| Tuesday, 15th April 2025, 10:41 am

കരസേനയിൽ ഒരു ലക്ഷത്തിലധികം സൈനികരുടെ കുറവ് നേരിടുന്നുവെന്ന് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യൻ സൈന്യത്തിൽ നിലവിൽ ഒരു ലക്ഷത്തിലധികം സൈനികരുടെ കുറവ് നേരിടുന്നുവെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ച് പ്രതിരോധ മന്ത്രാലയം. പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയിലും (എൽ‌.ഒ‌.സി) ചൈനയുമായുള്ള നിയന്ത്രണ രേഖയിലും (എൽ‌.എ.സി) ഭീഷണികൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.

നിലവിൽ ഇന്ത്യൻ സൈന്യത്തിൽ 92,410 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും (ജെ.സി.ഒ) നോൺ-കമ്മീഷൻഡ് ഓഫീസർമാരും (എൻ.സി..ഒ) കുറവുണ്ട്. അതായത് 7.72 ശതമാനം കുറവ്. 2024 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് 11,97,520 പേരാണ് സൈന്യത്തിൽ വേണ്ടിയിരുന്നത്. എന്നാൽ സൈന്യത്തിൽ ഉള്ളത് 11,05,110 പേർ മാത്രമാണ്.

ഓഫീസർ കേഡറിനെയും ഇത് ബാധിച്ചിട്ടുണ്ട്. 2024 ജൂലൈ ഒന്നിലെ കണക്കനുസരിച്ച്, കരസേനയിൽ 50,538 പേരുടെ അംഗബലം വേണമായിരുന്നെങ്കിലും 42,095 പേരാണ് (മെഡിക്കൽ കോർപ്‌സ്, ഡെന്റൽ കോർപ്‌സ്, മിലിട്ടറി നഴ്‌സിങ് സർവീസ് എന്നിവ ഒഴികെ) നിലവിൽ ഉള്ളത്. ഇത് 16.71 ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു.

ചൈനയുമായി സമീപകാലത്ത് കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കിഴക്കൻ ലഡാക്കിലെ എൽ‌.എ.സിയിൽ 50,000ത്തിലധികം സൈനികരെ ഇപ്പോഴും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി സൈന്യത്തിന്റെ സാന്നിധ്യം അവിടെ നിലനിർത്തി പോരുകയാണ്. കൂടാതെ, ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ വർധനവിനെത്തുടർന്ന് 15,000 സൈനികരെ കൂടി ആ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഈ വിടവുകൾ പരിഹരിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയെ ആശ്രയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരുടെ കുറവ് സംബന്ധിച്ചുള്ള ഒഴിവുകൾ നികത്തുന്നതിന് ഒന്നിലധികം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സെലക്ഷൻ പ്രക്രിയയിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൂടുതൽ ഉദ്യോഗാർത്ഥികളെ കൊണ്ടുവരുന്നതിനായി എസ്.എസ്.ബി ബാച്ചുകളുടെ എണ്ണം ഇരട്ടിയാക്കുക, ഫോം സമർപ്പിക്കുമ്പോൾ അപ്‌ലോഡുകൾ അനുവദിച്ചുകൊണ്ട് ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുക, നേരത്തെയുള്ള എട്ട് മുതൽ പത്ത് ദിവസം വരെ മെഡിക്കൽ പരിശോധനകൾ വെറും രണ്ടോ മൂന്നോ ദിവസമാക്കി മാറ്റുക എന്നിവയാണ് കൂടുതൽ പരിഷ്കാരങ്ങൾ.

കൊവിഡ്19 മഹാമാരി മൂലം സൈനിക ക്ഷാമം കൂടുതൽ വഷളായെന്നും മന്ത്രാലയം പറഞ്ഞു. കൊവിഡ് കാരണം രണ്ട് വർഷത്തേക്ക് നിയമനങ്ങൾ നടന്നില്ലെന്നും 60,000 സൈനികർ ആ വർഷം വിരമിക്കുകയും ചെയ്തതോടെയാണ് സൈനികർക്ക് ഇത്ര ക്ഷാമം വന്നതെന്ന് മന്ത്രാലയം പറഞ്ഞു. ‘ആ കാലയളവിൽ ഏകദേശം 1.2 ലക്ഷം സൈനികർ സേനയിൽ നിന്ന് പുറത്തുപോയി. 2022 ൽ ആരംഭിച്ചതിനുശേഷം അഗ്നിപഥ് പദ്ധതി പ്രതിവർഷം 40,000 അഗ്നിവീറുകളെ നിയമിച്ചെങ്കിലും ആ അന്തരം കുറക്കാൻ കഴിഞ്ഞില്ല,’ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Content highlight: Army facing shortage of over 1 lakh personnel amid border tensions: Government

We use cookies to give you the best possible experience. Learn more