| Friday, 27th February 2026, 5:16 pm

ബുംറയൊന്നും ലിസ്റ്റില്‍ പോലുമില്ല....വെടിച്ചില്ല് റെക്കോഡില്‍ അര്‍ഷ്ദീപ് സിങ്!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026 സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വേയെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.

ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. 6.00 എന്ന മികച്ച എക്കോണമിയും താരത്തിനുണ്ട്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്. 9.5 ഓവറില്‍ 38 വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

അര്‍ഷ്ദീപ് സിങ്

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (എക്കോണമി)

അര്‍ഷ്ദീപ് സിങ് – 38 (9.5)

വരുണ്‍ ചക്രവര്‍ത്തി – 23 (8.8)

അക്‌സര്‍ പട്ടേല്‍ – 21 (8.1)

രവി ബിഷ്‌ണോയ് – 20 (7.8)

മിച്ചല്‍ സാന്റ്‌നര്‍ – 19 (7.2)

മത്സരത്തില്‍ അര്‍ഷ്ദീപിന് പുറമെ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 50), അഭിഷേക് ശര്‍മ (30 പന്തില്‍ 55), തിലക് വര്‍മ (16 പന്തില്‍ 44) എന്നിവര്‍ ഉയര്‍ന്ന സ്‌കോര്‍ നേടി മിന്നും പ്രകടനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 33), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 38) സഞ്ജു സാംസണ്‍ (15 പന്തില്‍ 26) എന്നിവരും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ഡു ഓര്‍ ഡൈ മാച്ചാണ് ഇരുവര്‍ക്കും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച മാര്‍ജിനിലാണ് വിജയിക്കേണ്ടത്. നിലവില്‍ വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.

Content Highlight: Arshdeep Singh In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more