| Tuesday, 12th August 2025, 2:51 pm

'അവരിന്ന് സിനിമയിലില്ല' 4 ദി പീപ്പിളിനിടയിലെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോര്‍ ദി പീപ്പിള്‍ സിനിമയുടെ റീ-റിലീസ് പല പ്രേക്ഷകരും ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ തനിക്ക് അതിനുള്ള മറുപടി പറയാന്‍ ആവില്ലെന്നും പറയുകയാണ് നടന്‍ അരുണ്‍ ചെറുകാവില്‍. ആ ചിത്രത്തില്‍ അരവിന്ദ് എന്ന കഥാപാത്രമായിട്ടായിരുന്നു അരുണ്‍ എത്തിയത്.

റീ-റിലീസ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി സിനിമ ഉണ്ടാക്കിയ സംവിധായകനും നിര്‍മാതാക്കളുമൊക്കെയാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അതിനെ കുറിച്ച് കൃത്യമായി അറിയില്ലെന്നും അതിനുള്ള ഉത്തരം അവരുടെ ഭാഗത്ത് നിന്ന് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

അരുണിനൊപ്പം ഭരത്, അര്‍ജുന്‍ ബോസ്, പത്മകുമാര്‍ എന്നിവരായിരുന്നു ഫോര്‍ ദി പീപ്പിളായി എത്തിയത്. മൂവരുമായി ഇപ്പോഴും സൗഹൃദമുണ്ടോയെന്ന ചോദ്യത്തിനും അരുണ്‍ ചെറുകാവില്‍ മറുപടി നല്‍കി.

‘ഫോര്‍ ദി പീപ്പിളിലെ എല്ലാവരുമായി സൗഹൃദമുണ്ടോയെന്ന് ചോദിച്ചാല്‍, അവരില്‍ രണ്ടുപേര്‍ ഇപ്പോള്‍ സിനിമയില്‍ ഇല്ല. എന്നാല്‍ ഭരത് സിനിമയിലുണ്ട്. എല്ലാവരും തമ്മില്‍ വലിയ കോണ്‍ടാക്ടില്ല. കാരണം ഓരോരുത്തരും അവരുടേതായ തിരക്കുകളിലേക്ക് പോയി. എങ്കിലും വല്ലപ്പോഴും കാണാറുണ്ട്,’ അരുണ്‍ പറയുന്നു.

ആ സിനിമ ഷൂട്ട് ചെയ്ത ചില സ്ഥലങ്ങളിലൂടെ ഇപ്പോഴും യാത്ര ചെയ്യാറുണ്ടെന്നും അപ്പോഴാകും സിനിമയുടെ ഷൂട്ടിങ് മൊമന്റിനെ പറ്റിയൊക്കെ ഓര്‍ക്കുകയെന്നും നടന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതെങ്കിലും ഒരു ബില്‍ഡിങ്ങൊക്കെ കാണുമ്പോള്‍ പെട്ടെന്ന് സിനിമയുടെ ഷൂട്ടിങ് ഓര്‍മ വരും. പാട്ട് സീനിനൊക്കെ വേണ്ടി വെറുതെ നടക്കുന്നതൊക്കെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ പല സ്ഥലത്തായിട്ടാണ് നമ്മള്‍ ഷൂട്ട് ചെയ്തത്. ആ സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ പെട്ടെന്ന് പഴയ കാര്യങ്ങള്‍ ഓര്‍ക്കും.

കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുഹൃത്തിനൊപ്പം പോകുമ്പോള്‍ ‘ഫോര്‍ ദി പീപ്പിളില്‍ ഒരാളെ ഇവിടെ വെച്ചാണ് ഞങ്ങള്‍ വെട്ടികൊന്നത്’ എന്ന് അവനോട് പറഞ്ഞു. ആ സ്ഥലത്തിന് ഇന്ന് ഒരുപാട് മാറ്റമുണ്ടായിരുന്നു. ചില സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ ആ സിനിമയുടെ ഓര്‍മകള്‍ വരാറുണ്ട്,’ അരുണ്‍ ചെറുകാവില്‍ പറയുന്നു.


Content Highlight: Arun Cherukavil Talks About Friendship With Actors In 4 The People

We use cookies to give you the best possible experience. Learn more