| Sunday, 30th August 2026, 3:52 pm

ആർട്ടിക്കിൾ 370 ഇനി തിരിച്ചുവരില്ല; മിർവായിസ് ഉമർ ഫാറൂഖിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി

ശ്രീലക്ഷ്മി പി.പി

ശ്രീനഗർ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണമെന്ന കശ്മീർ മുഖ്യപുരോഹിതൻ മിർവായിസ് ഉമർ ഫാറൂഖിന്റെ ആഹ്വാനത്തിനെതിരെ ജമ്മു കശ്മീർ ബി.ജെ.പി.

താഴ്‌വരയിൽ വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ട സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് ബി.ജെ.പി വക്താവ് അൽത്താഫ് താക്കൂർ വിമർശിച്ചു.

‘ഇത്തരം പ്രസ്താവനകൾ ജനങ്ങളെ പ്രകോപിപ്പിക്കാനും താഴ്‌വരയിലെ സമാധാനാന്തരീക്ഷം വീണ്ടും തകർക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ല. കശ്മീരിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ രാജ്യം വലിയ വിലയാണ് നൽകിയത്. സമാധാനത്തിനും ജനാധിപത്യത്തിനുമായി ജീവൻ ത്യജിച്ച ധീരരായ സുരക്ഷാസേനാംഗങ്ങളുടെയും സാധാരണക്കാരുടെയും, രാഷ്ട്രീയ പ്രവർത്തകരുടെയുമടക്കമുള്ളവരുടെ ത്യാഗങ്ങളെ രാഷ്ട്രീയ പ്രേരിത പ്രസ്താവനകളിലൂടെ ദുർബലപ്പെടുത്താനോ ചോദ്യം ചെയ്യാനോ അനുവദിക്കാനാകില്ല,’ അദ്ദേഹം പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിന് പാർലമെന്റ് കൈക്കൊണ്ട ചരിത്രപരമായ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചതാണെന്ന് അൽത്താഫ് താക്കൂർ ഓർമ്മിപ്പിച്ചു. ആർട്ടിക്കിൾ 370 എന്ന അധ്യായം രാജ്യം എന്നെന്നേക്കുമായി അവസാനിപ്പിച്ചുകഴിഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിക്കോ നേതാവിനോ സമ്മർദ്ദസംഘങ്ങൾക്കോ ഈ ഭരണഘടനാപരമായ യാഥാർഥ്യം മാറ്റാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിനായി നിരവധി സാധാരണക്കാരും രാഷ്ട്രീയ പ്രവർത്തകരും സുരക്ഷാസേനാംഗങ്ങളും ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ അവരുടെ ത്യാഗങ്ങളെ ദുർബലപ്പെടുത്തുന്നതാണ്.

ഹർത്താലുകളും കല്ലേറുകളും ഭരിച്ച പഴയ കാലത്തേക്ക് മടങ്ങാൻ താഴ്‌വരയിലെ ജനങ്ങളോ യുവാക്കളോ ആഗ്രഹിക്കുന്നില്ലെന്നും തൊഴിലും വിദ്യാഭ്യാസവും വികസനവുമാണ് ഇന്നത്തെ തലമുറയുടെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’പഴയ ഭിന്നതകൾ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവർ കശ്മീർ മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കണം. നമ്മുടെ യുവാക്കൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, നിക്ഷേപം, ടൂറിസം, അവസരങ്ങൾ എന്നിവയാണ് ആവശ്യം. ഹർത്താൽ കലണ്ടറുകൾ അവരുടെ ജീവിതം നിയന്ത്രിക്കുകയും അക്രമം അവരുടെ ഭാവി നിർണയിക്കുകയും ചെയ്ത കാലത്തേക്ക് അവർ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെങ്കിലും, പരമോന്നത കോടതി അംഗീകരിച്ച കാര്യങ്ങളിൽ വീണ്ടും പ്രക്ഷോഭത്തിന് ശ്രമിക്കുന്നത് വ്യർഥമാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും ഉചിതമായ സമയത്ത് അത് പുനഃസ്ഥാപിക്കുമെന്നും അൽത്താഫ് താക്കൂർ കൂട്ടിച്ചേർത്തു.

Content Highlight:Article 370 Will Not Return; BJP Slams Mirwaiz Umar Farooq Over His Remarks.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more