ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാൻഡ്. ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 87 റൺസിന്റെ കൂറ്റൻ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത് മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവാണ്. അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
മത്സരത്തിൽ നേടിയ ഒറ്റ വിക്കറ്റിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് അർഷ്ദീപ് സിങ് സ്വന്തമാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്ക് വേണ്ടി 150 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ താരമായാണ് അർഷ്ദീപ് സിങ് മാറിയത്. ഇന്ത്യക്ക് വേണ്ടി 2022ൽ അരങ്ങേറ്റം കുറിച്ച താരം വെറും നാല് വർഷത്തിനുള്ളിലാണ് ഇത്രയധികം വിക്കറ്റുകൾ നേടിയതെന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യക്ക് വേണ്ടി 103 മത്സരങ്ങളിൽ നിന്നുമാണ് പഞ്ചാബ് കിങ്സ് പേസറുടെ നേട്ടം.
അർഷ്ദീപ് സിങ് – 150
ജസ്പ്രീത് ബുംറ -126
അക്സർ പട്ടേൽ – 116
ഹർദിക് പാണ്ഡ്യ -114
കുൽദീപ് യാദവ് – 98
യുസ്വേന്ദ്ര ചഹൽ – 96
ഭുവനേശ്വർ കുമാർ – 91
അതേസമയം മത്സരത്തിൽ ഗ്ലെൻ ഫിലിപ്സ് 49 പന്തിൽ നിന്ന് 107 റൺസ് നേടിയാണ് തിളങ്ങിയത്. 10 സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. 218.37 എന്ന സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഫിലിപ്സിന് പുറമേ 25 പന്തിൽ 65 റൺസ് നേടി മിച്ചൽ ബ്രേസ്വെല്ലും തകർത്തടിച്ചു. ആറ് സിക്സും നാല് ഫോറുമായിരുന്നു താരം നേടിയത്. ഓപ്പണർ ഫിൻ അലൻ 31 റൺസ് നേടിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഉയർന്ന സ്കോർ നേടിയത് തിലക് വർമയാണ്. 35 പന്തിൽ 35 റൺസാണ് താരം നേടിയത്. നമൻ ധിർ 28 റൺസും അഭിഷേക് ശർമ 22 റൺസും നേടി മടങ്ങി. ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിനാണ് മടങ്ങിയത്.
ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ രണ്ട് പന്തിൽ നാല് റൺസും നേടി പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി നാല് വിക്കറ്റ് നേടി തിളങ്ങാൻ ജേക്കബ് ഡഫിക്ക് സാധിച്ചു. ക്യാപ്റ്റൻ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Content Highlight: Arshdeep Singh completed 150 wickets in T20I