| Wednesday, 8th April 2026, 11:14 am

27 ഗോളുകളും അഞ്ച് ക്ലീന്‍ ഷീറ്റും; അപരാജിത കുതിപ്പ് തുടര്‍ന്ന് പീരങ്കിപട!

ഫസീഹ പി.സി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്റെ വിജയം.

മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ നേടിയ ഗോളാണ് ഗണ്ണേഴ്‌സിന് വിജയം സമ്മാനിച്ചത്. ജര്‍മന്‍ സ്ട്രൈക്കര്‍ കൈ ഹാവെര്‍ട്‌സാണ് ഗോള്‍ സ്‌കോറര്‍. 90+ 1ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു വിജയം കൂടി നേടിയതോടെ ആഴ്സണലിന് ഈ സീസണില്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാന്‍ സാധിച്ചു. 2025 – 26 ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ഏക ടീമാണ് മൈക്കല്‍ ആര്‍ട്ടേറ്റയും സംഘവും.

ആഴ്‌സണൽ താരങ്ങൾ. Photo: H/x.com

ഈ സീസണില്‍ 11 മത്സരങ്ങളാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചത്. അതില്‍ എട്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അടക്കം പത്തെണ്ണത്തില്‍ ടീം വിജയിച്ചു. ഒരു മത്സരത്തില്‍ ടീം സമനിലയും വഴങ്ങി. ബയര്‍ ലെവര്‍കൂസനെ റൗണ്ട് സിക്സ്റ്റീനിലെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോളായിരുന്നു ഇത്.

ഈ മത്സരങ്ങളില്‍ ഗണ്ണേഴ്സ് എതിരാളികളുടെ വലയിലേക്ക് അടിച്ച് കയറ്റിയത് 27 ഗോളുകളാണ്. എന്നാല്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. കൂടാതെ, ഏഴ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ക്ലീന്‍ ഷീറ്റും സ്വന്തമാക്കി.

ഈ സീസണിലെ ആഴ്‌സണലിന്റെ ആദ്യ എതിരാളി അത്ലറ്റിക് ബില്‍ബാവോയായിരുന്നു. ഈ മത്സരത്തില്‍ ടീം എതിരില്ലാത്ത രണ്ട് ഗോളിന് വിജയം സ്വന്തമാക്കി. പിന്നാലെ ഒളിമ്പിക്കോസ്, അത്ലറ്റികോ മാഡ്രിഡ്, സ്ലാവിയ പ്രാഹ എന്നിവര്‍ എതിരാളികളായി എത്തി. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ചപ്പോള്‍ അത്‌ലറ്റിയെ എതിരില്ലാത്ത നാല് ഗോളിനാണ് തകര്‍ത്തത്.

ആഴ്‌സണൽ.

സ്ലാവിയ പ്രാഹയോട് മൂന്ന് ഗോളിന്റെ വിജയം നേടി മറ്റൊരു ക്ലീന്‍ ഷീറ്റും ആഴ്സണല്‍ കുറിച്ചു. പിന്നീട് ബയേണ്‍ മ്യൂണിക്കായിരുന്നു ഗണ്ണേഴ്‌സിന് മുന്നിലെത്തിയത്. അതില്‍ 3 -1ന്റെ ജയം നേടി ടീം കുതിച്ചു.

ആറാം മത്സരത്തില്‍ ക്ലബ്ബ് ബ്രൂഗെയെ നേരിട്ടപ്പോള്‍ ആഴ്സണല്‍ ഒരിക്കല്‍ കൂടി ക്ലീന്‍ ഷീറ്റ് നേടി. ഇതില്‍ മൂന്ന് ഗോളിനായിരുന്നു ടീമിന്റെ വിജയം. അതില്‍ ശേഷം ഇന്റര്‍ മിലാനും കൈരാത്ത് അല്‍മാറ്റി ആഴ്‌സനലിനെതിരെ പോരാടി. ഇതില്‍ 3 – 1 ന്റെയും 3- 2ന്റെയും വിജയം നേടി ഗ്രൂപ്പ് സ്റ്റേജില്‍ അപരാജിതരായി റൗണ്ട് ഓഫ് സിക്സ്റ്റീനിലെത്തി.

അവസാന 16 ടീമുകളുടെ പോരില്‍ ബയര്‍ ലെവര്‍കൂസനായിരുന്നു എതിരാളി. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില വഴങ്ങിയപ്പോള്‍ രണ്ടാം പാദത്തില്‍ ഗണ്ണേഴ്സ് രണ്ട് ഗോളടിച്ച് ജര്‍മന്‍ ക്ലബ്ബിനെ മുട്ടുകുത്തിച്ചു. ഇപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തിലും ആഴ്സണല്‍ ജയിച്ച് അപരാജിതരായി തുടരുകയാണ്.

Content Highlight: Arsenal is the only undefeated team in UEFA Champions League 2025 – 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more