എഫ്.എ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മാന്‍സ്ഫീല്‍ഡ് ടൗണ്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
മത്സരത്തില്‍ നോനി മദുയേകെയും എബെറെച്ചി എസെയുമാണ് ഗണ്ണേഴ്‌സിനായി പന്ത് വലയിലെത്തിച്ചത്. മദുയേകെ ഗോള്‍ നേടിയത് 41ാം മിനിട്ടിലാണ്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നല്‍കിയ പന്ത് സ്വീകരിച്ചാണ് താരത്തിന്റെ ഗോള്‍ നേട്ടം.
ആഴ്‌സണൽ. Photo: Football on TNT Sports/x.com
66ാം മിനിട്ടിലാണ് എസെ ടീമിന്റെ രണ്ടാം ഗോള്‍ അടിച്ച് ഗണ്ണേഴ്‌സിന് വിജയമുറപ്പിച്ചത്. ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിന്റെ വകയായിരുന്നു ഈ ഗോളിന്റെ അസിസ്റ്റ്.
വില്‍ ഇവന്‍സാണ് മാന്‍സ്ഫീല്‍ഡ് ടൗണിന്റെ ആശ്വാസ ഗോള്‍ നേടിയത്. 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഈ ഗോള്‍. ഇതിലൂടെ താരത്തിന് തന്റെ ടീമിന് സമനില സമ്മാനിക്കാന്‍ സാധിച്ചിരുന്നെങ്കിലും അതിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. ഏറെ വൈകാതെ തന്നെ ഗണ്ണേഴ്സ് രണ്ടാം ഗോളും അടിച്ച് വിജയം നേടിയെടുക്കയായിരുന്നു.
വിജയത്തിനൊപ്പം തന്നെ ആര്‍സണ്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഈ സീസണില്‍ 100 ഗോളുകള്‍ അടിക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് എന്ന നേട്ടമാണ് ടീം തങ്ങളുടെ പേരില്‍ കുറിച്ചത്. നിലവില്‍ ഗണ്ണേഴ്‌സിന് 101 ഗോളുകളുണ്ട്. 46 മത്സരങ്ങളില്‍ കളിച്ചാണ് ടീം ഇത്രയും ഗോളുകള്‍ അടിച്ച് കൂട്ടിയത്. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബിനും ഇതുവരെ ഈ നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല.
ആഴ്‌സണൽ. Photo: Newbytes.com
അതേസമയം, ആഴ്സണല്‍ ഈ സീസണില്‍ ‘സെഞ്ച്വറി’യടിക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ ടീമാണ്. ഈ സീസണില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കും സ്പാനിഷ് വമ്പന്മാരായ ബാര്‍സലോണയും നേരത്തെ ഈ നേട്ടത്തിലെത്തിയിരുന്നു. ബയേണ്‍ ഇതുവരെ 128 ഗോളുകള്‍ക്കാണ് ഈ സീസണില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. ബാര്‍സയാകട്ടെ 111 ഗോളുകളും സ്‌കോര്‍ ചെയ്തു.
അതേസമയം, ആഴ്‌സണലിന്റെ അടുത്ത മത്സരം ബയര്‍ ലെവര്‍ക്യൂസനുമായാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്സ്റ്റീനിലെ ഈ മത്സരം മാര്‍ച്ച് 11നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: Arsenal became first English club to score 100 goals in this season and third team in overall in Europe