| Wednesday, 21st January 2026, 5:17 pm

കളിച്ച എല്ലാ മത്സരത്തിലും വിജയം! സ്വന്തം ചരിത്രം തിരുത്തി ഗണ്ണേഴ്സ്

ഫസീഹ പി.സി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്റര്‍ മിലാനെ തകര്‍ത്താണ് ടീം വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം.

ലീഗില്‍ മറ്റൊരു വിജയം സ്വന്തമാക്കിയതോടെ ഒരു ചരിത്രം സൃഷ്ടിക്കാനും ഗണ്ണേഴ്‌സിന് സാധിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തില്‍ ആദ്യമായി ടീമിന് തുടര്‍ച്ചയായി ഏഴ് വിജയങ്ങള്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ ടീം ഒറ്റ മത്സരത്തില്‍ ജയം കൈവിട്ടിട്ടില്ല.

ആഴ്സണല്‍. Photo: Arsenal/x.com

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗണ്ണേഴ്‌സിന് എതിരാളികള്‍ അത്ലറ്റിക് ബില്‍ബാവോയായിരുന്നു. ആ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. പിന്നീട് ഒളിമ്പിക്കോസിനെയും അത്ലറ്റികോ മാഡ്രിഡിനെയും സ്വന്തം തട്ടകത്തില്‍ നേരിട്ടു. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും അടുത്ത മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കും ടീം വിജയിച്ചു.

അതിന് ശേഷം സ്ലാവിയ പ്രാഗ്, ബയേണ്‍ മ്യൂണിക്ക്, ക്ലബ്ബ് ബ്രഗ്ഗ് എന്നിവര്‍ എതിരാളികളായി എത്തി. ഈ മത്സരങ്ങളിലെല്ലാം ആഴ്സണല്‍ വിജയക്കൊടി നാട്ടി. അതാകട്ടെ മൂന്ന് ഗോളുകള്‍ വീതം വലയിലെത്തിച്ചാണ് മൂന്ന് പോയിന്റുകള്‍ അക്കൗണ്ടിലെത്തിച്ചത്.

അവസാനമായി ഇന്ററും ഗണ്ണേഴ്‌സിന് മുന്നില്‍ മുട്ടുകുത്തി. ഈ മത്സരങ്ങളെല്ലാമായി ഗണ്ണേഴ്സ് എതിരാളികളുടെ വല കുലുക്കിയത് 20 തവണയാണ്. വഴങ്ങിയതാവട്ടെ വെറും രണ്ട് ഗോളുകളും. ഈ സീസണില്‍ സ്വപ്ന കുതിപ്പാണ് മൈക്കല്‍ ആര്‍തേറ്റയുടെ ആഴ്സണല്‍ നടത്തുന്നത്.

ഗബ്രിയേൽ ജീസസ്. Photo: B/R Football/x.com

മത്സരത്തില്‍ ആദ്യത്തെ ഗോളടിച്ചത് ഗണ്ണേഴ്സായിരുന്നു. ടീമിനായി ഗബ്രിയേല്‍ ജീസസാണ് പന്ത് വലയിലെത്തിച്ചത്. 10ാം മിനിട്ടിലായിരുന്നു ഈ ഗോള്‍. ഏറെ വൈകാതെ ഇന്റര്‍ തിരിച്ചടിച്ചു. 18ാം മിനിട്ടിലായിരുന്നു ഈ സമനില ഗോള്‍ പിറന്നത്. ഇന്ററിനായി ഏക ഗോളടിച്ചത് പീറ്റര്‍ സൂസിക്കാണ്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ആഴ്സണല്‍ ലീഡ് നേടി. 31ാം മിനിട്ടിലായിരുന്നു ടീമിന്റെ രണ്ടാം ഗോള്‍ വല കുലുക്കിയത്. ഇത്തവണയും ജീസസ് തന്നെയാണ് ഗോള്‍ അടിച്ചത്.

പിന്നീട് കളിയുടെ അവസാന പത്ത് മിനിറ്റില്‍ പന്ത് ഒരിക്കല്‍ കൂടി വലയിലെത്തിച്ച് വിക്ടര്‍ ഗൈക്കറസ് ഗണ്ണേഴ്‌സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ടീമിന്റെ മൂന്നാം ഗോള്‍ ഇന്ററിന്റെ വല തുളച്ചത് 84ാം മിനിട്ടിലാണ്.

Content Highlight: Arsenal win 7/7 games in UEFA Champions League for the first time ever

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more