| Sunday, 11th January 2026, 12:22 am

T20 ലോകകപ്പ്: മത്സരത്തിന്റെ ആദ്യ പന്തില്‍ വിക്കറ്റ്, ആകെ ഒമ്പതിന് നാല് വിക്കറ്റ്; കൊടുങ്കാറ്റാകാന്‍ ഇവനും

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിന് ഇനി ആരാധകര്‍ക്ക് ദിവസങ്ങളെണ്ണി കാത്തിരിക്കാം. സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ മൂന്നാം ടി-20 ലോകകപ്പല്ലാതെ മറ്റൊന്നും തന്നെ ആരാധകരുടെ മനസിലുണ്ടാകില്ല.

കിരീടം നിലനിര്‍ത്താന്‍ കരുത്തുറ്റ നിരയെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താന്‍ പോന്ന ബാറ്റിങ് യൂണിറ്റും ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്ന ബൗളിങ് നിരയും ഒപ്പം കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ഫീല്‍ഡര്‍മാരുമായി ഏതൊരു ടീമിന്റെയും ദുസ്വപ്‌നങ്ങളില്‍ വന്ന് പല്ലിളിക്കാന്‍ പോന്ന ടീം തന്നെയാണ് സൂര്യയുടെ ഇന്ത്യ.

പേസ് നിരയെ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ചേര്‍ന്ന് നയിക്കുമ്പോള്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതല വരുണ്‍ ചക്രവര്‍ത്തിക്കും കുല്‍ദീപ് യാദവിനുമാണ്. ഇവരുടെ ഇംടകൈ-വലംകൈ കോംബോ എതിര്‍ ടീമിന് മേല്‍ സര്‍വനാശം വിതയ്ക്കുമെന്നുറപ്പാണ്.

ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യ കരുതിവെച്ച വജ്രായുധങ്ങളിലൊന്ന്. 2024ല്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അര്‍ഷ്ദീപ്. പല നേട്ടങ്ങളും അര്‍ഷ്ദീപ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

അര്‍ഷ്ദീപ് സിങ്. Photo: BCCI/x.com

2024 ലോകകപ്പിന്റെ സഹ അതിഥേയരായ യു.എസ്.എയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അര്‍ഷ്ദീപിന്റെ ഏറ്റവും മികച്ച പ്രകടനത്തിന് കായിക ലോകം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര ടി-20യില്‍ അര്‍ഷ്ദീപിന്റെ മികച്ച പ്രകടനവും ഈ മത്സരത്തിലായിരുന്നു.

ലോകകപ്പിലെ അണ്ടര്‍ഡോഗ്‌സായ യു.എസ്.എയ്ക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ തൊട്ടുമുമ്പ് പാകിസ്ഥാനെ ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍ത്തതോടെ എഴുതിത്തള്ളിയവര്‍ പോലും കയ്യടിച്ചു. ഇന്ത്യയ്‌ക്കെതിരെയും അവര്‍ ഈ അട്ടിമറി പുറത്തെടുക്കുമെന്ന് ആരാധകര്‍ പേടിച്ചു.

എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ വിജയശില്‍പികളെയടക്കം ഒറ്റയക്കത്തിന് പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ താരം വെറും ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

അര്‍ഷ്ദീപ് സിങ്

ഐ.സി.സി ടി-20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടത്തോടെയാണ് അര്‍ഷ്ദീപ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെച്ച് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഷയാന്‍ ജഹാംഗീറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി അര്‍ഷ്ദീപ് മടക്കി.

ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുന്നത്. എന്നാല്‍ ഇതിന് മുമ്പ് നാല് തവണയും രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം പിറവിയെടുത്തത്.

ഭുവനേശ്വര്‍ മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കലും ഈ നേട്ടം തന്റെ പേരില്‍ കുറിച്ചു.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി ഇന്നിങ്സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഭുവനേശ്വര്‍ കുമാര്‍ – ശ്രീലങ്ക – 2022

ഭുവനേശ്വര്‍ കുമാര്‍ – ഇംഗ്ലണ്ട് – 2022

ഭുവനേശ്വര്‍ കുമാര്‍ – സിംബാബ്‌വേ – 2022

ഹര്‍ദിക് പാണ്ഡ്യ – വെസ്റ്റ് ഇന്‍ഡീസ് – 2023

അര്‍ഷ്ദീപ് സിങ് – യു.എസ്.എ – 2024

ആദ്യ ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് ഓവറിലെ അവസാന പന്തിലും വിക്കറ്റ് നേടി. പാകിസ്ഥാനെതിരെ യു.എസ്. ഇന്നിങ്‌സില്‍ നെടുംതൂണായ ആന്‍ഡ്രീസ് ഗസിനെ വെറും രണ്ട് റണ്‍സിനാണ് താരം പുറത്താക്കിയത്. മത്സരത്തില്‍ ഹര്‍മീത് സിങ്ങിനെയും നിതീഷ് കുമാറിനെയും മടക്കിയാണ് അര്‍ഷ്ദീപ് കരിയറിലെ രണ്ടാം ടി-20 ഫോര്‍ഫറും പൂര്‍ത്തിയാക്കിയത്.

ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കി. എട്ട് മത്സരത്തില്‍ നിന്നും 17 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ബുംറയെ അടക്കം മറികടന്നാണ് അര്‍ഷ്ദീപ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്.

2024 ലോകകപ്പില്‍ പുലര്‍ത്തിയ അതേ മികവ് താരം 2026 ലോകകപ്പിലും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് മൂന്നാം കിരീടം സ്വപ്‌നം കാണാം.

Content highlight: Arshdeep Singh’s brilliant bowling performance in 2024 T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more