| Monday, 14th July 2025, 7:36 pm

കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ആഴ്‌സണല്‍; കൊണ്ടുവരുന്നത് ഗോളടിയില്‍ റൊണാള്‍ഡോയെ തോല്‍പിച്ചവനെ!

സ്പോര്‍ട്സ് ഡെസ്‌ക്

സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് ഗോളടിയന്ത്രം വിക്ടര്‍ ഗ്യോക്കറസിനെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി ആഴ്‌സണല്‍. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആവശ്യപ്പെടുന്ന ട്രാന്‍സ്ഫര്‍ തുക നല്‍കി താരത്തെ ടീമിലെത്തിക്കാനാണ് ഗണ്ണേഴ്‌സ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

63.5 മില്യണ്‍ യൂറോ ഫിക്‌സ്ഡ് ഫീസായും 10 മില്യണ്‍ യൂറോ ആഡ് ഓണ്‍ ആയും നല്‍കാന്‍ ആഴ്‌സണ്‍ തയ്യാറായി എന്നാണ് അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്നേറ്റ നിരയുടെ മൂര്‍ച്ച വര്‍ധിപ്പിക്കാന്‍ ആഴ്‌സണല്‍ ഗ്യോക്കറസിനെ സ്വന്തമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ക്ലബ്ബുകളില്‍ നിന്നും ഓഫറുകളുണ്ടെങ്കിലും തനിക്ക് ആഴ്‌സണലില്‍ കളിക്കണമെന്ന് ഗ്യോക്കറസും പറഞ്ഞിരുന്നു.

മാര്‍ട്ടിന്‍ സുബിമെന്‍ഡി, ക്രിസ്റ്റിയന്‍ നോര്‍ഗാര്‍ഡ്, കെപ അരിസബലാഗ എന്നിവരെ ഇതിനോടകം ടീമിലെത്തിച്ച ആഴ്‌സണല്‍ ഗ്യോക്കറസിന് പുറമെ നോനി മഡൂക്കെയെയും സ്വന്തമാക്കാന്‍ പദ്ധതിയിടുന്നുണ്ട്.

അഞ്ച് വര്‍ഷത്തേക്കായിരിക്കും ആഴ്‌സണല്‍ ഗ്യോക്കറസുമായി കരാര്‍ ഒപ്പുവെക്കുക.

ഇക്കഴിഞ്ഞ യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാകാന്‍ ഗ്യോക്കറസിന് സാധിച്ചിരുന്നു. ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളുകളേക്കാളേറെ ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം നേടിയാണ് സ്വീഡിഷ് താരം ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്.

ലീഗ് സി-സിയാണ് സ്വീഡന്‍ കളിച്ചത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ അടുത്ത നേഷന്‍സ് ലീഗില്‍ ലീഗ് ബി-യിലേക്ക് പ്രൊമോഷന്‍ നേടാനും സ്വീഡന് സാധിച്ചു.

ടീം ആകെ നേടിയതിന്റെ പകുതിയിലേറെ ഗോളും സ്വന്തമാക്കിയാണ് സ്പോര്‍ട്ടിങ് ലിസ്ബണിന്റെ മുന്നേറ്റക്കാരന്‍ തിളങ്ങിയത്. ആറ് മത്സരത്തില്‍ നിന്നും ഒമ്പത് ഗോളാണ് ഗ്യോക്കറസ് സ്വന്തമാക്കിയത്.

കളിച്ച ആറില്‍ അഞ്ച് മത്സരത്തിലും താരം ഗോള്‍ കണ്ടെത്തിയിരുന്നു. സ്ലോവാക്യക്കെതിരെ സമനിലയില്‍ കുരുങ്ങിയ ഒറ്റ മത്സരത്തില്‍ മാത്രമാണ് താരത്തിന് വലകുലുക്കാന്‍ സാധിക്കാതെ പോയത്.

അസര്‍ബൈജാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ സ്വീഡന്‍ 3-1ന് വിജയിച്ചിരുന്നു. ഇതില്‍ ഒരു ഗോളാണ് ഗ്യോക്കറസ് നേടിയത്. എസ്റ്റോണിയക്കെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് വിജയിച്ചപ്പോള്‍ രണ്ട് ഗോളും രണ്ടാം മത്സരത്തിലും 3-0ന് വിജയിച്ചപ്പോള്‍ ഒരു ഗോളും താരം അടിച്ചെടുത്തു.

സ്ലോവാക്യയ്ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 2-1നാണ് ടീം വിജയിച്ചത്. ഇതില്‍ ഒരു ഗോള്‍ ഗ്യോക്കറസ് സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ അസര്‍ബൈജാനെ എതിരില്ലാത്ത ആറ് ഗോളിനാണ് സ്വീഡന്‍ തകര്‍ത്തുവിട്ടത്. ഇതില്‍ നാല് ഗോളും പിറവിയെടുത്തത് ഗ്യോക്കറസിലൂടെയാണ്.

നേരത്തെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ഗ്യോക്കറസിനെ ആരാധകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സ്വീഡനില്‍ സ്ലാട്ടന്‍ ഇബ്രഹാമോവിച്ചിന്റെ ലെഗസി ആര് പിന്തുടരുമെന്ന ചോദ്യത്തിന് കൂടിയാണ് ഇപ്പോള്‍ ഗ്യോക്കറസിലൂടെ ആരാധകര്‍ക്ക് ഉത്തരം ലഭിക്കുന്നത്.

Content highlight: Arsenal reach final agreement over transfer for Viktor Gyokeres

We use cookies to give you the best possible experience. Learn more