| Tuesday, 20th October 2026, 5:17 pm

സെന്‍സസ് ചട്ടങ്ങളിലെ ഭേദഗതികള്‍ ആശങ്കയുയര്‍ത്തുന്നത്: രാഷ്ട്രപതിയ്ക്ക് കത്തയച്ച് എം.എ.ബേബി

ദേവിക ജയചന്ദ്രന്‍

തിരുവനന്തപുരം: 2026 ഒക്ടോബര്‍ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത 1990ലെ സെന്‍സസ് ചട്ടങ്ങളിലെ ഭേദഗതികളില്‍ കടുത്ത ആശങ്ക അറിയിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സെന്‍സസ് പ്രക്രിയയുടെ സമഗ്രതയും നിഷ്പക്ഷതയും രഹസ്യാത്മകതയും സംരക്ഷിക്കുന്നതിനായി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടാനുമാണ് അദ്ദേഹം കത്തെഴുതിയത്.

സെന്‍സസ് എന്യൂമറേറ്റര്‍മാരായി (വിവരശേഖരണം നടത്തുന്നവര്‍) നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള വ്യക്തികളുടെ പട്ടിക പരിഷ്‌കരിച്ചുകൊണ്ട് നടപ്പിലാക്കിയ ഭേദഗതിയില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെന്‍സസ് (ഭേദഗതി) ചട്ടങ്ങള്‍, 2026 പ്രകാരം എയ്ഡഡ്, അണ്‍എയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിവിധ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിയമിക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമപരമായ ബോഡികള്‍ (Statutory bodies), ബാങ്കുകള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥരെയും ക്ലറിക്കല്‍ ജീവനക്കാരെയും സെന്‍സസ് ജോലികള്‍ക്കായി നിയോഗിക്കാവുന്നതാണ്. .

എന്നാല്‍ ഇതിനായി സംസ്ഥാനസര്‍ക്കാരോ കേന്ദ്രഭരണപ്രദേശ ഭരണകൂടമോ അനുയോജ്യരെന്ന് കരുതുന്ന ആരെയും നിയോഗിക്കാം എന്നുള്ളത് ആശങ്കാജനകമായ കാര്യമാണെന്ന് എം.എ.ബേബി പറഞ്ഞു.

‘ഇത് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെക്കുറിച്ചും നിയമിക്കപ്പെടുന്നവരുടെ നിഷ്പക്ഷതയെക്കുറിച്ചും കക്ഷിരാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
വ്യക്തമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങളോ പരസ്യമായ ഉത്തരവാദിത്തമുള്ള സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ, സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഈ വിവേചനാധികാരം, ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിയമനങ്ങള്‍ക്ക് വലിയ തോതില്‍ വഴിയൊരുക്കുന്നു’, കത്തില്‍ പറയുന്നു.

സെന്‍സസില്‍ ഓരോ കുടുംബത്തില്‍ നിന്നും വ്യക്തിയില്‍ നിന്നും വിപുലമായ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും തങ്ങള്‍ക്ക് വിശ്വാസമില്ലാത്ത വ്യക്തികളുമായി അത്തരം വിവരങ്ങള്‍ പങ്കിടാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുമെന്നും അദ്ദേഹം പറയുന്നു.

‘നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തങ്ങളെ രാഷ്ട്രീയമായി തരംതിരിക്കാനും (political profiling), പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടാനും, തങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യാനും അല്ലെങ്കില്‍ അവരുടെ നിയമാനുസൃതമായ അവകാശങ്ങളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും അവരെ ഒഴിവാക്കാനും ഉപയോഗിക്കുമെന്ന ജനങ്ങളുടെ ഭയം തികച്ചും ന്യായമാണ്’, എം.എ.ബേബി പറയുന്നു.

സ്വകാര്യ വ്യക്തികളെ, പ്രത്യേകിച്ച് ഭരണകക്ഷിയുമായി രാഷ്ട്രീയ ബന്ധമുള്ളവരെ നിയമിക്കുന്നത് ഈ പ്രക്രിയയുടെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2026 ഓഗസ്റ്റ് 14ന് പ്രഖ്യാപിച്ച 2027 ലെ സെന്‍സസിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചോദ്യാവലിയോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ ആശങ്കകള്‍ അതീവ ഗുരുതരമായി മാറുന്നു. ഈ ചോദ്യാവലിയില്‍ മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്’, അദ്ദേഹം പറയുന്നു.

ഇത്തരം വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 24ന് സി.പി.ഐ.എം രജിസ്ട്രാര്‍ ജനറലിനും ഇന്ത്യയുടെ സെന്‍സസ് കമ്മീഷണര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നുവെന്നും എം.എ.ബേബി പറയുന്നു. സെന്‍സസ് വിവരങ്ങള്‍ മറ്റ് ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുന്നില്ലെന്നും അല്ലെങ്കില്‍ ശേഖരിച്ച ആവശ്യത്തിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാന്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിന്റെ അനുഭവം കാണിക്കുന്നത് സുതാര്യമല്ലാത്ത നടപടിക്രമങ്ങളിലൂടെയും ഏകപക്ഷീയമായ രേഖകളുടെ ആവശ്യകതകളിലൂടെയും അര്‍ഹരായ പൗരന്മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നാണെന്നും അതുകൊണ്ട് തന്നെ സെന്‍സസ് ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികളെത്തുടര്‍ന്ന് ആ നിവേദനത്തില്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ അടിയന്തിര പ്രാധാന്യമുണ്ടെന്നും എം.എ.ബേബി പറഞ്ഞു.

‘ഈ സാഹചര്യത്തില്‍, വിപുലീകരിച്ചതും കൃത്യമായ നിയന്ത്രണമില്ലാത്തതുമായ ഒരു എന്യൂമറേറ്റര്‍ ശൃംഖലയിലൂടെ രാജ്യവ്യാപകമായി ഇത്തരം സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം അങ്ങേയറ്റം ആശങ്കാജനകമാണ്’, അദ്ദേഹം പറഞ്ഞു.

സെന്‍സസ് എന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഒരു ദേശീയ പ്രക്രിയയാണെന്നും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെയോ അവരുടെ പ്രത്യയശാസ്ത്ര കൂട്ടാളികളുടെയോ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമായി മാറാന്‍ ഇതിനെ അനുവദിക്കരുതെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍, റിപ്പബ്ലിക്കിന്റെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ അടിയന്തരമായി ഇടപെടണമെന്നും ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും, സെന്‍സസ് ഭരണഘടനാ തത്വങ്ങള്‍ക്കും പൊതുജനവിശ്വാസത്തിനും അനുസൃതമായിട്ടാണ് നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും എം.എ.ബേബി കത്തില്‍ ആവശ്യപ്പെട്ടു.

Content Highlight: MA Baby writes letter to the President of India regarding  the census amendment,2026

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more