| Sunday, 15th March 2026, 11:22 am

ഗോള്‍ വലയ്ക്ക് മുന്നിലെ ഉരുക്കുകോട്ട! റയ യൂറോപ്പിലെ ഒന്നാമന്‍

ഫസീഹ പി.സി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ ആഴ്സണല്‍ സൂപ്പര്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയം. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ഉയര്‍ത്താന്‍ ടീമിന് സാധിച്ചു.

മത്സരത്തില്‍ വിജയിച്ചതോടെ ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റയ ഒരു സൂപ്പര്‍ നേട്ടം കരസ്ഥമാക്കി. ഈ സീസണില്‍ യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളില്‍ 20 ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന ആദ്യ ഗോളി എന്ന നേട്ടമാണ് താരം തന്റെ പേരിലാക്കിയത്.

ഡേവിഡ് റയ. Photo: Liquid Gooner/x.com

39 മത്സരങ്ങളിലാണ് റയ ഗോള്‍ വഴങ്ങാതിരുന്നത്. പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളിലും അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും താരം എതിരാളികളുടെ ഒരു ഗോള്‍ പോലും തന്റെ വലയെത്താന്‍ സമ്മതിച്ചില്ല. പ്രീമിയര്‍ ലീഗ്, ലാലിഗ, ബുണ്ടസ്ലീഗ, സീരി എ, ലീഗ് വണ്‍ എന്നീ ലീഗുകളില്‍ ഒരാള്‍ പോലും ഈ സീസണില്‍ ഇത്ര ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയിട്ടില്ല.

അതേസമയം, മത്സരത്തിലെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമിലെയും താരങ്ങള്‍ പന്തുമായി കുതിച്ചു. നിരവധി ഷോട്ടുകളുമായി ആഴ്സണല്‍ ആദ്യ ഹാഫില്‍ തന്നെ കളിയുടെ ആധിപത്യം പിടിച്ചെടുത്തു. പക്ഷേ, ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ ഗോള്‍ രഹിത സമനിലയില്‍ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ ഏകദേശം അവസാനം വരെ ഇതേ സ്ഥിയില്‍ തന്നെ കളി മുന്നോട്ട് പോയി. 89ാം മിനിട്ടില്‍ ഗണ്ണേഴ്സ് ഗോളടിച്ച് ലീഡ് നേടി. വിക്റ്റര്‍ ഗ്യോക്കെറസായിരുന്നു ടീമിനായി വല കുലുക്കിയത്. പിയേറോ ഹിന്‍കാപ്പി നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു സ്വീഡിഷ് സ്ട്രൈക്കറുടെ ഗോള്‍ നേട്ടം.

മത്സരം ഇഞ്ചുറി ടൈമിലേക്ക് നീണ്ടപ്പോള്‍ മറ്റൊരു ഗോള്‍ കൂടി ആഴ്സണല്‍ കണ്ടെത്തി. ഇത്തവണ യുവതാരം മാക്‌സ് ഡൗമാന്റെ വകയായിരുന്നു 90+ 7 മിനിട്ടിലെ ഈ ഗോള്‍. എവര്‍ട്ടണ് ലഭിച്ച കോര്‍ണര്‍ ഗണ്ണേഴ്സ് താരം ഗബ്രിയേല്‍ ഹെഡ് ചെയ്തത് തട്ടിയകറ്റിയിരുന്നു. ഈ പന്തെടുത്ത് കുതിച്ചാണ് താരം ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.

Content Highlight: Arsenal’s David Raya becomes the first goalkeeper in Europe’s top five leagues to reach 20 clean sheets across all competitions this season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more