| Saturday, 23rd May 2026, 8:27 pm

നാണക്കേടില്‍ ഇന്ത്യന്‍ ലോകകപ്പ് ക്യാപ്റ്റനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Sudev A

ഐ.പി.എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. എല്‍.എസ്.ജിയുടെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന എല്‍.എസ്.ജിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ അര്‍ഷിന്‍ കുല്‍ക്കര്‍ണി മടങ്ങി. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഈ സീസണില്‍ താരം രണ്ടാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്.

ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കാവുന്ന താരങ്ങളുടെ പട്ടികയിലും അര്‍ഷിന്‍ കുല്‍ക്കര്‍ണി ഇടം പിടിച്ചു. മൂന്ന് താരങ്ങളാണ് ഈ മോശം പട്ടികയിലുള്ളത്. ഇന്ത്യന്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ്, മുന്‍ കൊല്‍ക്കത്ത താരം നിതീഷ് റാണ, ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് എന്നിവരാണ് രണ്ട് തവണ പൂജ്യത്തിന് പുറത്തായി ഈ പട്ടികയിലുള്ളത്.

അതേസമയം ഈ മത്സരം പഞ്ചാബ് കിങ്‌സിന് ഏറെ നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിന് ഇന്ന് വിജയിക്കണം. ഇന്ന് വിജയിച്ചാല്‍ 15 പോയിന്റോടെ നാലാം സ്ഥാനത്തേതാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിക്കും. നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സര ഫലവും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകളെ നിര്‍ണയിക്കും.

ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയം സ്വന്തമാക്കിയ പഞ്ചാബ് പിന്നീടുള്ള ഏഴ് മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ എല്‍.എസ്.ജി ആശ്വാസ ജയം സ്വന്തമാക്കാനാവും ലക്ഷ്യം വെക്കുക.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ജോഷ് ഇംഗ്ലിസ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയകുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: Arshin Kulkarni create a unwanted record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more