| Friday, 9th May 2025, 11:29 am

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാരത് മാതാ കി ജയ് വിളിക്കാന്‍ ആക്രോശിച്ച് അര്‍ണബ് ഗോസ്വാമി; വിസമ്മതിച്ച് രാജീവ് ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാരത് മാതാ കി ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി. പാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസുകാരനായ രാജീവ് ദേശായിയോടാണ് ഭാരത് മാതാകി വിളിക്കാന്‍ അര്‍ണബ് ഗോസ്വാമി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അര്‍ണബിന്റെ ആവശ്യം രാജീവ് ദേശായി വിസമ്മതിക്കുകയായിരുന്നു.

രാജീവ് ദേശായി ഉള്‍പ്പെടെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റെല്ലാവരോടും അര്‍ണബ് ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ചിലര്‍ വിളിക്കുകയും രാജീവ് ദേശായി മിണ്ടാതിരിക്കുകയും ചെയ്തതോടെ അര്‍ണബിന്റെ സ്വരം മാറുകയായിരുന്നു.

തുടര്‍ന്ന് നിര്‍ബന്ധപൂര്‍വവും ധാര്‍ഷ്ട്യത്തോടെയുമാണ് അര്‍ണബ് ഗോസ്വാമി രാജീവ് ദേശായിയെ സമീപിച്ചത്. പിന്നാലെ അദ്ദേഹത്തെ ദേശവിരുദ്ധനെന്നും സ്യൂഡോ സെക്കുലറിസ്റ്റെന്നും ഇന്റലക്ച്വല്‍ ഫ്രോഡെന്നും മുദ്രകുത്തുകയായിരുന്നു.

പാനല്‍ ചര്‍ച്ചയില്‍ വരുന്ന ഗസ്റ്റുകളെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ശൈലിയാണ് അര്‍ണബ് ഗോസ്വാമി സ്വീകരിക്കുന്നതെന്നുള്‍പ്പെടെ ഇതും മാധ്യമപ്രവര്‍ത്തനമാണോ എന്നടക്കം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

രാജീവ് ദേശായി ഭാരത് മാതാ കി വിളിക്കാതിരിക്കുന്നുവെന്നും അതിനെ താന്‍ ചോദ്യം ചെയ്യുമെന്നും പാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി പറയുന്നുണ്ട്. പിന്നാലെ ഭാരത് മാതാ കി വിളിക്കില്ലെന്ന് രാജീവ് ദേശായി മറുപടി പറയുകയായിരുന്നു. നിങ്ങളൊരു മാധ്യമപ്രവര്‍ത്തകനല്ലേയെന്നും ഡിമാന്റ് ചെയ്യരുതെന്നുമടക്കം അദ്ദേഹം പ്രതികരിക്കുന്നുണ്ട്.

Content Highlight: Arnab Goswami shouts ‘Bharat Mata Ki Jai’ during a channel discussion; Rajiv Desai refuses

We use cookies to give you the best possible experience. Learn more