും പുറത്താക്കപ്പെട്ട ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ അവിടേക്ക് അയച്ച സര്‍ക്കാര്‍ നടപടിയെ അരുന്ധതി റോയ് വിമര്‍ശിച്ചു.

ഇസ്രഈല്‍ പൗരന്മാര്‍ ബങ്കറുകളില്‍ അഭയം തേടുമ്പോള്‍, ഇന്ത്യന്‍ തൊഴിലാളികളെ അവിടെ പ്രവേശിപ്പിക്കാത്ത വാര്‍ത്തകള്‍ വരുന്നത് ഏറ്റവും വലിയ അപമാനമാണ്. സ്വന്തം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ഗവണ്‍മെന്റ് സാമ്രാജ്യത്വ ശക്തികളുടെ ‘ഓമന മൃഗമായി’ മാറിയിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.

സിനിമകളില്‍ മാത്രം കരുത്ത് കാട്ടുന്ന നായകന്മാരും യാഥാര്‍ത്ഥ്യത്തില്‍ ഭീരുത്വം കാണിക്കുന്ന ഭരണകൂടവുമാണ് ഇന്നത്തെ ഇന്ത്യയുടെ അടയാളമെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ജനതയ്‌ക്കൊപ്പം താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

content highlight: Arundathi Roy on iran attack and gaza genocide

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more