ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ കിവികളെ എറിഞ്ഞു വീഴ്ത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. ഇന്ത്യ മുന്നോട്ട് വെച്ച 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി. സ്വന്തം മണ്ണിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്. 2019ൽ ഇന്ത്യയോട് തന്നെയാണ് കിവീസ് അവസാനമായി ഒരു ഹോം പരമ്പര തോറ്റത്.
മത്സരത്തിൽ ഇന്ത്യക്ക് ബൗൾ ചെയ്ത ആറ് പേരും വിക്കറ്റ് നേടി കരുത്തുകാട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേലും ഇഷാൻ കിഷനും 46 റൺസ് വീതം നേടി. എന്നാൽ അവസാനമായി കളത്തിലിറങ്ങിയ പേസർ അർഷ്ദീപ് സിങ്ങിന്റെ ബാറ്റിങ്ങും ഏറെ ശ്രദ്ധേയമായി.
നാല് പന്തിൽ നിന്നും 14 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് സിക്സും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ വെടിക്കെട്ടിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അർഷ്ദീപ് സ്വന്തമാക്കിയത്.
ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ പതിനൊന്നാം നമ്പറിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് അർഷ്ദീപ് സിങ് കൈപ്പിടിയിലാക്കിയത്. രണ്ട് സിക്സുകളാണ് താരം ഗാലറിയിൽ എത്തിച്ചത്. ഈ റെക്കോഡിൽ വെങ്കിടേഷ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പമാണ് അർഷ്ദീപ് ബാറ്റ് കൊണ്ട് തന്റെ പേര് എഴുതിച്ചേർത്തത്.
രോഹിത് ശർമ്മ – ഓപ്പണിങ് – 16
ഇഷാൻ കിഷൻ – രണ്ടാം നമ്പർ – 10
എം.എസ്. ധോണി – മൂന്നാം നമ്പർ – 10
ശ്രേയസ് അയ്യർ – നാലാം നമ്പർ – 8
യുവരാജ് സിങ്, റിഷബ് പന്ത് – അഞ്ചാം നമ്പർ – 7
യൂസഫ് പത്താൻ – ആറാം നമ്പർ 7
യൂസഫ് പത്താൻ – ഏഴാം നമ്പർ- 8
ഹർദിക് പാണ്ഡ്യ – എട്ടാം നമ്പർ – 5
രോഹിത് ശർമ – ഒമ്പതാം നമ്പർ – 5
സഹീർ ഖാൻ – പത്താം നമ്പർ – 4
വെങ്കിടേഷ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ് – പതിനൊന്നാം നമ്പർ – 2
അതേസമയം മത്സരത്തിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡ് ബാറ്റർമാരെയൊന്നും തന്നെ ക്രീസിലുറച്ചുനിൽക്കാൻ സമ്മതിച്ചില്ല. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പേസർ മുഹമ്മദ് സിറാജ് ആറാം ഓവറിൽ ടിം സീഫർട്ടിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകി.
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ യങ്ങിനെ 17ാം ഓവറിൽ അർഷ്ദീപ് സിങ് പുറത്താക്കി. 21ാം ഓവറിൽ നിക്ക് കെല്ലിയുടെ വിക്കറ്റും അർഷ്ദീപ് സ്വന്തമാക്കി. പിന്നാലെ വന്ന ഫിൻ അലനെ അടുത്ത ഓവറിൽ തന്നെ സിറാജ് മടക്കി അയച്ചു.
33 പന്തിൽ 19 റൺസ് എടുത്ത് ക്രീസിൽ ഉറച്ചുനിന്ന മൈക്കൽ ബ്രേസ്വെല്ലിനെ 31ാം ഓവറിൽ ആഖ്വിബ് നബി നമൻ ധീറിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 31 റൺസെടുത്ത ഡീൻ ഫോക്സ്ക്രോഫ്റ്റിനെ കന്നി ഏകദിനം കളിക്കുന്ന യഷ് താക്കൂർ മടക്കി.
ഓരോ തവണയും ഒരു കിവീസ് ബാറ്റർ ക്രീസിൽ ഉറച്ചുനിൽക്കുന്നുവെന്ന പ്രതീതി ഉണ്ടായപ്പോൾ ഇന്ത്യൻ ബൗളർമാർ അവരെ തിരിച്ചയച്ചു. 24 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ സാന്റ്നറെ നമൻ ധീർ പുറത്താക്കി. സ്കോർകാർഡിൽ 29 റൺസ് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് അവസാനത്തെ മൂന്ന് വിക്കറ്റുകളും ന്യൂസിലാൻഡിന് നഷ്ടമായി.
Content Highlight: Arshdeep Singh set a huge batting record in ODI