| Wednesday, 6th May 2026, 7:53 am

20 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; മാഡ്രിഡും കടന്ന് പീരങ്കിപ്പട ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Sudev A

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറി ആഴ്സണല്‍. രണ്ടാം പാദ സെമി ഫൈനലില്‍ അത്ലെറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ഗണ്ണേഴ്സ് ഫൈനലിലേക്ക് കുതിച്ചത്. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പീരങ്കിപ്പടയുടെ വിജയം. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ വിജയിച്ചുകയറിയാണ് ആഴ്സണല്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്.

നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗണ്ണേഴ്സ് യു.സി.എല്‍ ഫൈനലിന് യോഗ്യത നേടുന്നത്. ഇത് രണ്ടാം തവണയാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടത്തിലേക്ക് മുന്നേറുന്നത്. 2006ലാണ് ആഴ്സണല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് ബാഴ്‌സലോണയോട് പരാജയപ്പെട്ട് ഗണ്ണേഴ്‌സിന് കിരീടം നഷ്ടമാവുകയിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാരുടെ വിജയം. ഇപ്പോള്‍ നീണ്ട വര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഫൈനല്‍ അടുത്തെത്തി നില്‍ക്കുമ്പോള്‍ ചരിത്രത്തിലെ ആദ്യ യു.സി.എല്‍ കിരീടമാവും ഗണ്ണേഴ്സ് ലക്ഷ്യം വെക്കുക.

മത്സരത്തില്‍ ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയുടെ ഗോളിലൂടെയാണ് ആഴ്സണല്‍ വിജയിച്ചത്. മറുപടി ഗോളിനായി അത്ലെറ്റികോ മാഡ്രിഡ് നടത്തിയ നീക്കണങ്ങളെല്ലാം ആഴ്സണല്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ഗണ്ണേഴ്സായിരുന്നു മുന്നിട്ടുനിന്നത്.

54 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ ആഴ്സണല്‍ 13 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുവശത്ത് അഞ്ച് ഷോട്ടുകളില്‍ നിന്നും രണ്ട് ഷോട്ടുകളും സ്പാനിഷ് ക്ലബ് എതിര്‍ പോസ്റ്റിലെത്തിച്ചു.

ചാമ്പ്യന്‍സ് ലീഗിന്റെ മറ്റൊരു സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കും നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നുമാണ് ഏറ്റുമുട്ടന്നത്. ആദ്യ പാദത്തില്‍ ബയേണിനെതിരെ 5-4ന്റെ തകര്‍പ്പന്‍ വിജയം പി.എസ്.ജി സ്വന്തമാക്കിയിരുന്നു. രണ്ടാം പാദം മെയ് ഏഴിന് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടക്കും. ഈ മത്സരത്തിലെ വിജയികളെയാണ് മെയ് 30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആഴ്സണല്‍ നേരിടുക. ഹംഗറിയിലെ പുസ്‌കസ് അരീനയിലാണ് ഫൈനല്‍.

Content Highlight: Arsenal Beat Atletico Madrid and Qualify UEFA Champions League Final

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more