| Tuesday, 23rd September 2025, 7:31 am

ടൊവി ചേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു സിനിമയില്‍; ഡൊമിനിക്കിന്റെ സക്‌സസ് അദ്ദേഹം ആഗ്രഹിച്ചിരുന്നു: അരുണ്‍ കുര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ കുര്യന്‍. ചിത്രത്തില്‍ അരുണും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ലോകയില്‍ ടൊവിനോയുടെ അഴിഞ്ഞാട്ടമായിരുന്നുവെന്ന് അരുണ്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൊവി ചേട്ടന്‍ ആ കോസ്റ്റ്യും ഇട്ട് വന്നപ്പോഴേ നല്ല അടിപൊളിയായിരുന്നു. എനിക്ക് പ്രത്യേകിച്ച് ആ  ആ കോസ്റ്റ്യും വളരെ ഇഷ്ടപ്പെട്ടു. ഹസ്തലാ വിസ്തലാ പൊലീസുകാരാ എന്നൊക്കെ പറയുന്നത് നന്നായിരുന്നു. ഒരു സ്വാഗ് കൊടുത്ത് സിമ്പിളായിട്ടാണ് അത് ടൊവിനോ ചെയ്തത്. ടൊവി ചേട്ടന് ഒരു ഇന്നസെന്റ് ക്യൂട്ട് പരിപാടി ഉണ്ട്, അത് പുള്ളി അടിപൊളിയായി ചെയ്തുവെന്നാണ് എനിക്ക് ഫീല്‍ ചെയ്തത്.

അതുപോലെ ടൊവിനോയ്ക്ക് ഡൊമിനിക്കിനോട് നല്ല ഒരു സൗഹൃദമുണ്ട്. ഡൊമിനിക് വിജയിച്ച് കാണണമെന്ന് അദ്ദേഹത്തിന് നല്ല ആഗ്രഹമുണ്ടായിരുന്നു. സിനിമ വിജയിച്ച് കഴിഞ്ഞപ്പോള്‍ ടൊവി ചേട്ടന്‍ ഞങ്ങളോട് പറഞ്ഞത് ‘മക്കളെ നിങ്ങള്‍ ആരും ആഘോഷം നിര്‍ത്തണ്ട, എല്ലാവരും ആഘോഷിച്ചോ, ഇത് വല്ലപ്പോഴും കിട്ടുന്ന ഒരു അവസരമാണ്’ എന്നാണ്. ഒരു സുഹൃത്ത് എന്ന നിലയില്‍ ഡൊമിനിക്കിന്റെ സക്‌സസില്‍ ടൊവിനോ വളരെ ഹാപ്പിയായിരുന്നു,’ അരുണ്‍ പറയുന്നു.

അതേസമയം ഡൊമിനിക് അരുണ്‍ ഒരുക്കിയ ലോക 270 കോടിയും പിന്നിട്ട് തിയേറ്റുകളില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. പല റെക്കോര്‍ഡുകളും ഇതിനോടകം സിനിമ തകര്‍ത്തു കഴിഞ്ഞു.

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നസ്‌ലെന്‍, ചന്തു സലിംകുമാര്‍ അരുണ്‍ കുര്യന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അതിഥിവേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രമായ ചാത്തനായാണ് ടൊവിനോ വേഷമിട്ടത്.

Content highlight:  Arun Kurian is talking about Tovino Thomas’ character in Lokah Chapter One Chandra

We use cookies to give you the best possible experience. Learn more