| Friday, 5th December 2025, 4:30 pm

ബി.ജെ.പി തോല്‍ക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതികള്‍ നടപ്പാക്കില്ലെന്ന് അരുണാചല്‍ മന്ത്രി; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: വരാനിരിക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുന്ന പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കില്ലെന്ന് പഞ്ചായത്തിരാജ് മന്ത്രി ഓജിങ് ടാസിങ്.

റോയിങ് ജില്ലാ പരിഷത്തിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിക്കായി ലോവര്‍ ദിബാങ് ജില്ലയില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഡിസംബര്‍ 15നാണ് അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ്.

പഞ്ചായത്തിലോ മണ്ഡലത്തിലോ എവിടെ ബി.ജെ.പി തോറ്റാലും സര്‍ക്കാര്‍ പദ്ധതികള്‍ അവിടെ നടപ്പാക്കില്ല, പഞ്ചായത്തിരാജ് മന്ത്രിയായ താനാണ് ഇക്കാര്യം പറയുന്നത്.

അതുതന്നെ ചെയ്യും, വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടാസിങ് പറയുന്നു.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ലോവര്‍ ദിബാങ് ഡെപ്യൂട്ടി കമ്മീഷണര്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി തരു താലോ ആവശ്യപ്പെട്ടു.

സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയതെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പ്രതിപക്ഷമായ കോണ്‍ഗ്രസ് ടാസിങ്ങിന്റെ രാജി ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഫണ്ടാണ് അത്, ബി.ജെ.പിയുടെതല്ല.

വോട്ട് ചെയ്തില്ലെങ്കില്‍ വികസനം നടപ്പാക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിനും ഫെഡറിലിസത്തിനും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള അതിക്രമമാണെന്നും സംസ്ഥാന കോണ്‍ഗ്രസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Arunachal minister says projects will not be implemented in panchayats where BJP loses; Congress demands his resignation

We use cookies to give you the best possible experience. Learn more