| Sunday, 19th April 2026, 10:51 pm

പഞ്ചാബ് 254 അടിച്ച കളിയില്‍ അര്‍ഷദിപിന് 'ഡബിള്‍ സെഞ്ച്വറി'; ചരിത്രം കുറിച്ച് സിങ്

Sudev A

ടി-20 ഫോര്‍മാറ്റില്‍ പുതിയ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കി പഞ്ചാബ് കിങ്സ് പേസര്‍ അര്‍ഷദീപ് സിങ്. ടി-20യില്‍ 200 മത്സരങ്ങള്‍ കളിച്ചുകൊണ്ടാണ് താരം പുതിയ റെക്കോര്‍ഡിട്ടത്. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് അര്‍ഷദീപ് ഈ നേട്ടത്തിലെത്തിയത്.

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഒരു സുപ്രധാന നേട്ടവും അര്‍ഷദീപ് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയാണ് താരം തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സ് താരം റിയാന്‍ റിക്കല്‍ടണിനെ മടക്കിയാണ് അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ നൂറാം വിക്കറ്റ് വീഴ്ത്തിയതോടെ ഐ.പി.എല്ലിലും അന്താരാഷ്ട്ര തലത്തിലും 100 വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ബൗളറാണ് അര്‍ഷ്ദീപ്. റാഷിദ് ഖാന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

അതേസമയം പഞ്ചാബിന്റെ തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 254 റണ്‍സാണ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്. പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കോണോലിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പഞ്ചാബ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും 93 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്.

കൊണോലി 46 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 87 റണ്‍സും അടിച്ചെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയെങ്കിലും ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോണിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തുകയായിരുന്നു. സ്റ്റോണിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടിയാണ് കൂറ്റന്‍ ടോട്ടലിലേക്ക് പഞ്ചാബിനെ നയിച്ചത്.

എല്‍.എല്‍.ജിയുടെ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം.സിദ്ധാര്‍ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍, പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണോളി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോണിസ്, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്ടലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, മുകുള്‍ ചൗധരി, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്, എം. സിദ്ധാര്‍ത്ഥ്, മൊഹ്‌സിന്‍ ഖാന്‍.

Content Highlight: Arshdeep singh create a new milestone in t20 cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more