| Friday, 28th February 2025, 3:55 pm

ഈ റിപ്പോര്‍ട്ടിങ് മാനസികാരോഗ്യത്തെ ബാധിക്കുന്നു; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ അരുണ്‍ ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ അപ്‌ഡേറ്റ് നല്‍കാനുള്ള മാധ്യമങ്ങളുടെ മത്സരം മാനസികാരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് അരുണ്‍ ഗോപി പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രിയപ്പെട്ട പത്ര മാധ്യമ സുഹൃത്തുക്കളെ, വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ അപ്‌ഡേറ്റ് നല്‍കാനുള്ള നിങ്ങളുടെ ഈ മത്സരം സത്യത്തില്‍ മാനസികാരോഗ്യത്തെ വല്ലാതെ ബാധിക്കുന്നു ജീവിച്ചിരിക്കുന്നവരെക്കൂടി പരിഗണിക്കുക’ അരുണ്‍ ഗോപി കുറിച്ചു.

ഫെബ്രുവരി 24ാം തീയതിയായിരുന്നു കൂട്ടക്കൊല നടന്നത്. ഇരുപത്തിമൂന്നുകാരനായ വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വെട്ടേറ്റ പ്രതിയുടെ അമ്മ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

യുവാവിന്റെ പിതാവിന്റെ അമ്മ സല്‍മാ ബീവി (88), പ്രതിയുടെ അനുജന്‍ അഹസാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

ചുറ്റിക കൊണ്ട് തലക്കടിച്ചാണ് പ്രതി ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിദേശത്ത് ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്ന പിതാവിന് നഷ്ടമുണ്ടായെന്നും പിതാവിന് പണം നല്‍കാത്തതിനാലാണ് ബന്ധുക്കളെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു.

അതേസമയം അഫാന്റെ പിതാവ് റഹീം ഇന്ന് (ശനിയാഴ്ച) നാട്ടിലെത്തി. നേരത്തെ നിയമക്കുരുക്കുള്‍ കാരണം ബന്ധുക്കളുടെ മരണാന്തര ചടങ്ങുകള്‍ക്കുപോലും പങ്കെടുക്കാന്‍ റഹീമിന് സാധിച്ചിരുന്നില്ല. പ്രവാസികളുടെ സഹായത്തോടെയാണ് സൗദിയില്‍ നിന്ന് റഹീം നാട്ടിലെത്തിയത്.

Content highlight: Arun Gopi criticizes the way the media handles the Venjaramoodu mass murder 

We use cookies to give you the best possible experience. Learn more