| Sunday, 13th July 2025, 5:35 pm

അരുണാചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാര്‍. വെള്ളിയാഴ്ച ലോവര്‍ ദിബാങ് വാലി ജില്ലയിലെ റോയിങിലാണ് സംഭവം. അസം സ്വദേശിയായ റിയാസ്-ഉല്‍ കുരീമിനെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബോംഗൈഗാവില്‍ നിന്നുള്ള 19കാരന്‍ പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിന് സമീപത്തായാണ് ജോലി ചെയ്തിരുന്നത്.

ഇയാള്‍ ആറ് വയസ് മുതല്‍ എട്ട് വയസുവരെയുള്ള കുട്ടികളെയാണ് ലൈംഗികമായി അതിക്രമിച്ചത്. വയറുവേദനയെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും വിവരം അറിയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതി സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് ലോവര്‍ ദിബാങ് വാലി പൊലീസ് സൂപ്രണ്ട് റിംഗു എന്‍ഗുപോക്ക് പറഞ്ഞു.

ലൈംഗികാതിക്രമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ വ്യാഴാഴ്ച സ്‌കൂള്‍ അധികൃതര്‍ പി.ടി.എ മീറ്റിങ് വിളിച്ചിരുന്നു. പിന്നാലെ സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ ക്യാമ്പിലുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും രക്ഷിതാക്കള്‍ ആക്രമിക്കുകയായിരുന്നു.

ഇതിനിടെ 19കാരനെ മറ്റൊരിടത്തേക്ക് കൊണ്ടുപോയും രക്ഷിതാക്കള്‍ മര്‍ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയുമെത്തി രക്ഷിതാക്കള്‍ അതിക്രമം തുടരുകയായിരുന്നു.

നിലവില്‍ ആള്‍ക്കൂട്ട ആക്രമണത്തിലും ലൈംഗികാതിക്രമത്തിലും നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് റിംഗു എന്‍ഗുപോക്ക് പറഞ്ഞു. കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നടന്ന അന്വേഷണത്തില്‍, കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറികളുടെ ജനാലകളില്‍ ഗ്രില്ലുകളില്ലെന്നും സ്ലൈഡിങ് വാതിലുകള്‍ക്ക് പൂട്ടുകളില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

റോയിങിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് വീഴ്ചകളുണ്ടായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് റോയിങ്ങില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷസാധ്യത തുടരുകയാണെന്നും എന്‍ഗുപോക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സേനയെ അടക്കമാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

കൂടാതെ റോയിങിലെ സ്‌കൂള്‍ ഹോസ്റ്റല്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാനും വിദ്യാര്‍ത്ഥികളെ അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രി മാമാ നടുങ് പൊലീസുമായി നിരന്തരം ഇടപെടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Teenager beaten to death for raping minor girls in Arunachal pradesh

We use cookies to give you the best possible experience. Learn more