| Wednesday, 6th May 2026, 12:26 pm

ലോകത്തിലെ ആദ്യ ടീം; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിന്റെ നെറുകയില്‍ ആഴ്സണല്‍

Sudev A

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് ആഴ്‌സണല്‍. രണ്ടാം പാദ സെമി ഫൈനലില്‍ അത്ലറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ഗണ്ണേഴ്‌സ് ഫൈനലിലേക്ക് കുതിച്ചത്. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പീരങ്കിപ്പടയുടെ വിജയം.

ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന്റെ ആധിപത്യത്തില്‍ ആഴ്സണല്‍ കലാശ പോരാട്ടത്തിന് ടിക്കറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയുടെ ഗോളിലാണ് ആഴ്‌സണല്‍ വിജയിച്ചത്.

ഈ വിജയത്തോടെ ഒരു ചരിത്രനേട്ടമാണ് ആഴ്സണല്‍ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ തോല്‍വിയറിയാതെ 14 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി മാറിയാണ് ഗണ്ണേഴ്സ് റെക്കോര്‍ഡിട്ടത്. ഈ സീസണില്‍ 41 വിജയങ്ങളുമായാണ് ആഴ്സണല്‍ കുതിക്കുന്നത്. 1970-71 സീസണിലായിരുന്നു ആഴ്സണല്‍ ഇത്രയധികം വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിജയ പരമ്പര ആവര്‍ത്തിച്ചിരിക്കുകയാണ് ഗണ്ണേഴ്സ്.

അതേസമയം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗണ്ണേഴ്‌സ് യു.സി.എല്‍ ഫൈനലിന് യോഗ്യത നേടുന്നത്. ഇത് രണ്ടാം തവണയാണ് ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടത്തിലേക്ക് മുന്നേറുന്നത്. 2006ലാണ് ആഴ്‌സണല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് ബാഴ്സലോണയോട് പരാജയപ്പെട്ട് ഗണ്ണേഴ്സിന് കിരീടം നഷ്ടമാവുകയിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാരുടെ വിജയം. ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താന്‍ ആഴ്സണലിന് ഒരു വിജയം മാത്രം മതി.

ചാമ്പ്യന്‍സ് ലീഗിന്റെ മറ്റൊരു സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കും പാരീസ് സെയ്ന്റ് ജെര്‍മെയ്നുമാണ് ഏറ്റുമുട്ടന്നത്. ആദ്യ പാദത്തില്‍ ബയേണിനെതിരെ 5-4ന്റെ തകര്‍പ്പന്‍ വിജയം പി.എസ്.ജി സ്വന്തമാക്കിയിരുന്നു.

രണ്ടാം പാദം മെയ് ഏഴിന് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടക്കും. ഈ മത്സരത്തിലെ വിജയികളെയാണ് മെയ് 30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആഴ്‌സണല്‍ നേരിടുക. ഹംഗറിയിലെ പുസ്‌കസ് അരീനയിലാണ് ഫൈനല്‍.

Content Highlight: Arsenal Create a Historical Record in UEFA Champions League

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more