| Thursday, 23rd April 2026, 9:32 pm

നന്ദഗോവിന്ദം ഭജന്‍സും പള്ളിമുറ്റത്ത് തെളിയുന്ന ദേശവിളക്കുകളും ആരെയാണ് അസ്വസ്ഥരാക്കുന്നത്?

അരുൺ എയ്ഞ്ചല

നന്ദഗോവിന്ദം ഭജന്‍സും പള്ളിമുറ്റത്ത് തെളിയുന്ന ദേശവിളക്കുകളും ആരെയാണ് അസ്വസ്ഥരാക്കുന്നത്?

എന്തായാലും അത് അസ്വസ്ഥരാക്കുന്നത് ഇന്നാട്ടുകാരെയല്ല എന്ന് ഇവിടെ ജനിച്ചു വളര്‍ന്ന എനിക്ക് മാത്രമല്ല, ഏതൊരു കോട്ടയംകാരനും ഉറപ്പിച്ച് പറയാന്‍ കഴിയും. അമ്പലത്തിലെ ദേശവിളക്കിന് വിളക്കുകള്‍ കൊളുത്തി പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന മനുഷ്യരുള്ള ഇടമാണ്.

അതറിയാവുന്ന, മനുഷ്യനായതു കൊണ്ടാണ് നവീന്‍ മോഹന്‍ അത്രയുറപ്പില്‍ ‘ഈ പരദേവനഹോ’ പാടിയത്. അതുകൊണ്ട് തന്നെ അന്യദേശത്തുനിന്നൊരാള്‍ വേണ്ടി വന്നു ആദ്യം വിഷം ചീറ്റുവാന്‍.

നന്ദഗോവിന്ദം ഭജന്‍സ്

എന്തായിരുന്നു തുടക്കം ?

ഇക്കഴിഞ്ഞ ദിവസം കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് പ്രോഗ്രാം അവതരിപ്പിക്കുന്നു. മതേതരത്വത്തെക്കുറച്ച് പറയുന്നു. വേര്‍തിരിവില്ലാത്ത കാലത്ത് ജീവിച്ചിട്ടുള്ള മനുഷ്യന്‍മാരാണ് തങ്ങളെന്ന് പറയുന്നു.

പരിപാടിയില്‍ തങ്ങള്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ ഗ്രൗണ്ട് വിട്ടുതരാന്‍ തയ്യാറായ ഹോളി ഫാമിലി ചര്‍ച്ചിനെക്കുറിച്ച് പറയുന്നു. അവര്‍ക്ക് വേണ്ടി ഒരു ഗാനം അവതരിപ്പിക്കട്ടേ എന്ന ചോദ്യം നിറഞ്ഞ കൈയ്യടികളോടെ സദസ്സ് സ്വീകരിക്കുന്നു.

തുടര്‍ന്ന് അവര്‍ ‘ ഈ പരദേവനഹോ നമുക്കു’ എന്ന ഗാനം ആലപിക്കുന്നു. അന്നാട്ടിലെ മനുഷ്യര്‍ നല്ല മനസ്സോടെ അത് സ്വീകരിക്കുന്നു.

പിന്നാലെ ‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; എന്നൊരു വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തുന്നു.

കെ.പി. ശശികല

എന്താണ് ഹിന്ദു ഐക്യവേദി?

കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെയെന്ന ആശയവുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനടുത്തായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി എന്ന് അവര്‍ തന്നെ സ്വന്തം വെബ്‌സൈറ്റില്‍ പറയുന്നു. അപ്പോള്‍ ഹിന്ദു ഐക്യവേദി എന്ന ഹിന്ദുത്വര്‍ വിഭാവനം ചെയ്യുന്ന കേരളം ഹിന്ദുക്കളുടെ കേരളമാണ്.

ഹിന്ദുത്വരുടെ പ്രമാണ ഗ്രന്ധങ്ങളില്‍ ഒന്നായ വിചാരധാര പറയുന്നതനുസരിച്ച് മറ്റ് മതസ്ഥരായ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ആന്തരിക ശത്രുക്കളുമാണ്. അപ്പോള്‍ അവരുമായി ചങ്ങാത്തം ഉണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ നീക്കേണ്ടത് ഹിന്ദു ഐക്യവേദി എന്ന പരിവാര്‍ സംഘടനയുടെ ലക്ഷ്യം തന്നെയാണ്. അതവര്‍ വൃത്തിക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.

നട്ടാശ്ശേരിയിലുള്ളത് ശ്രീ മഹാവിഷ്ണു ക്ഷേത്രമാണ്. മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടം എന്നു പറഞ്ഞതായി ഐതിഹ്യം പറയുന്ന ഗുരുവായൂരപ്പനായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ.

ഭഗവദ്ഗീത 9.23 ഇങ്ങനെ പറയുന്നു,

യേ ‘പൈ അന്യ-ദേവതാ-ഭക്ത
യജന്തേ ശ്രദ്ധയാന്‍വിതാഃ
തേ ‘പി മാം ഏവ കൌന്തേയ

കുന്തീപുത്രാ, മറ്റ് ദേവതകളുടെ ഭക്തരും വിശ്വാസത്തോടെ അവരെ ആരാധിക്കുന്നവരും യഥാര്‍ത്ഥത്തില്‍ എന്നെ മാത്രമേ ആരാധിക്കുന്നുള്ളൂ, പക്ഷേ അവര്‍ അത് യഥാവിധിയല്ല ചെയ്യുന്നത്.

പക്ഷെ പോത്തിനെന്ത് ഏത്തവാഴ എന്ന് പറഞ്ഞത് പോലെ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും കെ.പി. ശശികലയേയോ ഹിന്ദു ഐക്യവേദിയേയോ സംഘപരിവാറിനേയോ ബാധിക്കുന്നില്ല, കാരണം, ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത്.

ആരാണ് നന്ദഗോവിന്ദം ഭജന്‍സ്?

2000ല്‍ കേരളത്തിലെ കോട്ടയത്ത് രാജേന്ദ്ര പണിക്കര്‍ സ്ഥാപിച്ച ഒരു ചെറിയ ഭജന്‍ ഗ്രൂപ്പായാണ് നന്ദഗോവിന്ദം ഭജന്‍സിന്റെ തുടക്കം. 2018ല്‍ സോഷ്യല്‍ മീഡിയയിലെ അരങ്ങേറ്റത്തോടെ, നന്ദഗോവിന്ദം ഭജന്‍സ് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ബാന്‍ഡ് ആയി മാറി.

നന്ദഗോവിന്ദം ഭജന്‍സ്

‘ഭജനകളിലൂടെ സമാധാനം പ്രചരിപ്പിക്കല്‍’ എന്ന മുദ്രാവാക്യവുമായി നന്ദഗോവിന്ദം നിലവില്‍ ഇന്ത്യയില്‍ സജീവമാണ്. ഭക്തിഗാനത്തിന്റെ ശക്തിയിലൂടെ ഹൃദയങ്ങളെ ഒന്നിപ്പിച്ചുകൊണ്ട്, അതിന്റെ വ്യാപ്തി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നും പറയുന്ന ഇവരെ, ഇതറിയാതെ (അല്ലെങ്കിലും എഴുത്തും വായനയും ഇല്ല ഹിന്ദു ഐക്യവേദിയില്‍ പലര്‍ക്കും) ഇവരുടെ പാട്ടുകളെ ഹിന്ദു ഐക്യത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് ഹിന്ദുത്വര്‍ വൃഥാ സ്വപ്നം കണ്ടിരിക്കാം. അത് തകര്‍ന്നതിലുള്ള ദുഖമായിരിക്കണം ഇവരെക്കൊണ്ട് നന്ദ കുന്തിരിക്കം ഭജന്‍സ് എന്നൊക്കെ പറയിപ്പിച്ചത്.

കൃത്യം ഒരു വര്‍ഷം മുന്‍പ് കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ശ്രീദുര്‍ഗാ ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ കാണികളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ഇസ്രഈലില്‍ നാഥനായി വാഴുമേക ദൈവം എന്ന ഗാനം മാര്‍ക്കോസ് പാടിയിരുന്നു.

കെ.ജി. മാർകോസ്

തെല്ലൊന്ന് മടിച്ചിട്ടാണ് അദ്ദേഹമന്നത് പാടിയത്. മനുഷ്യന് വിഷജീവികളെ പേടിയുണ്ടാകുമല്ലോ. അന്ന് കേരളമാകെ അതേറ്റെടുത്തിരുന്നു. അതുണ്ടാവാതിരിക്കാനാവണം ഇന്ന് ശശികല നേരിട്ട് വിഷം തുപ്പിയത്.

ആ ക്ഷേത്രത്തിനു തൊട്ടടുത്ത്, ഹോളി ഫാമിലി ചര്‍ച്ച് എന്നൊരു പള്ളിയുണ്ട്. തിരുകുടുംബം എന്നാണ് മലയാള പദം. അമ്പലത്തിലെ ദേശവിളക്കിന് വിളക്കുകള്‍ കൊളുത്തി പങ്കെടുക്കുന്ന പള്ളിയാണ്.

സ്വന്തം കുടുംബത്തിന്റെ ചുമരുകള്‍ ലോകത്തോളം വലുതാക്കിയ ഒരു മനുഷ്യപുത്രന്റെ ഇടമാണത്. അത് കൊണ്ട് തന്നെയാവണം അയാള്‍ കഴുവിലേറ്റപ്പെടുകയും ചെയ്തു.

ഇന്ന് ഇവിടെ സംഘപരിവാര്‍ എന്ന പോലെ അന്നവിടെയുണ്ടായിരുന്നതു പരീശന്മാരും അവരുടെ പുരോഹിതസംഘങ്ങളും. എന്നും മനുഷ്യനും മനുഷ്യപുത്രന്മാര്‍ക്കും എതിരെ അവരുണ്ടായിരുന്നു. പല പേരുകളില്‍. അണലി സന്തതികളെ എന്ന് മനുഷ്യപുത്രനാല്‍ വിളിക്കപ്പെട്ടവര്‍. ആ മനുഷ്യരൊരുക്കിത്തന്ന സൗകര്യങ്ങള്‍ക്ക് പകരമായി നന്ദി പറഞ്ഞതിനൊപ്പം അവര്‍ക്കായി പാടിയ പാട്ടാണ് ഹിന്ദു ഐക്യവേദി വിവാദമാക്കിയത്. സംഘപരിവാര്‍ എന്നൊരു കുടയുടെ കീഴിലെ വിഷം ചീറ്റുന്ന സംഘടനകളിലൊന്നിന്റെ നേതാവാണ് കെ. പി. ശശികല.

പരിവാര്‍ എന്നാല്‍ കുടുംബം എന്ന് അര്‍ത്ഥം. വസുധൈവകുടുംബകം എന്നൊരു സങ്കല്‍പമുണ്ട് ഭാരതീയ പാരമ്പര്യത്തില്‍. ഭൂമിയെ ഒരു കുടുംബമായി കാണുന്ന വിശാലമായ സങ്കല്‍പം. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്ന, കുഞ്ഞുങ്ങളെ പെറ്റുപോറ്റി വളര്‍ത്തുന്ന ഒരു സംവിധാനത്തിന്റെ എക്‌സറ്റന്‍ഷന്‍ പോലെയൊന്ന്.

എന്നാല്‍ സംഘപരിവാര്‍, ആ കുടുംബം എന്ന, പരിവാര്‍ എന്ന വാക്കിനെ പോലും തല കീഴായി പിടിക്കുന്നു. ഗുജറാത്ത് കലാപത്തില്‍, ഗര്‍ഭിണിയുടെ നിറവയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു ശൂലത്തില്‍ കോര്‍ക്കുന്നു.

ഗുജറാത്ത് കലാപത്തില്‍ നിന്നും

ആ അമ്മയെ നമ്മള്‍ കൗസര്‍ ബാനുവെന്നു വിളിക്കുന്നു. ചെയ്തതാവട്ടെ പേരില്‍ പരിവാറുള്ള മനുഷ്യവേഷധാരികളായ ജന്തുക്കളും. പിറക്കാത്ത കുഞ്ഞിനെ നമ്മളെന്ത് വിളിക്കും? അറിയില്ല.

നമുക്ക് സൗകര്യമൊരുക്കിത്തന്നവര്‍ക്കായി നമുക്കൊരു പാട്ട് പാടാമെന്നു പറഞ്ഞപ്പോള്‍ കൈയ്യടിച്ച് കൂടെ നിന്നവരാണ് ഇവിടുത്തെ ഹിന്ദുക്കള്‍.

സംഘപരിവാറിന് ഇവിടുത്തെ ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആരും എഴുതി കൊടുത്തിട്ടില്ല. ആ പാട്ടില്‍ തങ്ങളൊരു തെറ്റും കാണുന്നില്ലെന്നു പറഞ്ഞ ക്ഷേത്ര അധികാരികള്‍ അണയാത്ത പ്രതീക്ഷയായി നില്‍ക്കുന്നു.

സ്വാമി അയ്യപ്പന്‍ ഒരു ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഹരിവരാസനം കേട്ടുറങ്ങുന്ന, നിരീശ്വരവാദിയായ വയലാര്‍ എഴുതിയ

‘പുണ്യ പാപച്ചുമടുകളാംഇരുമുടിക്കെട്ടുമേന്തി

പൊന്നമ്പല നട ചവിട്ടാന്‍ വരുന്നു ഞങ്ങള്‍”

എന്ന പാട്ടും പാടി സ്വാമിമാര്‍ മലയ്ക്ക് പോകുന്ന നാട്ടില്‍, നമ്മള്‍ ജാഗ്രത കാട്ടേണ്ടതുണ്ട്, കെ.പി. ശശികലയുടെ രൂപകം കടമെടുത്താല്‍ പാല്‍പ്പായസത്തില്‍ വിഷം തീണ്ടാതെ നോക്കേണ്ടതുണ്ട് നമ്മള്‍.

ഒരിറ്റ് പാമ്പിന്‍ വിഷം പാല്‍പ്പായസത്തില്‍ കലര്‍ന്നാല്‍ മതി അത് മനുഷ്യരുടെ ജീവനെടുക്കും. അത് വീഴാതെ സൂക്ഷിക്കുന്ന എല്ലാ മലയാളികളോടും സ്‌നേഹം.

Content Highlight: Arun Angela writes about Nandagovindam Bhajans and Hindu Aikya Vedi

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more