| Monday, 19th May 2025, 10:49 am

അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുടെ അറസ്റ്റ്; പ്രതിഷേധവുമായി ആയിരം അക്കാദമിക്കുകള്‍ രംഗത്ത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാവുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ബി.ജെ.പി യൂത്ത് മോര്‍ച്ച നേതാവ് യോഗേഷ് ജാതേരി, ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ (എച്ച്.എസ്.സി.ഡബ്ല്യു)ചെയര്‍പേഴ്സണ്‍ രേണു ഭാട്ടിയ എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കമ്മീഷന് ഈ വിഷയത്തില്‍ നടപടിയെടുക്കാനുള്ള അധികാരപരിധിയുമില്ലെന്നും അലി ഖാന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശങ്ങള്‍ തന്റെ പോസ്റ്റ് എങ്ങനെ ലംഘിക്കുന്നുവെന്ന് വിശദീകരിക്കുന്നതില്‍ എച്ച്.എസ്.സി.ഡബ്ല്യു പരാജയപ്പെട്ടുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുകയുണ്ടായി.

‘കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങ് എന്നിവരെ പത്രസമ്മേളനത്തിനായി തെരഞ്ഞെടുത്തു എന്ന വസ്തുതയെ എന്റെ പോസ്റ്റ് അഭിനന്ദിക്കുകയാണുണ്ടായത്. വൈവിധ്യത്തിന്റെ പേരില്‍ ഒരുമിച്ച് നില്‍ക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളുടെ സ്വപ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റ്,’ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

എച്ച്.എസ്.സി.ഡബ്ല്യുയുടേയും ബി.ജെ.പി നേതാവിന്റേയും പരാതിയില്‍ അലി ഖാനെതിരെ  എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത ഹരിയാന പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ദല്‍ഹിയില്‍വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന്‍ സിന്ദൂരിനെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വനിത ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു അലി ഖാന്‍ പോസ്റ്റ് പങ്കുവെച്ചത്. സെനിക കാര്യങ്ങളില്‍ നേതൃപരമായ പദവികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണന്നും എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ കൂടി ഈ മാറ്റം വേണമെന്നുമായിരുന്നു അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ആള്‍ക്കൂട്ട കൊലപതാകം, ബുള്‍ഡോസര്‍ രാജ് എന്നിവയ്ക്ക് ഇരയാവുന്ന രാജ്യത്തെ ജനങ്ങളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തില്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നത് വലതുപക്ഷത്തിന്റെ പ്രകടനം ശുദ്ധ കാപട്യമാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. അലി ഖാന്റെ ഈ പരാമര്‍ശമാണ് സംഘപരിവാറിനെ പ്രകോപിച്ചത്.

ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അലി ഖാനെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡ് ആവശ്യപ്പെടുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നരേന്ദര്‍ കദ്യാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അലി ഖാന്റെ അറസ്റ്റില്‍ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണലടക്കം വിമര്‍ശനവുമായി രംഗത്തെത്തി.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിഭാഗം ചെയര്‍മാനായ ആകാര്‍ പട്ടേല്‍ മഹ്‌മൂദാബാദ് ജയിലിലായിരിക്കുന്നത് അദ്ദേഹം എഴുതിയതിന്റെ പേരിലല്ല, മറിച്ച് അദ്ദേഹം ഒരു മുസ്‌ലിം ആയതുകൊണ്ടാണെന്നും പ്രതികരിച്ചു.

പ്രമുഖ ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, രാമചന്ദ്ര ഗുഹ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം അക്കാദമിക് വിദഗ്ധര്‍ മഹ്‌മൂദാബാദിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പുവെച്ചിരുന്നു. അശോക യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അസോസിയേഷന്‍ അദ്ദേഹത്തിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കുകയും അറസ്റ്റ് അന്യായമാണെന്നും വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സര്‍വകലാശാലയാകട്ടെ ഇതില്‍ നിന്നെല്ലാം അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Content Highlight: Arrest of Ashoka University professor Ali Khan Mahmudabad; Thousands of academics protest

We use cookies to give you the best possible experience. Learn more