| Wednesday, 20th May 2026, 8:15 am

22 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; പ്രിമീയര്‍ ലീഗിലെ രാജാക്കന്മാരായി ആഴ്സണല്‍

Sudev A

2026 ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ചാമ്പ്യന്മാരായി ആഴ്സണല്‍. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ബേണ്‍മൗത്ത് മത്സരം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് ഗണ്ണേഴ്സ് കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഇതോടെ ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി നാല് പോയിന്റ് വ്യത്യാസമായാണ് ഗണ്ണേഴ്സ് ചാമ്പ്യന്മാരായത്. നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആഴ്സണല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്മാരാവുന്നത്. ആഴ്‌സണലിന്റെ നാലാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമാണിത്. ഇതിന് മുമ്പ് 2003ലായിരുന്നു പീരങ്കിപ്പട കിരീടം ചൂടിയിരുന്നത്. ടീമിന്റെ 14ാം ഇംഗ്ലീഷ് ലീഗ് കിരീടവുമാണിത്.

37 മത്സരങ്ങളില്‍ നിന്നും 27 വിജയവും ഏഴ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 82 പോയിന്റുമായാണ് ആഴ്സണല്‍ കിരീടമുറപ്പിച്ചത്. ഇ.പി.എല്ലില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ആഴ്‌സണലിന്റെ ഈ സീസണിലെ അവസാന മത്സരം. ഈ സീസണില്‍ 16 മത്സരങ്ങള്‍ തോല്‍വിയറിയാതെയെത്തിയ ബേണ്‍മൗത്ത് സിറ്റിയെ സമനിലയില്‍ പൂട്ടുകയായിരുന്നു. എല്ലി ജൂനിയര്‍ ക്രൂപ്പി ബേണ്‍മൗത്തിനായി ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഏര്‍ലിങ് ഹാലണ്ടിലൂടെയാണ് സിറ്റി സമനില പിടിച്ചത്.

ഈ സീസണില്‍ മറ്റൊരു കിരീടത്തിനരികെ കൂടിയാണ് മൈക്കല്‍ അര്‍ട്ടേട്ടയും പടയാളികളും. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ആഴ്‌സണലിന്റെ മുന്നിലുള്ളത്. മെയ് 30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നാണ് ആഴ്‌സണലിന്റെ മുന്നിലുള്ളത്.

സെമി ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ഗണ്ണേഴ്സ് ഫൈനലിലേക്ക് കുതിച്ചത്. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പീരങ്കിപ്പടയുടെ വിജയം. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന്റെ ആധിപത്യത്തില്‍ ആഴ്‌സണല്‍ കലാശ പോരാട്ടത്തിന് ടിക്കറ്റെടുക്കുകയായിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഗണ്ണേഴ്സ് യു.സി.എല്‍ ഫൈനലിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടത്തിലേക്ക് മുന്നേറുന്നത്.

2006ലാണ് ആഴ്സണല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് ബാഴ്‌സലോണയോട് പരാജയപ്പെട്ട് ഗണ്ണേഴ്‌സിന് കിരീടം നഷ്ടമാവുകയിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാരുടെ വിജയം. ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താന്‍ ആഴ്‌സണലിന് ഒരു വിജയം മാത്രം മതി.

Content Highlight: Arsenal lift English premiere league tittle after 22 years

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more