ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയെ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ടീം തങ്ങളുടെ സെമി ഫൈനല്‍ സാദ്ധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി.
ഇന്ത്യയുര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഷെവറോണ്‍സിന് 184 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ബ്രയാന്‍ ബെന്നെറ്റ് മികച്ച പ്രകടനവുമായി പൊരുതിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഈ പോരാട്ടം മതിയായിരുന്നില്ല.
മത്സരത്തില്‍ ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊണ്ട്തായിരുന്നു താരത്തിന്റെ ഈ പ്രകടനം.
മിന്നും പ്രകടനത്തിനൊപ്പം ഒരു സൂപ്പര്‍ നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കി. ഇന്ത്യക്കായി ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന പട്ടമാണ് ഇടം കൈയ്യന്‍ പേസര്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്. 35 വിക്കറ്റുകളുമായാണ് താരത്തിന്റെ നേട്ടം.
അര്‍ഷ്ദീപ് സിങ്. Photo: BCCI/x.com
ഇതാകട്ടെ ജസ്പ്രീത് ബുംറയെ മറികടന്നാണ് എന്നതാണ് ശ്രദ്ധേയം. ഈ ലോകകപ്പിനിടെ സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന സൂപ്പര്‍ 8 മത്സരത്തിലായിരുന്നു ബുംറ ഈ നേട്ടം കുറിച്ചത്. അതാണ് ഇപ്പോള്‍ അര്‍ഷ്ദീപ് ഒരു മത്സരത്തിന്റെ ഇടവേളയില്‍ സ്വന്തം പേരിലേക്ക് എഴുതി ചേര്‍ത്തത്.
അര്‍ഷ്ദീപ് സിങ് – 35
ജസ്പ്രീത് ബുംറ – 33
ആര്‍. അശ്വിന്‍ – 32
ഹര്‍ദിക് പാണ്ഡ്യ – 29
രവീന്ദ്ര ജഡേജ – 22
അക്സര്‍ പട്ടേല്‍ – 19
ഹര്‍ഭജന്‍ സിങ് – 16
ഇര്‍ഫാന്‍ പത്താന്‍ -16
അര്‍ഷ്ദീപിന് പുറമെ, ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ശിവം ദുബെ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ബ്രയാന്‍ ബെന്നെറ്റ്. Photo: Zimbabwe Cricket/x.com
സിംബാബ്‌വേക്കായി ബ്രയാന്‍ ബെന്നെറ്റ് 59 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്തു. ഒപ്പം സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സും തടിവനാഷെ മരുമാനി 20 പന്തില്‍ 20 റണ്‍സും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അഭിഷേക് ശര്‍മ 30 പന്തില്‍ 55 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 23 പന്തില്‍ പുറത്താവാതെ 50 റണ്‍സും നേടി തിളങ്ങി. തിലക് വര്‍മ (16 പന്തില്‍ 44*), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 33), സഞ്ജു സാംസണ്‍ (15 പന്തില്‍ 24) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
സിംബാബ്‌വേക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിങ് മുസാരബാനി, മപാസ, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Content Highlight: Arshdeep Singh became top taker of India in T20 World Cup by surpassing Jasprit Bumrah