| Thursday, 6th February 2025, 8:37 am

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചതിന് അറസ്റ്റ് വാറണ്ട്; അഫ്ഗാനിലെ താലിബാന്‍ മന്ത്രി രാജ്യം വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച അഫ്ഗാനിലെ താലിബാന്‍ മന്ത്രി അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയാണ് രാജ്യം വിട്ടത്. യു.എ.ഇയിലേക്കാണ് അദ്ദേഹം പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പാക് അതിര്‍ത്തിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദദാന ചടങ്ങില്‍ അദ്ദേഹം പെണ്‍കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുദ്‌സാദ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പിന്നാലെ മന്ത്രി യു.എ.ഇയിലേക്ക് രാജ്യം വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിക്ക് താലിബാന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേ സമയം ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ യു.എ.ഇയിലെത്തിയത് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പറഞ്ഞതായി ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021ല്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുള്ള അവകാശങ്ങള്‍ കനത്ത വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ പൊതുവേദികള്‍ പ്രത്യക്ഷപ്പെടുന്നതിനെയും താലിബാന്‍ എതിര്‍ത്തിരുന്നു.

ഈ വിലക്കുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പാക്ക് അതിര്‍ത്തിയിലെ ഖോസ്ത് പ്രവിശ്യയിലെ ഒരു കോളേജിലെ ബിരുദദാന ചടങ്ങിനിടെ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കും മുന്നില്‍ തുറന്നിടണമെന്ന് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പറഞ്ഞത്.

പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിദ്യാഭ്യാസത്തിന് തുല്യ അവകാശമാണുണ്ടായിരുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സ്റ്റാനിക്‌സായി പറഞ്ഞിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം വിലക്കുന്നത് ഇസ്‌ലാമിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അഫ്ഗാനും താലിബാനും 20 ദശലക്ഷം ആളുകളോട് അനീതി കാണിക്കുകയാണെന്നും ഈ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സ്റ്റാനിക്‌സായി പറഞ്ഞു. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ താലിബാന്‍ യാത്രവിലക്കേര്‍പ്പെടുത്തുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തത്. തുടര്‍ന്ന് അദ്ദേഹം യു.എ.ഇയിലേക്ക് രാജ്യം വിടുകയായിരുന്നു എന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

content highlights: Arrest warrant for supporting girls’ education; Afghan Taliban minister mohammad abbas stanikzai leaves country

Latest Stories

We use cookies to give you the best possible experience. Learn more