| Tuesday, 5th August 2025, 7:01 pm

അരുണാചല്‍ സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ നേടിയത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചത് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും. പ്രധാനമായും നാല് കമ്പനികളാണ് ഉത്തരത്തില്‍ സര്‍ക്കാരിന്റെ കരാറുകള്‍ നേടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

തവാങ് എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ചുള്ള പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളാണ് ഖണ്ഡുവിന് വേണ്ടപ്പെട്ടവര്‍ കൈക്കലാക്കിയിരിക്കുന്നത്. ഇതില്‍ 17 കോടിയിലധികം മൂല്യം വരുന്ന 56 കരാറുകള്‍ ലേലം വിളിക്കാതെയാണ് തീര്‍പ്പാക്കിയത്. ബ്രാന്‍ഡ് ഈഗിള്‍സ്, ആര്‍.ഡി കണ്‍സ്ട്രക്ഷന്‍, ഫ്രണ്ടിയര്‍ അസോസിയേറ്റ്‌സ്, അലയന്‍സ് ട്രേഡിങ് എന്നീ കമ്പനികളാണ് കരാറുകള്‍ നേടിയത്.

സംസ്ഥാനത്തെ വടക്കുകിഴക്കന്‍ മേഖലകളിലെ പൊതുമരാമത്ത് കരാറുകളില്‍ വ്യാപകമായ അഴിമതി ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത ഹരജിയില്‍, അരുണാചല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

തവാങിലെ സിവില്‍ സൊസൈറ്റി സംഘടനയായ സേവ് മോണ്‍ റീജിയന്‍ ഫെഡറേഷനും അഴിമതിക്കെതിരെ പോരാടുന്ന സന്നദ്ധ സംഘടനയായ വോളണ്ടറി അരുണാചല്‍ സേനയും ചേര്‍ന്നാണ് ഹരജി നല്‍കിയത്. എന്നാല്‍ 2024 ജനുവരി 15ന് ഫയല്‍ ചെയ്ത ഹരജിയില്‍ 2025 ജൂലൈ 16നാണ് അരുണാചല്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണങ്ങളോട് കൂടി സത്യവാങ്മൂലം നല്‍കുന്നത്.

2025 മാര്‍ച്ച് 18നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് അരുണാചല്‍ പ്രദേശിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഖണ്ഡുവിന്റെ ബന്ധുക്കളായ റിഞ്ചിന്‍ ഡ്രെമ, സെറിങ് താഷി എന്നിവരുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കരാറുകളുടെ വിശദാംശങ്ങളാണ് സുപ്രീം കോടതി പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

ഇതിനിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒന്നിലധികം കരാര്‍ ലഭിച്ചതിന് പിന്നില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഡിങ് അടക്കമുള്ള നടപടികളിലൂടെ കടന്നുപോകാതെയാണ് ഈ കരാറുകള്‍ കൈമാറിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

2011 ഏപ്രിലിലാണ് അരുണാചല്‍ പ്രദേശിലെ മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹം രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയാണ് ഡ്രെമ. അതായത് പെമ ഖണ്ഡുവിന്റെ അമ്മയ്ക്ക് ശേഷം ദോര്‍ജി വിവാഹം ചെയ്ത സ്ത്രീ കൂടിയാണ് ഇവർ.

പെമ ഖണ്ഡുവിന്റെ അനന്തരവനാണ് സെറിങ് താഷി. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഭൂരിഭാഗം കരാറുകളും നേടിയത്.

Content Highlight: Arunachal CM’s family members bagged Rs 380 crore contracts

We use cookies to give you the best possible experience. Learn more