| Saturday, 16th May 2026, 6:59 pm

ഒന്നും രണ്ടുമല്ല, 20 തോൽവികൾ; ചരിത്രനാണക്കേടിൽ സ്ലോട്ട്

ഫസീഹ പി.സി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒരിക്കല്‍ കൂടി തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് മുന്നിലാണ് ടീം തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

തോല്‍വിയോടെ ഒരു നാണക്കേട് കൂടി ലിവര്‍പൂള്‍ മാനേജര്‍ അര്‍നെ സ്ലോട്ട് തന്റെ പേരില്‍ കുറിച്ചു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ലിവര്‍പൂള്‍ പരിശീലകന്‍ എന്ന അനാവശ്യ നേട്ടമാണ് സ്വന്തമാക്കിയത്. 20 തോല്‍വിയുമായാണ് പരിശീലകന്‍ ഈ ‘നേട്ടം’ തന്റെ പേരിലെഴുതിയത്.

അർനെ സ്ലോട്ട്.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കിരീടം ഉയര്‍ത്തിയ ടീമുമായി ഇറങ്ങിയ സ്ലോട്ടിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 37 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 12 തോല്‍വികളാണ് ടീം വഴങ്ങിയത്. ചാമ്പ്യന്‍സ് ലീഗിലും ടീമിന് അധികം തിളങ്ങാനായില്ല. ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ മൂന്ന് തവണ പരാജയപ്പെട്ടു.

എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ്, കാരബാവോ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ഓരോ തവണയും ടീം മുട്ടുകുത്തി. ഇതോടെയാണ് സ്ലോട്ട് 20 തോല്‍വിയുമായി മോശം നേട്ടത്തിലെത്തിയത്.

അതേസമയം, മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് ആസ്റ്റണ്‍ വില്ലയായിരുന്നു. 41ാം മിനിട്ടില്‍ മോര്‍ഗന്‍ റോജേഴ്സാണ് ഗോള്‍ നേടിയത്. പിന്നാലെ വിര്‍ജില്‍ വാന്‍ ജിക് 51ാം മിനിട്ടില്‍ ഗോളടിച്ച് ലിവര്‍പൂളിന് ഒപ്പമെത്തിച്ചു.

വിർജിൽ വാൻ ജിക്.

പിന്നെ ഒല്ലി വാട്ട്കിന്‍സ് ഇരട്ട ഗോള്‍ നേടി ആസ്റ്റണ്‍ വില്ലയ്ക്ക് ലീഡ് നല്‍കി. 56, 72 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. ജോണ്‍ മക്ഗിന്‍ 88ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് വില്ലന്‍സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ വാന്‍ ജിക്ക് ഒരു ഗോള്‍ കൂടി അടിച്ചു. 90+ 1ാം മിനിട്ടിലായിരുന്നു ലിവര്‍പൂള്‍ ക്യാപ്റ്റന്റെ ഗോള്‍.

Content Highlight: Arne Slot has became the coach with most most games lost by a Liverpool manager in a single season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more