| Saturday, 28th February 2026, 8:56 am

ഇന്ത്യയും വിന്‍ഡീസും തമ്മില്‍ മാത്രമല്ല; ഇങ്ങനെയൊരു പോരാട്ടവുമുണ്ട്, ഇത് കളറാകും!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.വെസ്റ്റ് ഇന്‍ഡീസുമായാണ് അവസാന സൂപ്പര്‍ 8 മത്സരം. നാളെ (മാര്‍ച്ച് 1) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുക.

ഇന്ത്യക്കും വിന്‍ഡീസിനും ഈ മത്സരം വളരെ നിര്‍ണായകമാണ്. കൊല്‍ക്കത്തയില്‍ വിജയികളാവുന്നവര്‍ക്ക് സെമി ഫൈനലിനുള്ള ടിക്കറ്റുറപ്പിക്കാം. അതിനാല്‍ തന്നെ ഇരുടീമുകളുടെയും ലക്ഷ്യം വിജയം മാത്രമായിരിക്കും. ഇനി മഴയോ മോശം കാലാവസ്ഥ മൂലമോ മത്സരം ഉപേക്ഷിച്ചാല്‍ ഗുണം ചെയ്യുക വിന്‍ഡീസിനാണ്. നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ടീമിന് സെമിയിലേക്ക് മുന്നേറാനാകും.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും. Photo: BCCI& Windies Cricket/x.com

കരീബിയന്‍ പടക്കെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ ഒരു മത്സരത്തിന് കൂടി ആരാധകര്‍ക്ക് സാക്ഷിയാകാനാവും. നീലപ്പടയുടെ പേസര്‍മാരായ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യക്കായി ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡാണ് ഇരുവരുടെയും ലക്ഷ്യം.

നിലവില്‍ അര്‍ഷ്ദീപ് സിങ്ങാണ് ഈ കിരീടം ചൂടിയിരിക്കുന്നത്. 35 വിക്കറ്റുകളുമായാണ് ഇടം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ തലപ്പത്തിരിക്കുന്നത്. തൊട്ട് പിന്നില്‍ ബുംറയുണ്ട്. 33 വിക്കറ്റാണ് താരത്തിന്റെ ലോകകപ്പിലെ സമ്പാദ്യം. ബുംറയുടെ കൈയിലിരുന്ന റെക്കോഡ് അര്‍ഷ്ദീപ് കഴിഞ്ഞ മത്സരത്തില്‍ തന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.

അര്‍ഷ്ദീപ് സിങ്. Photo: BCCI/x.com

ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തില്‍ ബുംറ ആര്‍. അശ്വിനെ പിന്തള്ളി ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ എന്ന പട്ടം സ്വന്തമാക്കിയിരുന്നു. അന്നത്തെ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു താരത്തിന്റെ ഈ നേട്ടം.

എന്നാല്‍, അതിന് വലിയ ആയുസുണ്ടായിരുന്നില്ല. അടുത്ത മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വേയെ നേരിട്ടപ്പോള്‍ അര്‍ഷ്ദീപ് ഈ നേട്ടം ബുംറയില്‍ നിന്ന് തട്ടിയെടുത്തു. മൂന്ന് വിക്കറ്റുകളുമായാണ് താരം ഈ സിംഹാസനം കൈക്കലാക്കിയത്.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

ഇപ്പോള്‍ ഒരു മത്സരം കൂടി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബാക്കി നില്‍ക്കെ ഇരുവര്‍ക്കും ഈ നേട്ടം സ്വന്തമാക്കാം. അര്‍ഷ്ദീപിന് ഒരു വിക്കറ്റ് കൂടി തന്റെ അക്കൗണ്ടിലെത്തിച്ചാല്‍ വിക്കറ്റ് വേട്ടക്കാരന്റെ പട്ടം കൈപിടിയിലൊതുക്കാം. ബുംറക്കാവട്ടെ ഒന്നാമതെത്താന്‍ മൂന്ന് വിക്കറ്റുകളെങ്കിലും വീഴ്ത്തണം. അതിനാല്‍ തന്നെ ഈ പോരാട്ടവും കളറാവും.

ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, വിക്കറ്റുകള്‍

അര്‍ഷ്ദീപ് സിങ് – 35

ജസ്പ്രീത് ബുംറ – 33

ആര്‍. അശ്വിന്‍ – 32

ഹര്‍ദിക് പാണ്ഡ്യ – 29

രവീന്ദ്ര ജഡേജ – 22

അക്‌സര്‍ പട്ടേല്‍ – 19

ഹര്‍ഭജന്‍ സിങ് – 16

ഇര്‍ഫാന്‍ പത്താന്‍ -16

Content Highlight: Arshdeep Singh and Jasprit Bumrah are India’s leading wicket takers in T2o World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more