| Saturday, 27th December 2025, 5:37 pm

ഇന്ത്യയിലെ ആദ്യ 3D ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തിന്റെ കലാസംവിധായകന്‍ കെ. ശേഖര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ. ശേഖര്‍ അന്തരിച്ചു. 72 വയസായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചിരുന്നു.

തിരുവനന്തപുരം സ്റ്റാച്യൂവിലെ വീട്ടിലായിരുന്നു അന്ത്യം.

കേരള സര്‍വകാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷമാണ് ശേഖര്‍ കലാസംവിധാനരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.

1982ല്‍ ജിജോ പുന്നൂസിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലെ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം ചിത്രമായിരുന്നു പടയോട്ടം.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറിയുടെ രൂപകല്‍പ്പന ഇദ്ദേഹമായിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതല്‍ പൂജ്യം വരെ തുടങ്ങിയ സിനിമകളിലും കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Content Highlight: Art director K. Shekhar has passed away.

We use cookies to give you the best possible experience. Learn more