| Friday, 5th December 2025, 9:06 am

എന്റെ മുഖം പോസ്റ്ററില്‍ ആദ്യമായി വന്നത് ആ സിനിമയില്‍; ചാന്‍സ് ചോദിക്കുന്നതില്‍ ഇപ്പോഴും മുടക്കം വന്നിട്ടില്ല: അരുണ്‍ അജികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാന്‍സ് ചോദിക്കുന്നതിന് ഇപ്പോഴും മുടക്കമൊന്നും വന്നിട്ടില്ലെന്നും അഭിനയമാണ് എപ്പോഴും തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും നടന്‍ അരുണ്‍ അജികുമാര്‍. പൂക്കാലം, ലിറ്റില്‍ ഹാര്‍ട്സ്, പടക്കളം എന്നിങ്ങനെ എട്ടൊന്‍പത് സിനിമകളില്‍ താന്‍ അഭിനയിച്ചുവെന്നും പൂക്കാലത്തിലാണ് തന്റെ മുഖം ആദ്യമായി പോസ്റ്ററില്‍ വരുന്നതെന്നും അരുണ്‍ പറയുന്നു.

അരുണ്‍ അജികുമാര്‍ Photo: Arun Ajikumar/ Facebook.com

‘ഹിന്ദിയില്‍ വിദ്യാബാലനൊപ്പം ഒരു സിനിമയിലും അഭിനയിച്ചു. എന്നാല്‍ ഇതുവരെ ചെയ്തതതില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരുന്നു ഡീയെസ് ഈറെയിലേത്. ഏത് കഥാപാത്രം കൈയിലെത്തിയാലും തിരക്കഥാകൃത്തായ ഗോപന്‍ ചിദംബരം സാറിനെ ചെന്ന് കാണും. വേണ്ട നിര്‍ദ്ദേശങ്ങളൊക്കെ അദ്ദേഹം തരും.

‘ഡീയസ് ഈറെ’യിലെ കഥാപാത്രം നന്നായെന്ന് പറഞ്ഞ് വിനീതേട്ടന്‍ (വിനീത് ശ്രീനിവാസന്‍) ഉള്‍പ്പെടെ പലരും വിളിച്ചു. ഞാനവരോടൊക്കെ ചോദിക്കും ചേട്ടാ അപ്പോ അടുത്ത പടത്തില്‍ എനിക്കൊരു റോള്‍ തരില്ലേ എന്ന്. ചാന്‍സ് അന്വേഷണത്തിന് ഒരു മുടക്കവും വന്നിട്ടില്ല,’ അരുണ്‍ പറയുന്നു.

സിനിമ ആഗ്രഹിച്ചു തുടങ്ങിയ കാലത്ത് തനിക്ക് ആ മേഖലയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ആഗ്രഹിച്ച ഒരു വഴിയിലേക്ക് ഇറങ്ങുമ്പോള്‍ എല്ലാവര്‍ക്കും തടസങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

തനിക്കും അതങ്ങനെയായിരുന്നുവെന്നും അഭിനയിക്കാന്‍ വേണ്ടി ഷോര്‍ട്ഫിലിമുകളും നാടകങ്ങളും സംവിധാനം ചെയ്തുവെന്നും അരുണ്‍ പറഞ്ഞു. ലക്ഷ്യമാണ്, വഴിയല്ല പ്രധാനം എന്ന് ഉറപ്പായിരുന്നുവെന്നും ആ ഉറപ്പാണ് ‘ഏസ്തറ്റിക് കുഞ്ഞമ്മ’ എന്ന പേജിനെ ഒരു കമ്പനിയാക്കി മാറ്റാന്‍ സഹായിച്ചതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

ഡീയസ് ഈറെയാണ് അരുണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രമായാണ് അരുണ്‍ എത്തിയിരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിങ് കൈകാര്യം ചെയ്തതും അരുണ്‍ തന്നെയായിരുന്നു.

Content Highlight: Arun Ajikumar says he has never stopped asking for chances 

We use cookies to give you the best possible experience. Learn more