| Saturday, 12th September 2026, 11:23 am

കുംഭ മേളയ്ക്ക് സൗകര്യമൊരുക്കേണ്ടതുണ്ട്; പളളിയുടെ ഒരു ഭാഗം പൊളിച്ച് നീക്കാനുള്ള മുന്‍സിപാലിറ്റി നടപടി ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി

നിഷാന. വി.വി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഉജ്ജെയ്‌നിലുള്ള പ്രസിദ്ധമായ ഷാഹി മസ്ജിദ് കോപ്ലക്‌സിലെ പ്രാര്‍ത്ഥനാ ഹാള്‍ പൊളിച്ച് നീക്കാനുള്ള ഭരണകൂട നടപടി ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി. 2028 ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിനായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു കോടതി അനുമതി നല്‍കിയത്.

കോടിക്കണക്കിന് ഭക്തരെത്തുന്ന കുംഭമേളയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും പൊതു സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിന് സമീപവും ക്ഷിപ്ര നദിക്കടുത്തുമുള്ള ഈ പ്രദേശത്ത് റോഡ് 15 മീറ്ററായി വീതി കൂട്ടുന്നതിന് മുന്‍സിപിലാറ്റി സ്വീകരിച്ച നടപടികള്‍ നിയമപ്രകാരമാണെന്നും കോടതി വ്യക്തമാക്കി. പള്ളിയുടെ പ്രാര്‍ത്ഥന ഹാള്‍ നിര്‍മിച്ചത് അനധികൃതമായാണെന്നും അത് പൊതുസ്ഥലമാണെന്നുമുള്ള മുന്‍സിപാലിറ്റിയുടെ വാദം ശരിവെച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാല്‍, ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ചരിത്രസ്മാരകമായ പള്ളിയുടെ ഭാഗങ്ങള്‍ തകര്‍ക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പള്ളി കമ്മിറ്റി വാദിച്ചു. പള്ളി നില്‍ക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്നും ബദല്‍ റൂട്ടുകള്‍ പരിഗണിക്കാതെയാണ് പൊളിച്ച് മാറ്റാനുള്ള നടപടിയെന്നും കമ്മിറ്റി കോടതിയില്‍ പറഞ്ഞു. ഹൈകോടതി ഉത്തരവ് വന്നതോടെ വരും ദിവസങ്ങളില്‍ നഗരത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉജ്ജെയിനില്‍ പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Arrangements need to be made for the Kumbh Mela; Madhya Pradesh High Court upholds the municipality’s move to demolish a portion of a mosque.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more