ന്യൂദല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തില്‍ രാജേന്ദ്ര ആര്‍ലേക്കറെ മാറ്റി സിക്കിം ഗവര്‍ണറായിരുന്ന ഓം പ്രകാശ് മാഥുറിനെയാണ് പുതിയ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റെയും മുതിര്‍ന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് അയിരുന്നു മാഥുര്‍. ഇദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആര്‍.എസ്.എസ് പ്രചാരകനായിരുന്നു.
അതിനുശേഷമാണ് ബി.ജെ.പിയില്‍ എത്തിയത്. മോദിക്കൊപ്പം ബി.ജെ.പിയില്‍ പ്രചാരകനായിരുന്നു. രാജാസ്ഥാനില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം.പിയായിരുന്ന മാഥുര്‍ 2024 ജൂലൈയിലാണ് സിക്കിം ഗവര്‍ണറായി ചുമതലയേറ്റത്.
1990 മുതല്‍ രാജസ്ഥാന്‍ ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച മാഥുര്‍ 2002 മുതല്‍ 2008 വരെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജ്‌റാത്ത് സംസ്ഥാനങ്ങളിലെ ബി.ജെ.പി ചുമതലയിലായിരുന്നു. 2005ല്‍ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയായും 2006 മുതല്‍ 2008 വരെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
2008ലാണ് അദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എം.പിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും അദ്ദേഹം ബി.ജെ.പി ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു. 2015ല്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2016ല്‍ വീണ്ടും രാജ്യസഭാ എം.പിയായി
അതേസമയം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതലയുണ്ടായിരുന്ന രാജേന്ദ്ര ആര്‍ലേക്കറെ തമിഴ്‌നാടിന്റെ സ്ഥിരം ഗവര്‍ണറായി നിമയമിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാ എം.പിയുമായ ദുഷ്യന്ത് സിക്കിം ഗവര്‍ണറാവും.
കൂടാതെ പലാമുവില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പിയായ ബ്രിജ് മോഹന്‍ റാം ഒഡീഷ ഗവര്‍ണറായി നിയമിതനായി. 2025 ജനുവരിയില്‍ ഗവര്‍ണറായി ചുമതലയേറ്റ ഹരിബാബു കംഭമ്പട്ടിയുടെ പകരക്കാരനായാണ് നിയമനം.
മഹേന്ദ്രഗഡില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.പിയും ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍ മുന്‍ അംഗവുമായ സുധാ യാദവ് കര്‍ണാടക ഗവര്‍ണറായി ചുമതലയേല്‍ക്കും. താവര്‍ചന്ദ് ഗെലോട്ടിന്റെ പിന്‍ഗാമിയായാണ് സുധാ യാദവ് എത്തുന്നത്. കൂടാതെ, മധ്യപ്രദേശിലെ ബാലാഘട്ടില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി ധാല്‍ സിങ് ബിസെന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കും. ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ഗുര്‍മീത് സിംഗിന്റെ പകരക്കാരനായാണ് നിയമനം.
Content Highlight:Arlakar to Tamil Nadu; New Governor for Kerala: A Modi Loyalist?