ജയ്പൂര്‍: വാട്‌സ് ആപ്പ് വഴി മാത്രം നല്‍കുന്ന നോട്ടീസ് അറസ്റ്റിന് അടിസ്ഥാനമാകില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.
രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലി ഹുഡ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി മീണ എന്നയാളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വാട്‌സ് ആപ്പ് നോട്ടീസ് വഴി രവി മീണയെ അറസ്‌ററ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥനും അന്നത്തെ അഴിമതി വിരുദ്ധ ബ്യൂറോയുടെ എ.എസ്.പിയുമായിരുന്ന പുഷ്പേന്ദ്ര സിംഗ് റാത്തോഡിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് പ്രവീര്‍ ഭട്‌നഗറാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
2023 ഫെബ്രുവരി ഒന്നിനാണ് പരാതിക്കാരനെ എ.എസ്.പി അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റിന് മുമ്പ് ജനുവരി 31ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ജനുവരി 25ന് വാട്‌സ് ആപ്പിലൂടെയാണ്‌അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഭാര്യയുടെ അസുഖം കാരണം സമയം തേടിയാണ് ഹരജിക്കാരന്‍ നോട്ടീസിന് മറുപടി നല്‍കിയത്. ഇതൊന്നും പരിഗണിക്കാതെ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ എ.എസ്.പി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്യല്‍ നടപടി സെക്ഷന്‍ 41 എ സി.ആര്‍.പി.സിയുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ വാദം. ഇത് കോടതി ശരിവെക്കുകയും ചെയ്തു.
അറസ്റ്റിന് മുമ്പ് ശരിയായ ഹാജരാകല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല.
ഈ നടപടി നിയമത്തെയും കോടതിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
ഇത് അംഗീകരിച്ച കോടതി ഇത്തരത്തില്‍ വാട്‌സ് ആപ്പ് വഴി നല്‍കുന്ന അറസ്റ്റ് നോട്ടീസുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
സ്പീഡ് പോസ്റ്റ് വഴിയോ മറ്റ് അംഗീകൃത രീതികളിലൂടെയോ വ്യക്തിഗത ഡെലിവറിയായോ മാത്രമോ നോട്ടീസ് അയക്കാന്‍ പാടുള്ളുവെന്ന് കോടതി ഊന്നിപ്പറഞ്ഞു.
എന്നാല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ ഒഴിഞ്ഞുമാറല്‍ നയമാണ് സ്വീകരിച്ചതെന്നുമാണ് എ.എസ്.പിയുടെ വാദം.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ മുമ്പ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടുവെന്നും അന്വേഷണ ഏജന്‍സിയില്‍ സമ്മര്‍ദം ചെലുത്താനാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നും എ.സി.ബി കൂട്ടിച്ചേര്‍ത്തു.
ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി അറസ്റ്റ് നടപടിക്രമം കുറ്റക്കരമാണെന്ന് കണ്ടെത്തുകയായിരുന്നു.
Content Highlight: Arrest through WhatsApp only is not legal: Rajasthan High Court