| Wednesday, 30th September 2026, 7:14 am

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി 'സൂപ്പര്‍ ഇന്റലിജന്‍സ്'; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

അഞ്ജു ചന്ദ്രന്‍

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം  പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അമേരിക്കന്‍ സര്‍ക്കാര്‍ രേഖകളില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പകരം സൂപ്പര്‍ ഇന്റലിജന്‍സ് എന്ന പദം ഉപയോഗിക്കുമെന്നും ഇതിനായി ശക്തമായ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രംപ് പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ എന്ന വാക്ക് ശരിയായ പ്രയോഗമല്ലെന്നാണ് ട്രംപിന്റെ വാദം. ‘ഇത് കൃത്രിമമല്ല, അതീവ ശക്തമായ ബുദ്ധിയാണ്. സൂപ്പര്‍ ഇന്റലിജന്‍സ് എന്ന പേര് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചപ്പോഴും ഞാന്‍ മുന്നോട്ടുവെച്ചിരുന്നു,’ ട്രംപ് പറഞ്ഞു.

സൂപ്പര്‍ ഇന്റലിജന്‍സ് ഇന്റര്‍നെറ്റിനേക്കാളും വ്യവസായ വിപ്ലവത്തേക്കാളും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. സാങ്കേതികവിദ്യയുടെ വളര്‍ച്ച തടയാന്‍ അമേരിക്ക തയ്യാറാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എ.ഐയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ശക്തമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ ഓപ്പണ്‍ എ.ഐ കമ്പനികളുടെ മേധാവികളുമായി ട്രംപ് ഭരണകൂടം കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടര്‍ന്ന് എ.ഐ സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനും അനധികൃതമായി മറ്റ് സംവിധാനങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി സ്വമേധയാ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എ.ഐ അടിസ്ഥാനമാക്കിയുള്ള പുതിയ America.gov.in സംവിധാനവും ട്രംപ് അവതരിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Artificial Intelligence to become ‘Super Intelligence’; Trump announces name change again.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more