സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്ന എയ്ഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റേയും യു.ജി.സിയുടെയും നിയമങ്ങളെ ശരിവെച്ചു കൊണ്ടുള്ള 2015ലെ കേരള ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധി തളളിക്കളഞ്ഞ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി യു.ജി.സി നിയമങ്ങള്‍ക്കും ഭരണഘടനക്കും വിരുദ്ധവുമാണ്.
എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന 2015 ലെ സിങ്കിള്‍ ബെഞ്ച് വിധിക്കെതിരെ എന്‍.എസ്.എസിന്റേയും എസ്.എന്‍ ട്രസ്റ്റിന്റേയും അപ്പീല്‍ വാദങ്ങള്‍ കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്. കേസുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളെയോ വാദങ്ങളെയോ അടിസ്ഥാനമാക്കിയിട്ടല്ല എന്ന കാര്യവും ഈ വിധിയുടെ ആധികാരികതയെ സംശയപ്പെടുത്തുന്നുണ്ട്. കോടതിയുടെ കണ്ടെത്തലുകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ നമുക്കീ കാര്യം വ്യക്തമാവും.
1“യു.ജി.സി ചട്ടപ്രകാരം കേന്ദ്ര സംവരണ നയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളജുകള്‍ക്ക് ബാധകമാക്കിയിട്ടില്ല, കേന്ദ്ര സര്‍വകലാശാലകളേയും കല്‍പിത സര്‍വകലാശാലകളെയും കുറിച്ച് മാത്രമാണ് നയത്തില്‍ പറയുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം
എന്നാല്‍ 2006-ലെ (No F l-5/2006 ( SCT ) 25.8.2006, ലെ യു.ജി.സി.ഓര്‍ഡറില്‍ പറയുന്നത്, 1956ലെ യു.ജി.സി. ആക്ട് പ്രകാരം സെന്‍ട്രല്‍ യൂനിവേഴ്സിറ്റീസ്, ഡീംഡ് യൂനിവേഴ്സിറ്റീസ്, കോളജസ് ആന്റ് ഗ്രാന്റ് -ഇന്‍-എയ്ഡ് (പൊതുഖജനാവില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍) എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും SC/ST സംവരണം നടപ്പാക്കേണ്ടതാണെന്നാണ്. യു.ജി.സി.യുടെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ്, സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങളെന്ന നിലക്ക് സ്വകാര്യ മാനേജമെന്റ് കോളജുകളില്‍ സംവരണം നടപ്പാക്കണമെന്ന് 2015ലെ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞിരുന്നത്.
യു.ജി.സി. അഡ്വക്കേറ്റ് എസ്. കൃഷ്ണമൂര്‍ത്തി ഇതേ വാദം ഡിവിഷന്‍ ബെഞ്ചിലും ആവര്‍ത്തിക്കുകയും, തമിഴ്നാട്ടിലെ എയ്ഡഡ് കോളജുകളില്‍ സംവരണം നടപ്പാക്കുന്നുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ആ രേഖകള്‍ ഒന്നു പോലും പരിഗണിക്കാതെ എന്‍.എസ്.എസിന്റേയും എസ്.എന്‍ ട്രസ്റ്റിന്റേയും പൊള്ളവാദങ്ങള്‍ അപ്പടി സ്വീകരിക്കുകയായിരുന്നു.
2സംസ്ഥാന സര്‍ക്കാറിന്റെ നിയമപ്രകാരം ഉണ്ടാക്കിയ സര്‍വകലാശാലകള്‍ക്ക് സംവരണ നയം ബാധകമല്ലെന്നാണ് മറ്റൊരു വാദം.
എന്നാല്‍ സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളും അതിന്റെ കീഴിലെ കോളജുകളിലും സംവരണം നടപ്പാക്കുന്നുണ്ട്. എയ്ഡഡ് കോളജില്‍ മാത്രമാണിതുവരെ സംവരണ നയം നടപ്പാക്കാത്തത്. അത് നടപ്പിലാക്കാന്‍ യു.ജി.സി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. യു.ജി.സി. നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ സര്‍വ്വകലാശാലകള്‍ ബാധ്യസ്ഥമാണ്.
3 എയ്ഡഡ് കോളജുകളിലെ നിയമനാധികാരം മാനേജ്മെന്റിനാണ്. അതില്‍ സര്‍ക്കാറിന് കൈ കടത്താനാവില്ല എന്നതാണ് മറ്റൊരു വാദം.
എന്നാല്‍ 1995 PWD (Physically with Disabled)ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്ര നിയമ പ്രകാരം സംവരണം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും അത് പ്രകാരം, കേരളത്തിലെ എയ്ഡഡ് കോളജ് അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ 3% സംവരണം 2016-ല്‍ ഇടത് പക്ഷ സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കൂടതെ ഡയരക്ട് പേയ്മെന്റ് സ്‌കീമുമായി ബന്ധപ്പെട്ട് 1981-ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍, യൂണിവേഴ്സിറ്റി ആക്ട്, സ്റ്റാറ്റിയൂട്ട്, ഓര്‍ഡിനന്‍സ്, റഗുലേഷന്‍ എന്നിവ പാലിക്കാതെ നിയമനം നടത്തിയാല്‍ ഡയരക്ട് പേയ്മെന്റ് എഗ്രിമെന്റ് പ്രകാരമുള്ള സാലറി അത്തരം നിയമങ്ങള്‍ക്ക് ബാധകമാകില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
4കേന്ദ്ര സര്‍ക്കാര്‍ എയ്ഡഡ് കോളജ് സംവരണത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല എന്ന വാദം
വസ്തുത: നിര്‍ബന്ധമായും റിസര്‍വേഷന്‍ നടപ്പാക്കാന്‍ യു.ജി.സി യൂണിവേഴ്സിറ്റികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ ഒന്നാമതായി പറയുന്നത് ഇങ്ങനെയാണ്.
(UGC guide lines for strict implication of reservation policy of the govt universities, deemed to be universities, colleges and other grant-in-aid institutions and centers. )
1.Central govt has been issuing various instructions from time to time for implementing the reservation policy of the govt; and UGC being an autonomous statutory body, under the control of the ministry of HRD, it is under directions from the govt. to strictly implemented the said instructions by all grant-in-aid institutions.
കേന്ദ്ര ഗവ.നിയമ പ്രകാരമാണ് യു.ജി.സി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ?! മാത്രമല്ല ഇതനുസരിച്ച് കേരളമൊഴിച്ചുള്ള പല സംസ്ഥാനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്രയും തെളിവുകളും വസ്തുതകളും കണ്ണടച്ചിരുട്ടാക്കി, നീതിക്കും കോടതിയുടെ അന്തസിനും കളങ്കം വരുത്തി എന്‍.എസ്.എസിന്റേയും എസ്.എന്‍ ട്രസ്റ്റിന്റേയും വാദങ്ങള്‍ക്ക് “യസ്” മൂളുകയെന്ന വില കുറഞ്ഞ നടപടിയാണ് ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായിട്ടുള്ളത്. ദൗര്‍ഭാഗ്യപരമായ ഈ വിധി എയ്ഡഡ് മേഖലയില്‍, കേരള രൂപീകരണം മുതല്‍ തുടരുന്ന സാമൂഹ്യ അസമത്വങ്ങളേയും സാമൂഹിക അനീതികളേയും അരക്കിട്ടുറപ്പിക്കാനേ സഹായകമാകൂ. സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിധി.
1869-ലാണ് തിരുവിതാംകൂറില്‍ വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഗ്രാന്റ് – ഇന്‍ – എയ്ഡ് അഥവാ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റി വളര്‍ന്ന് പന്തലിച്ച എയ്ഡഡ് മേഖല വിദ്യാഭ്യാസ പുരോഗതിയില്‍ അതിന്റേതായ പങ്ക് നിറവേറ്റിയെങ്കിലും ഈ മേഖല സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക അനീതികള്‍ക്ക് ഇന്നേക്ക് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലൂടെ ലഭ്യമായ രാഷ്ട്രീയാധികാര ശേഷിയുപയോഗിച്ച് സാമൂഹിക നീതി നടപ്പാക്കുന്നതിനെതിരെ മാനേജ്‌മെന്റ് സമുദായങ്ങള്‍ നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. കേരളത്തിലെ മൊത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 39% വും എയ്ഡഡ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്രയും ഭീമമായ തൊഴില്‍ വ്യാപ്തിയുള്ള എയ്ഡഡ് മേഖലയില്‍ ആദിവാസി ദളിത് അതി പിന്നോക്ക പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും സംവരണം നടപ്പാക്കാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ എയ്ഡഡ് മേഖലയില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ട സമുദായങ്ങളാണ് ഈ മേഖലയെ താങ്ങി നിര്‍ത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. 47% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അതേ സമയം 49.6% വിദ്യാര്‍ത്ഥികളും എയ്ഡഡ് മേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. മൊത്തം 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസ രംഗത്ത് നിലയുറപ്പിക്കുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളിലെ 55.5% ശതമാനവും അണ്‍ എയ്ഡഡ് മേഖലയിലാണ് വിദ്യാഭ്യാസം ചെയ്യുന്നത്.
എയ്ഡഡ് മേഖലയിലൂടെ പൊതു ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം പതിനായിരം കോടി രൂപ പങ്കിട്ടെടുക്കുന്ന സമുദായങ്ങള്‍ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള അണ്‍ എയ്ഡഡ് / പബ്ലിക് വിദ്യാലയങ്ങളിലാണ് പഠനം നടത്തുന്നത്. എന്നാല്‍ എയ്ഡഡ് മേഖലയില്‍ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളാണ് എയ്ഡഡ് മേഖലയുടെ നെടുംതൂണ്‍.
2016-17 ലെ കണക്കനുസരിച്ച് 35,06762 ഉദ്യോഗാര്‍ത്ഥികളാണ് കേരളത്തിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 6,52,640 പേര്‍ എസ്.സി- എസ്.ടി ഉദ്ദ്യോഗാര്‍ത്ഥികളാണ്. മൊത്തം തൊഴില്‍ രഹിതരുടെ 18% പേരും എസ്.സി എസ്.ടി വിഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം. (ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ മറ്റൊരു സമുദായത്തിലും ഇത്രയേറെ തൊഴില്‍ രഹിതരില്ല).
ഇതില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ 3,66,270 ഉം ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 25,614 ഉം ആണ്. അഭ്യസ്തവിദ്യരായ ഇത്രയേറെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ തൊഴില്‍ രഹിതരായി തുടരുമ്പോഴും എയ്ഡഡ് മേഖലയിലെ സംവരണം അടഞ്ഞ അധ്യായമായി തുടരുകയാണിന്നും.
ഈ സാഹചര്യത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനായി എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജന്‍, പട്ടികജാതി വികസന വകുപ്പ് മന്ത്രി ശ്രീ എ.കെ.ബാലന്‍ എന്നിവര്‍ക്ക് നല്‍കുന്ന മെമ്മോറാണ്ടം.
സര്‍,
വിഷയം: എയ്ഡഡ് കോളേജുകളിലെ നിയമങ്ങളില്‍ സംവരണം പാലിക്കേണ്ടതില്ലെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി (WA.2540/15 dt. 21.12.17) സാമൂഹികനീതിയുടെ ലംഘനമായതിനാല്‍ എയ്ഡഡ് മേഖലയില്‍ സാമൂഹിക നീതി നടപ്പാക്കുന്നതിനെ സംബന്ധിച്ച്-
The Government in exercise of the power vested under section 20(1) of the University Grants Commission Act, 1956. The Central Govt. Ministry of Human Resource Development (Dept. of Secondary&Higher Education) vide their order No. F.No.630/2005 U-dt 6th December 2005 ലെ ഓര്‍ഡര്‍ പ്രകാരം യു.ജി.സിക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ “”കേന്ദ്രഗവണ്‍മെന്റിന്റെ പോളിസിയനുസരിച്ച് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും ഡീംഡ് യൂണിവേഴ്സിറ്റികളിലും, പൊതുഖജനാവില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സെന്ററുകള്‍ എന്നിവിടങ്ങളില്‍ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ 15% SC സംവരണവും, 7.5% ST സംവരണവും നടപ്പാക്കേണ്ടതായുണ്ട്.
യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്/സെനറ്റ്/എക്സിക്യുട്ടീവ് ബോഡി/ ഭരണസമിതി എന്നിവ നിലവില്‍ റൂള്‍സ് ആന്റ് റഗുലേഷന്‍സ് അനുകൂലമല്ലെങ്കില്‍ നിര്‍ബന്ധമായും ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംവരണം ഉറപ്പാക്കേണ്ടതാണ്. “Action should be initiated by the universities so as to effect necessary amendments to their Acts/statutes for the statutory support for reservation in Admission, appointments to teaching and non-teaching posts and representation of SC/ST in their bodies like syndicate, executive council academic council, selection committee etc”” [UGC Guide lines] ആര്‍ട്ടിക്കിള്‍ 15(4), 16(4) 46 & 253 പ്രകാരം SC, ST വിഭാഗത്തില്‍പ്പെട്ട അധ്യാപക-അനധ്യാപകര്‍ക്കും കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും റിസര്‍വേഷനിലൂടെ വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിനായി യു.ജി.സി ഓരോ തവണയും ബന്ധപ്പെട്ട അധികാരികള്‍ക്ക് / യൂണിവേഴ്‌സിറ്റികള്‍ക്ക് ഗൈഡ് ലൈന്‍ നല്‍കിവന്നുകൊണ്ടിരിക്കുന്നതുമാണ്.
എന്നാല്‍ കേരളത്തിലെ എയ്ഡഡ് കോളജ്യകളില്‍ യു.ജി.സി നിര്‍ദേശ പ്രകാരം ഇതേ വരെ സംവരണം നടപ്പാക്കിയിട്ടില്ല.1972-ല്‍ കേരള ഗവണ്‍മെന്റ് നടപ്പിലാക്കിയ Direct payment System (D.o.MS No.185/72/Edn.dt Tvpm 30th August 1972 from Education (F) Dept.) പ്രകാരം കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതാണെന്നും, നിയമനങ്ങള്‍ അതാത് മാനേജ്മെന്റുകള്‍ക്ക് നടത്താമെന്നും വ്യവസ്ഥ ചെയ്തു.
50% നിയമനങ്ങള്‍ (ഭരണഘടനാവിരുദ്ധമായി) അതത് മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്ന് യോഗ്യതയനുസരിച്ചും 50% ഓപ്പണ്‍ മെറിറ്റില്‍ നിന്നും നിയമനം നടത്തണമെന്ന് വ്യവസ്ഥവെച്ചെങ്കിലും 50% ഓപ്പണ്‍ മെറിറ്റ് സീറ്റിലേക്കും അതാത് മാനേജ്മെന്റ് പ്രതിനിധികളെ തന്നെയാണ് മാനേജ്മെന്റ് നിയമിച്ചത്. അതേസമയം 1972 മുതല്‍ കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ ഭരണഘടനാനുസൃത സംവരണം നടപ്പാക്കിയില്ല. യൂണിവേഴ്സിറ്റികളോ, സര്‍ക്കാറോ റിസര്‍വേഷന്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമില്ല.
കേരളത്തില്‍ സര്‍ക്കാര്‍ കോളേജുകളെ അപേക്ഷിച്ച് എണ്ണത്തില്‍ മൂന്ന് ഇരട്ടിയിലധികം കോളേജുകളും എയ്ഡഡ് മേഖലയിലാണ്. 2010-ല്‍ 39 സര്‍ക്കാര്‍ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. അക്കാലയളവില്‍ എയ്ഡഡ് കോളേജുകളുടെ എണ്ണം 150 ആയിരുന്നു. എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ എണ്ണം 7199 ആയിരുന്നു. 11 പേര്‍ മാത്രമായിരുന്നു ഇതില്‍ എസ്.സി/എസ്.ടി അധ്യാപകര്‍.
2014-15 ല്‍ കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ എണ്ണം 232 ആവുകയുണ്ടായി. ഇതില്‍ 180 എണ്ണം (77.58%) എയ്ഡഡ് മേഖലയിലാണ്. 52 സര്‍ക്കാര്‍ കോളേജുകളില്‍ 12% എസ്.സി/എസ്.ടി അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ 180 എയ്ഡഡ് കോളേജുകളിലെ 8233 അധ്യാപകരില്‍ 49 പേര്‍ മാത്രമാണ് എസ്.സി/ എസ്.ടി വിഭാഗത്തില്‍ നിന്നുള്ളത്.
ഇത്രയും എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെ എണ്ണം 3725 ആണ്. ഇതില്‍ 16 പേര്‍ മാത്രമാണ് എസ്.സി/എസ്.ടി വിഭാഗക്കാര്‍. അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ മൊത്തം 11,958 ജീവനക്കാരില്‍ (65 പേര്‍, 0.54%) ഒരു ശതമാനം പോലും എസ്.സി/എസ്.ടി വിഭാഗക്കാരില്ലെന്നതാണ് പരമാര്‍ത്ഥം. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്ന സ്ഥാപനങ്ങളെന്ന നിലയ്ക്ക് ഭരണഘടനാനുസൃത സംവരണപ്രകാരം 1,195 തസ്തികകളാണ് എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടത്.
മറ്റ് സമുദായങ്ങള്‍ അവരവരുടെ സ്ഥാപനങ്ങളില്‍ ജോലി നേടി സാമ്പത്തിക, സാമൂഹിക നില ഭദ്രമാക്കുമ്പോള്‍ എസ്.സി/എസ്.ടി വിഭാഗങ്ങളിലെ വിദ്യാസമ്പന്നര്‍ ഈ മേഖലയില്‍ നിന്നും നിശ്ശേഷം ഒഴിവാക്കപ്പെടുകയും സര്‍ക്കാര്‍ മേഖലയിലെ 10% സംവരണ സീറ്റിനായി കാത്തിരിക്കുകയോ തൊഴില്‍രഹിതരായി തുടരുകയോ ചെയ്യേണ്ടിവരികയും ചെയ്യുന്നു.
2010-ല്‍ എയ്ഡഡ് കോളേജുകളില്‍ ഒഴിവുവന്ന 1599 ലക്ചര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. (G.O.(MS)No.260/2010/H.Edn dt.2008. 2010, TVM) ഈ നിയമന ഉത്തരവിലും എസ്.സി/ എസ്.എസ്.ടി സംവരണം സംബന്ധിച്ച യു.ജി.സി.യുടെ ഗൈഡ് ലൈന്‍ പാലിക്കപ്പെട്ടിരുന്നില്ല.
തദവസരത്തില്‍ PG, MPhil, PhD, UGC(NET), JRF യോഗ്യതയുള്ള 12 എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിജ്ഞാപനത്തില്‍ യു.ജി.സി നിയമപ്രകാരം സംവരണം ഉള്‍പ്പെടുത്തി റീനോട്ടിഫൈ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
കേസ് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരന്‍ (WPC No.32393/2010) ഹര്‍ജിക്കാര്‍ക്കനുകൂലമായ ഒരിടക്കാല ഉത്തരവ് [K.T.SANKARAN J.W.P(c).No.32393 OF 2010 Dated 8 November 2010] പുറപ്പെടുവിക്കുകയുണ്ടായി.
എന്നാല്‍ ഇടക്കാല ഉത്തരവിനെ പരിഗണിക്കാതെ 1599 ഒഴിവിലും എയ്ഡഡ് കോളേജ് മാനേജ്മെന്റുകള്‍ നിയമനം നടത്തുകയുണ്ടായി. തുടര്‍ന്ന് 2015 മെയ് 25-ാം തിയ്യതി ഹൈക്കോടതി സിങ്കിള്‍ബഞ്ച് ജഡ്ജി ഷഫീഖ് പ്രസ്തുത സംവരണം പാലിക്കണം എന്നു നിര്‍ദ്ദേശിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയുണ്ടായി. W.P.C NOs.32393, 33205 dated 25.5.2015 ന്യൂനപക്ഷസ്ഥാപനങ്ങളൊഴികെയുള്ള എയ്ഡഡ് കോളേജ് അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ എസ്.സി/എസ്.ടി സംവരണം പാലിക്കുന്നതിനായി അതത് യൂണിവേഴ്സിറ്റികള്‍ 6 മാസത്തിനകം സ്റ്റാറ്റിറ്റിയൂട്ട് ഭേദഗതി വരുത്തി സംവരണം നടപ്പാക്കാനുള്ള നടപടി പൂര്‍ത്തിയാക്കണമെന്നും, അതിനു ശേഷം മാത്രമേ പുതിയ നിയമനങ്ങള്‍ നടത്താവൂ എന്നും ഹൈക്കോടതി വിധി പ്രസ്താവിച്ചു.
ഈ വിധി നടപ്പാക്കുന്നതിനെതിരെ (എന്‍.എസ്.എസ്)നായര്‍ സര്‍വ്വീസ് സൊസൈറ്റിയും എസ്.എന്‍ ട്രസ്റ്റ് മാനേജ്മെന്റും കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഇതിനിടയില്‍ എന്‍.എസ്.എസ് മാനേജ്മെന്റിന്റെ കോളേജുകളില്‍ 60 ഉം എസ്.എന്‍ ട്രസ്റ്റിന്റെ കോളേജുകളില്‍ 80 ഉം, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് 32 ഉം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ശ്രീകൃഷ്ണകോളേജ് (ഗുരുവായൂര്‍) 6 ഉം അടക്കം ആകെ 178 Lecture post ലേക്ക് പുതിയ അപേക്ഷ ക്ഷണിക്കുകയും യു.ജി.സിയുടെ റിസര്‍വേഷന്‍ നയങ്ങള്‍ പാലിക്കാതെ വീണ്ടും നിയമനങ്ങള്‍ നടത്തുകയും ചെയ്യുകയുണ്ടായി.
തുടര്‍ന്ന് 2017 ഡിസംബറില്‍ എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ ടഇ ടഠ റിസര്‍വേഷന്‍ നടപ്പാക്കേണ്ടതില്ല എന്ന് ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
കേരളത്തിലെ 180 എയ്ഡഡ് കോളേജുകളില്‍ 87എണ്ണം (47.77%) 11.25% വരുന്ന മുന്നോക്ക ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലാണ്. 35 എണ്ണം (19.44%) മുസ്‌ലിം മാനേജ്മെന്റുകളാണ്. 20 എണ്ണം (11.11%) എസ്.എന്‍ ട്രസ്റ്റും 18 എണ്ണം (10%) എന്‍.എസ്.എസും, 7 എണ്ണം (3.88%) ദേവസ്വം ബോര്‍ഡും 14 കോളേജുകള്‍ (7.77%) ഏകാംഗമാനേജ്മെന്റുകളുമാണ്. (ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 7 കോളേജുകളില്‍ 64% അദ്ധ്യാപകരും നായര്‍ സമുദായക്കാരാണ്).
മേല്‍സൂചനപ്രകാരം കേരളത്തിലെ എയ്ഡഡ് മേഖലയിലെ 67% സ്ഥാപനങ്ങളും ന്യൂനപക്ഷമാനേജ്മെന്റിന്റെ കീഴിലാണ്. അൃശേരഹല 30(1) പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം സാദ്ധ്യമല്ല എന്നാണ് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നത്.
ആര്‍ട്ടിക്കില്‍ 30 (1) പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമുണ്ടെങ്കിലും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്ന് എം.ഇ.എസ് ഡയറക്ടറായ ഡോ.ഫസല്‍ഗഫൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ എസ്.സി/ എസ്.ടി സംവരണം നടപ്പാക്കുമെന്നും മറ്റ് മുസ്‌ലിം ന്യൂനപക്ഷ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്.
ശമ്പളം, പെന്‍ഷന്‍ മറ്റാനുകൂല്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിവര്‍ഷം പതിനായിരം കോടിരൂപ ചെലവിടുന്ന കോളേജുകള്‍, പോളിടെക്നിക്, എഞ്ചിനീയറിംഗ് കോളേജ്, ആയുര്‍വേദ കോളജ്, ഹോമിയോ കോളേജ്, വി.എച്ച്.എസ്.സി, ഹയര്‍സെക്കന്ററി, ഹൈസ്‌കൂള്‍, യു.പി, എല്‍.പി.സ്‌കൂള്‍ അടക്കം കേരളത്തിലെ മൊത്തം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപകരുടെ എണ്ണം രണ്ട് ലക്ഷം ആണിന്ന്.
2015-16 ,സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് രേഖകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5,11,487 ആണ്. (ന.3420 ഇന്‍ഫര്‍. 1/2016/ധനകാര്യവകുപ്പ് തിരു: 25, 1. 2016) അത് പ്രകാരം മൊത്തം സര്‍ക്കാര്‍ ജീവനക്കാരുടെ 39.1% പേരും എയ്ഡഡ് സ്ഥാപനങ്ങളിലാണ്. ഇതില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ 586 പേര്‍ അതായത് 0.37% മാത്രമേയുള്ളൂ.
G.O(P) No. 199/2011/G.Edn.dt 1.10.11) പ്രകാരം 2011ല്‍ 3400 പ്രൊട്ടക്റ്റസ് അധ്യാപക നിയമനങ്ങള്‍ അംഗീകാരം നല്‍കാനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ വാചകങ്ങളാണിത്. “”….. But in Aided Schools, certain managers hava appointed teachers ignoring conditios issued in Govt. Orders, which in turn led to rejection of appointments…..”” സര്‍ക്കാര്‍ ഉത്തരവുപോലും വകവെക്കാതെ മാനേജ്മെന്റുകള്‍ വന്‍കോഴ വാങ്ങി നിയമനം നടത്തുകയും നിയമിക്കുന്ന നിയമനാംഗീകാരം കിട്ടാതിരിക്കുന്നതുമാണ് സംരക്ഷിത അധ്യാപകര്‍. മേല്‍ പറഞ്ഞ ഉത്തരവില്‍ തുടര്‍ന്ന് പറയുന്നതിങ്ങനെയാണ്.
“”The majortiy of the protected teachers rterenched from Aided schools are still continuing in other Schools and ironically majortiy of them stand deployed to Govt. Schools. This has retsricted curtailing recruitment through PSC Even though Govt. have Issued various orders to accommodate the m In the respective Parent schoolS,””.
ഈ ഉത്തരവ് വെളിപ്പെടുത്തുന്നപോലെ; പി.എസ്.സി നിയമനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കി കൊണ്ട് എയ്ഡഡ് മേഖലയില്‍ നിന്ന് മുവ്വായിരത്തോളം അധ്യാപകരെയാണ് 2011-ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കപ്പെട്ടത്.2017ല്‍ 4060 പേരെയാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമിച്ചത്. പി.എസ്.സി പരീക്ഷ പാസാകാത്ത ഇത്രയും പേരെ സര്‍ക്കാര്‍ മേഖലയില്‍ വിന്യസിക്കുന്നത് തികഞ്ഞ ചട്ടലംഘനങ്ങളാണെന്നിരിക്കെ പി.എസ്.സി പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന 4060 ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങളാണ് ഇതിലൂടെ ഒറ്റയടിക്ക് റദ്ദാക്കപ്പെട്ടത്.
2017-18 അധ്യയന വര്‍ഷത്തില്‍, സംവരണ നിയമതത്വമോ പി.എസ്.സിയുടെ റൊട്ടേഷനോ പാലിക്കാതെ ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ ഇത്രയും പേരെ നിയമിച്ചത് മൂലം എസ്.സി എസ്.ടി വിഭാഗങ്ങളുടെ 460 ഓളം സംവരണ തസ്തികകളാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ എയ്ഡഡ് മേഖലയില്‍ സംവരണമില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ മേഖലയുടെ 10% ഉദ്യോഗ സംവരണം പോലും നഷ്ടപ്പെടുന്ന ജനവിഭാഗമായി തീരുന്നു പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍.
സര്‍ക്കാര്‍ 2016-ല്‍ ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് എയ്ഡഡ് മേഖലയില്‍ 3% സംവരണം ഏര്‍പ്പെത്തിയിട്ടുണ്ട്. (k.D(ssI).155/16 s]m.hn.h, Xncp:9.9.2016) അതേപോലെ എയ്ഡഡ് മേഖലയില്‍ പട്ടികജാതി/വര്‍ഗ്ഗവിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക അനീതിയും അവസരഅസമത്വങ്ങളും പരിഹരിക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. എയ്ഡഡ് മേഖലയില്‍ ആദിവാസി ദളിത് അതി പിന്നോക്ക വിഭാഗങ്ങള്‍ നാളിതുവരെ അനുഭവിക്കുന്ന അനീതിയും സാമൂഹിക അസമത്വങ്ങളും പരിഹരിച്ച് ഭരണഘടനാ അകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങളില്‍ നടപടിയുണ്ടാകണമെന്ന് സര്‍ക്കാറിനോട് അപേക്ഷിക്കുന്നു.
• സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ ന്യൂനപക്ഷ/ ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങളിലും എസ്.സി/ എസ്.ടി സംവരണം നടപ്പിലാക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക. നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുക.
• ഭരണഘടനാവിരുദ്ധമായ ഡയറക്ട് പേയ്മെന്റ് സിസ്റ്റം റദ്ദ് ചെയ്യുക. (GO.MS.No.185/Edn.dt. 30th August, Tvm.)
• നിലവില്‍ എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടുലക്ഷം ജീവനക്കാരുടെ പത്തുശതമാനം (ഇരുപതിനായിരം) തത്തുല്യപോസ്റ്റുകളില്‍ എസ്.സി എസ്.ടി വിഭാഗങ്ങളെ നിയമിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുക.
• സര്‍ക്കാര്‍ എയ്ഡഡ് മേഖലയ്ക്കുവേണ്ടി ചെലവഴിക്കുന്ന പൊതുഫണ്ടിന്റെ 10% എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുക. എയ്ഡഡ് മേഖലയില്‍ കഴിഞ്ഞ 61 വര്‍ഷത്തെ സംവരണ നിഷേധത്തിലൂടെ പട്ടികജാതി/ വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ധനചോര്‍ച്ച തിട്ടപ്പെടുത്തിക്കൊണ്ട് അത് പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കി തൊഴിലില്ലായ്മയും ജീവിതപിന്നോക്കാവസ്ഥയും അനുഭവിക്കുന്ന ഈ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുക.
• സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ 2, 3 കാറ്റഗറി നിയമനങ്ങളില്‍ സംവരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
• സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കുക. മേല്‍പറഞ്ഞ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് അപേക്ഷിക്കുന്നു.