| Friday, 2nd October 2026, 1:19 pm

ആത്മഹത്യയും മാനസികാരോഗ്യവും

അരുൺ എയ്ഞ്ചല

ന്യൂറോഡൈവേര്‍ജന്റ് ആയ, ആത്മഹത്യാ പ്രവണതയുള്ള ഒരാള്‍, ഒരാളുടെ മകന്‍/ മകള്‍ നിങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടോ? അവരെയൊന്നു ചേര്‍ത്ത് പിടിച്ചു നോക്കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു പൊള്ളലേറ്റിട്ടുണ്ടാകും.

നിങ്ങളെ പൊള്ളിക്കുന്നത് അവര്‍ ജീവിക്കുന്ന ജീവിതമാണ്. അപ്പോള്‍ ആ മകള്‍/ മകന്‍ നിങ്ങളാണെങ്കിലോ, ഒന്നാലോചിച്ചു നോക്കൂ, ഇല്ല നിങ്ങള്‍ക്ക് ചിലപ്പോള്‍ ആലോചിക്കാന്‍ പോലുമാകില്ല, അതിനപ്പുറമാണ് കാര്യങ്ങള്‍.

നിങ്ങളുടെ ഭാവനയ്ക്ക് അവിടെ അതിരുകളുണ്ടാവുന്നു. എന്നാല്‍ ഞാന്‍ ആ അതിരുകള്‍ക്കപ്പുറം നിന്ന് സംസാരിക്കുന്നു, കാരണം ആ അമ്മ എന്റെ അമ്മയും, ചേര്‍ത്ത് പിടിക്കുന്നവരെപ്പോലും പൊള്ളിച്ചു കളയുന്ന മകള്‍/മകന്‍ ഞാനുമാകുന്നു. ഈ മാനസിക പ്രശ്‌നങ്ങള്‍ എനിക്ക് താവഴി കിട്ടിയതാണെന്ന് പറയാം (അതെന്താണെന്ന് തിരിച്ചറിവാകുന്നതിന് മുമ്പേ).

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ‘വട്ടാണ്’ എന്ന് പറയുന്ന മനുഷ്യരുള്ള നാടാണ്. ഒരിക്കല്‍ സമൂഹം ഈ ചാപ്പയടിച്ചാല്‍ പിന്നെയത് മരണം വരെയാണ്. നിങ്ങള്‍ ജീവിക്കുന്ന ക്ലാസിനനുസ്സരിച്ചു ഭ്രാന്ത് എന്ന വാക്ക് മാറി, mentally unstable, half frantic, lunatic, mentally challenged, psycho, eccentric, cracked, screw loose എന്നൊക്കെയാകും എന്ന് മാത്രം.

ഈ വിളി കേള്‍ക്കുന്നവള്‍ക്ക്/ അവന് ഒഴികെ മറ്റെല്ലാവര്‍ക്കും ഇതൊരു തമാശയാണ് പലപ്പോളും. ഇത് പറയാന്‍ കാരണമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തു നടക്കുന്ന ആത്മഹത്യകള്‍ പരിശോധിച്ചാല്‍ ഇവരില്‍ 90 ശതമാനവും ആളുകളും ഏതെങ്കിലും മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരായിരുന്നു.

അതിനര്‍ത്ഥം മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരില്‍ 90 ശതമാനം ആളുകള്‍ക്കും ആത്മഹത്യാ പ്രവണത ഉണ്ടെന്നല്ല. ഇത് വ്യക്തമായി, വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

എന്താണ് ആത്മഹത്യയിലേക്ക് ഒരാളെ നയിക്കുന്നത്?

മറ്റൊന്നുമല്ല, മനസ്സിന്റെ അതി കഠിനമായ വേദനയാണ് (psych ache)എന്ന് പ്രമുഖ സൈക്കോളജിസ്റ്റും, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡോളജിയുടെ സ്ഥാപകനുമായ എഡ്വിന്‍ എസ്. ഷ്‌നൈഡ്മാന്‍ പറയുന്നു. എന്തൊക്കെയാണ് ആ psych ache ലേക്ക് നയിക്കുന്ന കാരണങ്ങള്‍?

എഡ്വിന്‍ എസ്. ഷ്‌നൈഡ്മാന്‍

എന്താണ് സത്യത്തില്‍ ആത്മഹത്യ?

ഇങ്ങനെയൊരു ചോദ്യം ആവശ്യമാണോ എന്ന് പലരും കരുതുന്നുണ്ടാവും. ഉണ്ട്, ആത്മഹത്യ ഒരു പൊതുജനാരോഗ്യപ്രശ്‌നമാണ് എന്ന് ഇന്നും പലരും മനസ്സിലാക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഈ ചോദ്യം പ്രസക്തമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി, ഓരോ വര്‍ഷവും ഏകദേശം 7,27,000 ആളുകള്‍ ആത്മഹത്യയിലൂടെ മരിക്കുന്നു; അതായത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍!

ഓരോ ആത്മഹത്യയ്ക്കും പിന്നില്‍ 20ലധികം ആത്മഹത്യാ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏകദേശം 70 ശതമാനവും പുരുഷന്മാരാണ്. ആത്മഹത്യയും മാനസിക പ്രശ്‌നങ്ങളും (പ്രത്യേകിച്ച്, വിഷാദം, മദ്യപാന വൈകല്യങ്ങള്‍) തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിലും പല ആത്മഹത്യകളും പെട്ടെന്ന് സംഭവിക്കാറുണ്ട്.

നഷ്ടം, ഏകാന്തത, വിവേചനം, ബന്ധങ്ങളിലെ തകര്‍ച്ച, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത വേദനയും രോഗവും, അക്രമം, അബ്യുസ്, സംഘര്‍ഷം അല്ലെങ്കില്‍ മറ്റ് മാനുഷിക അടിയന്തരാവസ്ഥകള്‍ എന്നിവ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. ആത്മഹത്യയ്ക്കുള്ള ഏറ്റവും ശക്തമായ അപകട ഘടകം മുമ്പ് നടത്തിയ ആത്മഹത്യാശ്രമമാണ്.

ഇന്ത്യയില്‍, 2016ല്‍ 100,000 ജനസംഖ്യയില്‍ ആത്മഹത്യാ മരണനിരക്ക് 16.5 ആയിരുന്നു, അതേസമയം ആഗോള ശരാശരി 100,000ല്‍ 10.5 ആയിരുന്നു. ഇതില്‍ കൂടുതലും 15-29 വയസ്സ് പ്രായമുള്ളവര്‍, പ്രായമായവര്‍, പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികള്‍ എന്നിവരാണ്.

Photo: Gemini

2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമം ആത്മഹത്യയെ കുറ്റവിമുക്തമാക്കി, അതിന് ശ്രമിക്കുന്നവര്‍ക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കുന്നു എന്ന് പറയുന്നുവെങ്കിലും അത് എത്രത്തോളം രാജ്യത്ത്, ഗ്രൗണ്ടില്‍ സാധ്യമാകുന്നു എന്ന് സംശയമാണ്.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലുകള്‍

  • 15 മുതല്‍ 29 വയസ്സ് വരെയുള്ളവരുടെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്.
  • ആഗോള ആത്മഹത്യകളുടെ എഴുപത്തിമൂന്ന് ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.

ആത്മഹത്യ ഒരു തെരഞ്ഞെടുക്കലാണോ?

ഒരിക്കലുമല്ല. ഒരാള്‍ സ്വയം സന്തോഷത്തോട് കൂടി മരണത്തെ പുല്‍കുകയല്ല ചെയ്യുന്നത്. ആത്മഹത്യ എന്നു നാം വിളിക്കുന്നവയില്‍ പലതും ഇന്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡറുകളാണ്.

Photo: Gemini

എന്തൊക്കെയാണ് ആ Psychacheലേക്കും ആത്മഹത്യയിലേക്കും ഒരാളെ എത്തിക്കുന്ന കാരണങ്ങള്‍?

ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. സാമൂഹിക, സാംസ്‌കാരിക, ജീവശാസ്ത്ര, മാനസിക, പാരിസ്ഥിതിക ഘടകങ്ങള്‍ ആത്മഹത്യക്ക് കാരണമാകുന്നു. ഈ കണക്കുകള്‍ കൂടാതെ, ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. പൊതുജനങ്ങളില്‍ ആത്മഹത്യയ്ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് മുന്‍ ആത്മഹത്യാ ശ്രമം.

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ആത്മഹത്യയും മാനസിക വൈകല്യങ്ങളും (പ്രത്യേകിച്ച് വിഷാദം, മദ്യപാന വൈകല്യങ്ങള്‍) മുന്‍കാല ആത്മഹത്യാ ശ്രമവും തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടിട്ടുണ്ട്.

പക്ഷെ മാനസികരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന എല്ലാവരും ആത്മഹത്യാ പ്രവണത കാണിക്കുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍, ബന്ധ തര്‍ക്കങ്ങള്‍, അല്ലെങ്കില്‍ വിട്ടുമാറാത്ത വേദന, രോഗം തുടങ്ങിയ ജീവിത സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് നഷ്ടപ്പെടുന്ന പ്രതിസന്ധി ഘട്ടങ്ങളിലാണ് പല ആത്മഹത്യകളും സംഭവിക്കുന്നത്.

കൂടാതെ, സംഘര്‍ഷം, ദുരന്തം, അക്രമം, അബ്യൂസ്, ഒറ്റപ്പെടല്‍ എന്നിവ ആത്മഹത്യക്ക് കാരണമാകുന്നു. അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍; തദ്ദേശീയ ജനത; ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍; തടവുകാര്‍ തുടങ്ങിയ വിവേചനം അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലും ആത്മഹത്യാ പ്രവണത കൂടുതലാണ്.

1. മാനസികാരോഗ്യപരമായ കാരണങ്ങള്‍

ദി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് (യു.എസ് ഏജന്‍സി) പ്രസിദ്ധീകരിച്ച ഒരു പഠനത്തിലെ കണക്കുകള്‍ അനുസരിച്ച് ഏതെങ്കിലും മാനസികാരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ 13% ആത്മഹത്യാ പ്രവണത കാണിക്കുന്നു.

ഡിപ്രഷന്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, സൈക്കോട്ടിക് ഡിസോര്‍ഡേഴ്‌സ്, ആല്‍ക്കഹോള്‍ അല്ലെങ്കില്‍ സബ്സ്റ്റന്‍സ് ഉപയോഗം കൊണ്ടുണ്ടാകുന്ന ഡിസോര്‍ഡേഴ്‌സ് ഗുരുതരമായ ഉത്കണ്ഠ, നിരാശ, മുന്‍ ആത്മഹത്യാ ശ്രമം എന്നിവയൊക്കെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം.

2 . ബാല്യകാലത്തെ ട്രോമകള്‍

കുട്ടിക്കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള അബ്യൂസുകള്‍, അവഗണന, ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, ബുള്ളിയിങ്, പ്രശ്‌നങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷം എന്നിവയൊക്കെ ആത്മഹത്യക്ക് കാരണമാണ്.

3 റിലേഷന്‍ഷിപ്പും സാമൂഹിക ഘടകങ്ങളും

ഏകാന്തത, സാമൂഹികമായ ഒറ്റപ്പെടല്‍, റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങള്‍, വിവാഹമോചനം, പങ്കാളിയുടെ ഭാഗത്ത് നിന്നുള്ള അതിക്രമം, റിജെക്ഷന്‍, വിവേചനം എന്നിവയൊക്കെ ആത്മഹത്യയിലേക്ക് നയിക്കാം.

4. സാമ്പത്തികമായ കാരണങ്ങള്‍

തൊഴിലില്ലായ്മ, ജോലിപരമായ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, എന്നിങ്ങനെയുള്ള സാമൂഹിക സാഹചര്യങ്ങളും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.

5. ആരോഗ്യപരമായ കാരണങ്ങള്‍

വിട്ടുമാറാത്ത രോഗങ്ങള്‍, വിട്ടുമാറാത്ത വേദനകള്‍, എന്നിങ്ങനെ അവസ്ഥകളും ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കാറുണ്ട്.

6. സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങള്‍

വിവേചനം, സാമൂഹ്യമായ ഒറ്റപ്പെടല്‍, അഭയാര്‍ത്ഥി പ്രശ്‌നം, ദുരന്തങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങളുടെ അഭാവം, തെറ്റായ മീഡിയ റിപ്പോര്‍ട്ടുകള്‍ എന്നിവയൊക്കെ ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.

ആത്മഹത്യ എങ്ങനെ തടയാം?

കാരണങ്ങള്‍ പോലെ തന്നെ ഒറ്റ ഉത്തരം ഇല്ല എന്നുള്ളതാണ്. പല തലങ്ങളിലുള്ള പ്രവര്‍ത്തനം കൊണ്ടാണ് ആത്മഹത്യയെ പ്രതിരോധിക്കാന്‍ സാധിക്കുക.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരിയായ ചികിത്സ ഉറപ്പാക്കുക, കുടുംബത്തിന്റെ, ചേര്‍ന്ന് ജീവിക്കുന്ന സമൂഹത്തിന്റെ പിന്തുണ, ആത്മഹത്യക്ക് ഉതകുന്ന ഉപകരണങ്ങളുടെ അക്‌സസ്സ് കുറയ്ക്കുക (ഇന്ത്യയില്‍ പ്രതേകിച്ചു കീടനാശിനികളുടെ), ആല്‍ക്കഹോള്‍, മയക്കു മരുന്ന് ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുക.

ആത്മഹത്യാ പ്രവണതയുള്ള വ്യക്തികള്‍ക്ക് ചുറ്റുമായി, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പ്രൊഫഷണല്‍ മെഡിക്കല്‍ ഹെല്‍പ് നല്‍കാനാകുന്നവര്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തി ഒരു സേഫ്റ്റി നെറ്റ് ഉണ്ടാക്കിയെടുക്കുക.

ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കുക, ഇതൊരിക്കലും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഒരാള്‍ ആത്മഹത്യ ചെയ്താല്‍, മിക്കവാറും പലരില്‍ നിന്നും കേള്‍ക്കാറുള്ള ഒരു ഡയലോഗാണ്, അവന്/അവള്‍ക്ക് എന്നോടൊന്ന് തുറന്നു സംസാരിക്കാന്‍ പാടില്ലായിരുന്നോ എന്ന്.

നിങ്ങളെന്താണ് കരുതി വച്ചിരിക്കുന്നത്? ഒരാള്‍, അതും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നേര്‍ത്ത നൂലില്‍ കൂടി നടക്കുന്ന ഒരാള്‍ നിങ്ങളുടെ അടുത്ത് വന്നു അവരുടെ പ്രശ്‌നങ്ങളെല്ലാം പറയുമെന്നാണോ? അങ്ങനെ പറഞ്ഞാല്‍ തന്നെ അത് ജഡ്ജ്‌മെന്റല്‍ ആയിട്ടല്ലാതെ കേള്‍ക്കാന്‍ സാധിക്കുന്ന, എത്ര പേരുണ്ട് നമുക്കിടയില്‍?

ചിലരോടെങ്കിലും തന്റെ വള്‍നറബിലിറ്റീസ് ഒക്കെ വിശ്വസിച്ചു പറഞ്ഞിട്ട് അതൊക്കെ പിന്നീടൊരിക്കല്‍ തനിക്കെതിരെയുള്ള ആയുധങ്ങളായി വരുന്നത് കണ്ടു മരവിച്ചു പോയവരും ഉണ്ടാകും അവരില്‍.

തന്നെ ഒരാള്‍ക്കും മനസ്സിലാവുന്നില്ല എന്ന് അനുഭവം കൊണ്ട് മനസ്സിലാക്കുമ്പോള്‍, ഒടുവിലവര്‍ക്ക് മനുഷ്യനില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, അപ്പോളാണ് അവര്‍ എല്ലാം അവസാനിപ്പിച്ച് മടങ്ങാന്‍ ഒരുങ്ങുന്നത്.

ഇതില്‍ത്തന്നെ ഒരുപാട് റിസ്‌ക് ഫാക്ടറുകള്‍ ഫേസ് ചെയ്തു വന്നവരുണ്ടാവും, എല്ലാവരും ഇപ്പോള്‍ നാര്‍സിസിസ്റ്റിക് അബ്യുസിനെയൊക്കെപ്പറ്റി പറയുന്നുണ്ട്.

പക്ഷെ പാര്‍ട്ണര്‍, ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍(BPD), ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (ASPD), പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (PPD), ബൈപോളാര്‍ തുടങ്ങിയ മറ്റു പല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കിലും മറുഭാഗത്തു നില്‍ക്കുന്നയാളുടെ മാനസികാരോഗ്യം ഗുരുതരമായി ബാധിക്കപ്പെടുന്ന രീതിയിലുള്ള അബ്യൂസ് ഉണ്ടാവുകയും ഇരയാക്കപ്പെട്ടവര്‍ പലപ്പോളും ചികിത്സ എടുക്കേണ്ടതായി വരികയും ചെയ്യുന്ന അവസ്ഥയുണ്ട്.

ഫങ്ഷണല്‍ ഡിപ്രഷന്‍, സ്‌മൈലിങ് ഡിപ്രഷന്‍ എന്നൊക്കെ പറയുന്ന അവസ്ഥകളുണ്ട്. അവര്‍ ജോലി ചെയ്യുന്നു, മറ്റു ദൈനം ദിന കാര്യങ്ങള്‍ ചെയ്യുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ അവരുടെ ഉള്ളിലെ വിഷാദത്തിനു മുകളില്‍ ഒരു മാസ്‌ക് എടുത്തണിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.

നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാകുന്ന ഒരുദാഹരണം പറയാം. സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമിയുടെ ചിരിച്ച മുഖത്തിനാണ് നമ്മള്‍ Smiling Depression എന്ന് പറയുക.

സമ്മര്‍ ഇന്‍ ബെത്‌ലഹേം സിനിമയിൽ നിന്നും

സ്‌നേഹം ശ്വസിച്ചു ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ മോണോഗമസ് (ഒരാളെ മാത്രം പങ്കാളി ആയി സ്വീകരിക്കാന്‍ ആകുന്ന അവസ്ഥ) കൂടി ആണെങ്കില്‍ കൂടുതല്‍ അപകടമാണ്. ഒരിക്കലൊരാളില്‍ കുരുങ്ങിപ്പോയലുണ്ടല്ലോ, ഒരാളുടെ സ്‌നേഹത്തിന് വേണ്ടി അവര്‍ ഈ ലോകത്തെ മുഴുവന്‍ ചിലപ്പോ തള്ളിപ്പറയും.

സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമിയെന്ന കഥാപാത്രം ഡെന്നിസിനോട് പറയുന്നൊരു കാര്യമുണ്ട്. എല്ലാവരും എന്നെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹമെല്ലാം വാങ്ങിയിട്ട് ഞാനത് ഒരാള്‍ക്ക് മാത്രം, നിരഞ്ജന് മാത്രം കൊടുക്കുന്നു എന്നാണെന്നു തോന്നുന്നു.

അഭിരാമി ഒരു പക്ഷെ മോണോഗമസ് അല്ലെങ്കില്‍ പോലും, പക്ഷെ നിരഞ്ജന്റെ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന അഭിരാമിയുടെ പരിണാമം അന്നേ ദഹിച്ചിരുന്നില്ല, ഇപ്പോളും. അത് സിനിമയാണ്, യാഥാര്‍ഥ്യം മറ്റൊന്നും.

മോണോഗമസ് എന്നത് ഒരാളില്‍ തന്നെ പിരിച്ചെടുക്കാനാവാത്ത വിധം കുരുങ്ങിപ്പോകുന്ന അവസ്ഥയാണ്. Some are cursed to be monogamous എന്ന് പറയാമെന്നു തോന്നുന്നു. നല്ല റിജക്ഷന്‍ കിട്ടിക്കഴിയുമ്പോള്‍, ഇഴ പിരിച്ചെടുക്കാനാവാത്ത ഇടത്തു നിന്ന് എങ്ങനെയെങ്കിലുമൊക്കെ നമ്മളെ മുറിച്ചാണ് നമ്മള്‍ എടുത്തു കൊണ്ട് പോരുക.

അപ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങളെടുക്കും. ഉണങ്ങിയെന്നു കരുതിയ ചില മുറിവുകളില്‍ നിന്ന് നിനച്ചിരിക്കാത്ത നേരത്ത് ചോര പൊടിയും. പുറമെ നമ്മള്‍ ചിരിയുടെ മാസ്‌ക് എടുത്തു വെച്ചിട്ടുണ്ടാകും.

ഇനി ഡിസ്ഫങ്ഷണല്‍ ഡിപ്രഷന്‍ എന്നൊന്ന് കൂടിയുണ്ട്. മേല്‍പറഞ്ഞതിന്റെ നേരെ വിപരീതമായ ഒരവസ്ഥയാണ്. ഈയൊരവസ്ഥയില്‍ ദൈനം ദിന കാര്യങ്ങള്‍ പോലും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയാതെയാകുന്നു.

ജോലിയെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കാന്‍ തുടങ്ങുന്നു. സാധാരണ ചുറ്റും നില്‍ക്കുന്ന ഭൂരിഭാഗം മനുഷ്യര്‍ക്കും മനസ്സിലാവില്ല. പണിയെടുക്കാന്‍ മടിയായത് കൊണ്ടാണ് നീ ഡിപ്രഷനെന്നും പറഞ്ഞിരിക്കുന്നതെന്നു കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുമെന്നു പണ്ടാരോ കള്ളം പറഞ്ഞ ഇടങ്ങളില്‍ നിന്ന് കുറ്റപ്പെടുത്തലുകള്‍ ഉയരും.

പലപ്പോളും ഫങ്ഷണല്‍ ഡിപ്രെഷനിലൂടെ ദീര്‍ഘകാലം കടന്നു പോയ വ്യക്തി ഡിസ്ഫങ്ഷണല്‍ ഡിപ്രെഷനില്‍ എത്തിച്ചേരാറുണ്ട്.

(ഇവ രണ്ടും DSM-5 ലോ, ICD-11 ലോ പറയുന്ന അവസ്ഥകളല്ല.)

ഡിസ്ഫങ്ഷണല്‍ ഡിപ്രെഷനില്‍ ഓരോ ദിവസവും ജീവനോടെയിരിക്കാന്‍ പോലും നമ്മള്‍ ചിന്തകളോട് യുദ്ധം ചെയ്യും. കൈയ്യോ കാലോ ഒടിഞ്ഞാല്‍ ആരും എണീറ്റ് ഓടാന്‍ പറയില്ല.

കുറച്ചു വര്‍ഷം മുന്‍പൊരു ആക്‌സിഡന്റില്‍ വലതു കൈ നുറുങ്ങിപ്പോയിട്ട് സര്‍ജറിയും കഴിഞ്ഞു വീട്ടില്‍ വന്നിരുന്നപ്പോള്‍ ആരും എന്നോട് എണീറ്റ് ഓടാന്‍ പറഞ്ഞില്ല. പക്ഷെ മാനസിക പ്രശ്‌നങ്ങളുടെ കാര്യം അങ്ങിനെയല്ല. ചുറ്റും നില്‍ക്കുന്നവര്‍ പോലും അതിനെ അലസതയായും എസ്‌കേപ്പിസമായും ടാഗ് ചെയ്യും.

പ്രായത്തില്‍ മൂത്തവര്‍ നമ്മളെ വിചാരണ ചെയ്യും. ഹിഗ്വറ്റയിലെ ഗീവര്‍ഗീസച്ചെന്റെ ഗോളിയെപ്പോലെ നമ്മള്‍ ഏകനായി ചാട്ടുളി പോലെ വരുന്ന വാക്കുകള്‍ കൊണ്ടുള്ള ഷോട്ടുകള്‍ പ്രതീക്ഷിച്ചു നില്‍ക്കും. പക്ഷെ കഥയിലെപ്പോലെയല്ല, തടുക്കുമ്പോള്‍ ആ ഷോട്ടുകള്‍ ശരീരത്തിലും മനസ്സിലുമായി തറഞ്ഞു കയറും. വലിച്ചൂരാന്‍ നോക്കുമ്പോള്‍ ചാട്ടുളി കണക്കെ തറഞ്ഞു കയറിയ വാക്കുകള്‍ വീണ്ടും വീണ്ടും മനസിലേക്ക് തുളച്ചിറങ്ങും.

നിങ്ങളിലെ ഹിഗ്വിറ്റ ചോര വാര്‍ന്നു നിലത്തു വീഴും. At the end of the day, നമ്മളൊറ്റയ്ക്കാണ് എന്ന് നമ്മള്‍ തിരിച്ചറിയും. ഒടുവില്‍ അവനവനോട് യുദ്ധം ചെയ്തു നമ്മള്‍ തളര്‍ന്നു വീഴും. സൈക്കോളജിസ്റ്റിന്റെ മുറിയില്‍ മാത്രം അയാള്‍ മുന്‍വിധികളില്ലാതെ കേള്‍ക്കപ്പെടും.

അവിടെ അനുവദിക്കപ്പെട്ട സമയം വളരെ കുറവാണ്. അവളൊരു/അവനൊരു സൈക്കോയാണെന്നു വേണ്ടപ്പെട്ടവര്‍ പോലും അടക്കം പറയും. നമ്മുടെ പവനായി പറയുന്ന പോലെ മരിക്കാന്‍ ഏത് മാര്‍ഗ്ഗം വേണമെന്ന് അവള്‍ രാവും പകലും ചിന്തിക്കും, ഒടുവില്‍ മരിച്ചു കഴിയുമ്പോള്‍ ഉറ്റവരെന്നു കരുതിയവര്‍ക്ക് മുന്നില്‍ വികൃതമാകാത്ത മുഖം കാണിക്കണമല്ലോ എന്ന് പോലും നമ്മളാലോചിക്കും.

മരണത്തില്‍ പോലും മറ്റുള്ളവര്‍ക്ക് വേണ്ടി തീരുമാനമെടുക്കേണ്ടി വരുന്നതില്‍ മനസ്സ് മടുക്കും. എപ്പോളോ മെഡിസിന്റെ സെഡേഷനില്‍ ഉറങ്ങിപ്പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മരിക്കാന്‍ കഴിയാത്തത്തില്‍ സങ്കടം വരും, അത് അവനവനോടുള്ള ദേഷ്യത്തിനു വഴി മാറും. ഇതൊരു ലൂപ്പാണ്. മരണത്തോളം സത്യമായ വേറെ rejection ഇല്ലല്ലോ.

ഇവിടെ ആദ്യം ഒരു സുഹൃത്തിന് ചെയ്യാവുന്നത് ജഡ്ജ് ചെയ്യാതെ, വാദപ്രതിവാദങ്ങള്‍ക്കൊന്നും പോകാതെ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക, അവര്‍ ഓപ്പണ്‍ ആവുകയാണെങ്കില്‍ നല്ല ലിസനര്‍ ആവുക എന്നതാണ്.

Photo: Gemini

പിന്നീട് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം അവരെ ഒരു പ്രൊഫഷണല്‍ സഹായം തേടുന്നതിന് സഹായിക്കുക എന്നതാണ്. ഒരു സുഹൃത്ത് കേട്ടാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. കൃത്യമായുള്ള തെറാപ്പിയിലൂടെയും, ചില കേസുകളില്‍ മരുന്നിന്റെയും കൂടി സഹായത്തോടെ വിഷാദത്തെയും മാനസിക പ്രശ്‌നങ്ങളെയും മറികടക്കാനും, നേരിടാനും ജീവിതത്തിലേക്ക് ആളുകളെ തിരികെയെത്തിക്കാനും നമുക്ക് കഴിയും.

ഏകദേശം രണ്ടു വര്‍ഷം മുന്‍പ് മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു ഞാന്‍. ഫാമിലി, കുടുംബം എന്നത് കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ട്.

Neurodivergent ആയിട്ടുള്ള ഒരാളെങ്കിലും ഉണ്ടോ കുടുംബത്തില്‍? അത് തലമുറ വഴി പകര്‍ന്നു കിട്ടിയ ഒരാളാണോ നിങ്ങള്‍? എങ്കില്‍ അവിടം അത്ര ഇമ്പമുള്ള ഒന്നായിരിക്കില്ല. പലര്‍ക്കും വീടൊരു അഭയമായിരിക്കും, പക്ഷെ ഇങ്ങനെയൊരു അവസ്ഥയില്‍ നമുക്കതൊരു തടവറായായിത്തീരും.

ചെന്ന് വീട്ടില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ മുരളിയിലെ കഥാപാത്രം പറയുന്ന പോലെ തീ പിടിച്ചേ ഓടി വരണേ എന്ന് പറയാന്‍ തോന്നും. ഇറങ്ങി ഓടാന്‍ തോന്നും, പക്ഷെ ഓടാനാവില്ല, മനസ്സ് ലൂപ്പില്‍ പെട്ട പോലെ അവിടെ കിടന്നു കറങ്ങും.

അങ്ങനെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ മുനമ്പില്‍ പോയി നില്‍ക്കുമ്പോള്‍ ജീവതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന രണ്ട് പേര്‍ വന്നു പറയുന്നു, Do It, അത്രയും ചിലവ് കുറയമല്ലോ എന്ന് (ഗീതു മോഹന്‍ദാസിന്റെ just say it പാറു ടോണില്‍ വായിക്കണം). ലോകം മുഴവന്‍ തനിക്കെതിരെ വന്നാലും തനിക്കായി കവചം തീര്‍ക്കുമെന്ന് കരുതിയിരുന്നവരാണ്.

വീണുപോയി അക്ഷരാര്‍ത്ഥത്തില്‍. Backstab തന്നെയായിരുന്നു എനിക്കത്. സ്‌നേഹമെന്ന് കരുതിയത് ട്രോമ ബോണ്ട് ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍. (പ്രണയത്തില്‍ മാത്രമല്ല, സൗഹൃദത്തിലും സാഹോദര്യത്തിലും ട്രോമ ബോണ്ട് ഉണ്ടാകാം കേട്ടോ) ഉള്ളിലൂടെ ഒരായിരം വാള്‍ കടന്നു പോകുന്ന വേദന അനുഭവിച്ച ദിവസങ്ങള്‍.

അദൃശ്യമായാരോ കാവല്‍ നില്‍ക്കാന്‍ ഇല്ലെങ്കില്‍ മരണത്തിലേക്ക് വീണ് പോകുമായിരുന്ന എന്നെ വീഴാതെ wounded healer താങ്ങി നിര്‍ത്തിയിട്ടുണ്ടാവണം. പിന്നീടയാള്‍ പറഞ്ഞു വിട്ടതെന്ന പോലെ കടന്നു വന്ന, എന്നില്‍ നിന്നും ഇടവേളയെടുത്തു പോയിരുന്ന ചില മനുഷ്യര്‍.

ഏതോ കാലത്ത് പഠിച്ച സൈക്കോളജി ആയിരിക്കണം പ്രൊഫഷണല്‍ ഹെല്‍പ് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചത്. That was decisive. അവന്റെ ജീവന്റെ വിലയുണ്ടായിരുന്നു ആ തീരുമാനത്തിന്.

ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ അടുത്ത്, പിന്നീട്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി പ്രൊഫസറുടെ അടുത്ത്. പിന്നീട് കൊച്ചിയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തില്‍. ഏറ്റവുമൊടുവില്‍ കൊച്ചിയിലെ തന്നെ Ideal Mind Care എന്ന സ്ഥാപനത്തില്‍.

ഉയര്‍ന്നു നിന്ന കെട്ടിടങ്ങള്‍ മഠത്തെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഉള്ളില്‍ wounded healer-ന്റെ മുദ്ര പതിഞ്ഞ, റാഫേല്‍ മാലാഖയുടെ (Archangel of healing ആണ്) അനുഗ്രഹം കിട്ടിയിട്ടുള്ള ഒരു തെറാപ്പിസ്റ്റ്, അല്‍ക. Right person at the right time ആയിരുന്നു അവനത്.

ADHD-യും ഡിപ്രഷനും, മോഹന്‍ലാല്‍ ശ്രീനിവാസന്‍ പോലെ മാരക കോംബോയാണ്. ഒരിക്കല്‍ അറ്റംപ്റ്റ് വരെയെത്തിയ ആത്മഹത്യാ പ്രവണത. ആഴ്ചതോറുമുള്ള തെറാപ്പി സെഷനുകള്‍. ആത്മഹത്യയിലേക്ക് പതിയെ നടന്നു നീങ്ങിക്കൊണ്ടിരുന്ന അവന്‍ പതിയെ തിരികെ ജീവിതത്തിലേക്ക് നടന്നു തുടങ്ങി; with the help of therapy and medicine and a few stood with me when I was at my lowest.

കൃത്യമായ പ്രൊഫഷണല്‍ സഹായവും, കൂടെ നില്‍ക്കാന്‍ വളരെ ചുരുക്കം പേരുടെയെങ്കിലും ഒരു സേഫ്റ്റി നെറ്റും ഉണ്ടെങ്കില്‍ തീര്‍ച്ചയായും കര കയറിപ്പോരാവുന്ന ഒന്ന് തന്നെയാണ് ആത്മഹത്യ.

ഒരു തിയറിറ്റിക്കല്‍ കണ്‍ക്ലൂഷന്‍ മാത്രമല്ല, എന്റെ അനുഭവമാണ് മുകളില്‍ പറഞ്ഞത്. സെപ്റ്റംബര്‍ മാസം സൂയിസൈഡ് പ്രീവെന്‍ഷന്‍ മാസം ആയിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു നോക്കിയാല്‍ ഈ മാസവും ശരാശരി 60,600 ആത്മഹത്യകള്‍ നടന്നിട്ടുണ്ടാവണം.

കേള്‍ക്കുക, എന്നത് തന്നെയാണ് ഫസ്റ്റ് എയ്ഡ്. ചില സമയത്ത്, ഒരു ഹഗ്ഗിന് പോലും ഒരാളുടെ ജീവന്റെ വിലയുണ്ട്. ആദ്യം ചെയ്യേണ്ടത് വള്‍നറബിളായ മനുഷ്യരെ ചേര്‍ത്തങ്ങു പിടിക്കുക എന്നതാണ്. അത് ചെയ്യുക വഴി നിങ്ങളൊരു പക്ഷെ തടയുന്നതു ഒരു ആത്മഹത്യ തന്നെയാവും.

Content Highlight: Arun Angela writes about suicide and mental health.

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more