| Friday, 8th December 2017, 7:49 am

യമുനാതീരം നശിപ്പിച്ചത് ആര്‍ട് ഓഫ് ലിവിങ്: ദേശീയ ഹരിത ട്രിബ്യൂണല്‍

എഡിറ്റര്‍

ന്യൂദല്‍ഹി: യമുനാതീരത്തെ പച്ചപ്പ് നശിപ്പിച്ചത് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ആണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഹരിത ട്രിബ്യൂണല്‍ ചെയര്‍പെഴ്‌സണ്‍ സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

സംഭവത്തില്‍ രവിശങ്കറിന്റെ സംഘടനയ്ക്ക് നേരത്തെ 5 കോടിരൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പിഴ ചുമത്താന്‍ കോടതി തയ്യാറായില്ല.

നശിപ്പിക്കപ്പെട്ട മേഖലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്താന്‍ ദല്‍ഹി വികസന കോര്‍പറേഷനോട് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. 2016ല്‍ ആര്‍ട്ട് ഓഫ് ലിവിങ് ലോകസാംസ്‌ക്കാരിക സമ്മേളനമെന്ന പേരില്‍ വലിയ വേദി കെട്ടി പരിപാടി നടത്തിയ സ്ഥലത്ത് പരിസ്ഥിതിക്ക് കോട്ടം തട്ടിയതായി ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു.

കോടതി വിധിച്ച 5 കോടി രൂപ പിഴ ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടച്ചിരുന്നു. എന്നാല്‍ ഈ തുകക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ അധികം വരുന്ന ചിലവും ആര്‍ട് ഓഫ് ലിവിങ് അടയ്ക്കണമെന്ന്് കോടതി ഉത്തരവിട്ടിട്ടുണ്ട്. ആര്‍ട് ഓഫ് ലിവിങ് പരിപാടി കൊണ്ട് യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് സമിതി നിയോഗിച്ച വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശം പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചെലവ് വരുമെന്നും സമിതി കണക്കാക്കിയിരുന്നു.

ആര്‍ട് ഓഫ് ലിവിംഗിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ആയിരത്തോളം ഏക്കറിലായി യമുനയുടെ തീരത്ത് 2016 മാര്‍ച്ച് 11 മുതല്‍ 13വരെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ ബുള്‍ഡോസറും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് നദീതടം നിരപ്പാക്കിയാണ് വേദി ഒരുക്കിയിരുന്നത്. സ്ഥലത്തെ കൃഷി നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
പരിപാടിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നത്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more