| Wednesday, 10th December 2025, 9:19 pm

ഒരിക്കല്‍ മണിരത്നം സാറിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു; അവിടുന്ന് 'ഏസ്തറ്റിക് കുഞ്ഞമ്മ' വളര്‍ന്നു: അരുണ്‍ അജികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോസ്റ്റര്‍ ഡിസൈനിങ്ങിനെ കുറിച്ചും തന്റെ കമ്പനിയായ ഏസ്തറ്റിക് കുഞ്ഞമ്മയെ കുറിച്ചും സംസാരിക്കുകയാണ് അരുണ്‍ അജികുമാര്‍. ‘വെയില്‍’ എന്ന സിനിമയുടെ പോസ്റ്ററാണ് ആദ്യം ചെയ്ത് തുടങ്ങിയതെന്ന് അരുണ്‍ പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണ്‍ അജികുമാര്‍ Photo: Arun ajikumar/ Fb.com

ഷോര്‍ട് ഫിലിമുകളുടെയും മ്യൂസിക് വീഡിയോകളുടെയും പോസ്റ്ററുകള്‍ ചെയ്തുവെന്നും ചെറിയ പ്രതിഫലം കിട്ടിത്തുടങ്ങിയെന്നും പതിയെ സിനിമ തേടി വരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെയിലിന് ശേഷം ഖാലിദ് റഹ്‌മാന്റെ ‘ലവ്’ എന്ന സിനിമയാണ് പോസ്റ്റര്‍ ഡിസൈന് ചെയ്തതെന്നും പിന്നീട് തമിഴില്‍ നിന്ന് രണ്ട് ഷോര്‍ട് ഫിലിമുകളുടെ ഭാഗമായെന്നും അരുണ്‍ പറഞ്ഞു.

‘അങ്ങനെയിരിക്കുമ്പോള്‍ മണിരത്‌നം സാറിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു. ഒരു ആന്തോളജിക്ക് ടൈറ്റില്‍ ചെയ്യാനാണ്. ആകെ വണ്ടറടിച്ചു പോയി. ആരോ പറ്റിക്കുകയാണെന്നാണ് കരുതിയത്. പക്ഷേ, മദ്രാസ് ടാക്കീസില്‍ നിന്ന് എഗ്രിമെന്റ് വന്നു. ഒരു ദിവസം കൊണ്ട് ടൈറ്റില്‍ ചെയ്യണം. ഞങ്ങളുടെ ടീം പലയിടത്താണ്. തമ്മില്‍ കണ്ടിട്ടുപോലുമില്ല.

പക്ഷേ, ചലഞ്ച് ഏറ്റെടുത്തു. ഒറ്റ ദിവസം കൊണ്ട് ടൈറ്റില്‍ ചെയ്തുകൊടുത്തു. പിന്നെ ‘പൊന്നിയില്‍ സെല്‍വ’ത്തിന്റെ ഫ്‌ളാഗ്‌സ് ഡിസൈന്‍ ചെയ്യാനുള്ള അവസരം വന്നു. ഓരോന്ന് ചെയ്യുമ്പോഴും ഓരോന്ന് പഠിക്കും. യൂട്യൂബ് ആയിരുന്നു പാഠശാല,’ അരുണ്‍ പറയുന്നു.

ഏസ്‌തെറ്റിക് കുഞ്ഞമ്മ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുന്നത് 2021 ലാണെന്നും അച്ഛമ്മയുടെ വീടിന്റെ മുകളില്‍ ഒരു ചെറിയ മുറിയില്‍ ഒന്നു രണ്ട് കസേരകളും മേശയും കമ്പ്യൂട്ടറും ഒക്കെയായി ചെറിയൊരിടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവിടുന്ന് ‘ഏസ്തറ്റിക് കുഞ്ഞമ്മ’ വളര്‍ന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

ഡീയസ് ഈറെയാണ് അരുണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രമായാണ് അരുണ്‍ എത്തിയിരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിങ് കൈകാര്യം ചെയ്തതും അരുണ്‍ തന്നെയായിരുന്നു.

Content Highlight: Arun Ajikumar talks about poster designing and his company, Aesthetic Kunjamma

We use cookies to give you the best possible experience. Learn more