2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒമാനെതിരെ 21 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയിച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ ചെറുത്തുനിന്നാണ് ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ ഒമാന്‍ 21 റണ്‍സിന് പരാജയപ്പെട്ടത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഒമാനിന് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരമാകാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിച്ചിരുന്നു. 99 വിക്കറ്റുമായി കളത്തിലിറങ്ങിയ അര്‍ഷ്ദീപ് ഒമാന്റെ വിനായക് ശുക്ലയെ ഒരു റണ്‍സിന് മടക്കിയാണ് സ്വപ്‌ന നേട്ടത്തിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ആദ്യമായാണ് ഒരു താരം ഈ നാഴികക്കല്ലിലെത്തിയത്. ഇതിന് പുറമെ മറ്റൊരു റെക്കോഡും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് താരത്തിന് സാധിച്ചത്. അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.
റാഷിദ് ഖാന്‍ – 53
വാനിന്ദു ഹസരംഗ – 63
അര്‍ഷ്ദീപ് സിങ് – 64
അതേസമയം ഇന്ത്യന്‍ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു മത്സരത്തില്‍ തിളങ്ങിയത്. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറുമുള്‍പ്പെടെ 56 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ദുബായിലെ കടുത്ത ചൂടില്‍ രണ്ടാം ഓവറില്‍ എത്തി 18ാം ഓവറുവരെ പോരാടിയാണ് സഞ്ജു കൂടാരം കയറിയത്. മത്സരത്തിലെ താരമാകാനും സഞ്ജുവിന് സാധിച്ചിരുന്നു.
മത്സരത്തില്‍ സഞ്ജുവിന് പുറമെ, ഓപ്പണര്‍ അഭിഷേക് 15 പന്തില്‍ 38 റണ്‍സാണ് നേടിയത്. തിലക് 18 പന്തില്‍ 29 റണ്‍സ് അടിച്ചപ്പോള്‍ അക്സര്‍ 13 പന്തില്‍ 26 റണ്‍സും സ്‌കോര്‍ ചെയ്തു. ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഒമാന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ആമിര്‍ കലീമാണ്. താരം 46 പന്തില്‍ 64 റണ്‍സാണ് സ്വന്തമാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒപ്പം, ഹമ്മാദ് മിര്‍സയും ജതീന്ദര്‍ സിങ്ങും മികച്ച ബാറ്റിങ് പുറത്തെടുത്തു. മിര്‍സ 33 പന്തില്‍ 51 റണ്‍സ് എടുത്തപ്പോള്‍ ജതീന്ദര്‍ 33 പന്തില്‍ 32 റണ്‍സും നേടി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങിന് പുറമെ, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: Arshdeep Singh Achieve Great Record in International T20