| Tuesday, 11th February 2025, 9:03 pm

എന്റെ ലോകകപ്പ് ടീം ഇന്ത്യയെ മൂന്ന് ദിവസം കൊണ്ട് തീര്‍ത്തേനേ... ഇന്ത്യക്കെതിരെ ജയിക്കാനാകാത്ത ഇതിഹാസം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

1996ലെ ശ്രീലങ്കന്‍ ലോകകപ്പ് ടീമിന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യയെ മൂന്ന് ദിവസം കൊണ്ട് തോല്‍പിക്കാന്‍ സാധിക്കുമെന്ന വാദവുമായി ഇതിഹാസ താരം അര്‍ജുന രണതുംഗെ.

ചാമിന്ദ വാസും മുത്തയ്യ മുരളീധരനും അടങ്ങുന്ന മികച്ച താരനിയാണ് 1996 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കൊപ്പമുണ്ടായിരുന്നതെന്നും അവര്‍ക്ക് ഇന്ത്യയെ അനായാസം പരാജയപ്പെടുത്താന്‍ സാധിക്കുമെന്നുമാണ് ലങ്കന്‍ ഇതിഹാസം പറഞ്ഞത്.

‘എന്റെ ടീമില്‍ മുത്തയ്യ മുരളീധരനും ചാമിന്ദ വാസും പോലുള്ള ബൗളര്‍മാരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇന്ത്യയെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു,’ ടെലിഗ്രാഫിനോട് ലങ്കയെ ലോകകിരീടമണിയിച്ച ക്യാപ്റ്റന്‍ പറഞ്ഞു.

1996 ലോകകപ്പില്‍ തങ്ങള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിച്ചിരുന്ന ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ലങ്ക ഫൈനലിന് യോഗ്യത നേടിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന കിരീട പോരാട്ടത്തില്‍ മൈറ്റി ഓസ്‌ട്രേലിയയെ തകര്‍ത്ത് ലങ്ക ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.

മുത്തയ്യക്കും വാസിനും പുറമെ റൊമേഷ് കലുവിതരാണ, അസാങ്ക ഗുരുസിംഹ, അരവിന്ദ ഡി സില്‍വ, റോഷന്‍ മഹാനാമ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ലങ്കന്‍ നിരയില്‍ അണിനിരന്നിരുന്നു.

ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും ഒരിക്കല്‍പ്പോലും ഇന്ത്യക്കെതിരെ ടെസ്റ്റ് വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 56 ടെസ്റ്റ് മത്സരങ്ങളില്‍ രണതുംഗെ ലങ്കയെ നയിച്ചപ്പോള്‍ അതില്‍ ഏഴ് ടെസ്റ്റുകള്‍ ഇന്ത്യക്കെതിരെയായിരുന്നു.

ഇതില്‍ നാല് മത്സരത്തില്‍ ലങ്ക പരാജയപ്പെട്ടപ്പോള്‍ മൂന്ന് മത്സരം സമനിലയിലും കലാശിച്ചു. നേരിട്ട നാല് പരാജയങ്ങളും ഇന്നിങ്‌സ് തോല്‍വികളായിരുന്നു എന്നതും 1994ല്‍ 3-0 വൈറ്റ് വാഷ് പരാജയങ്ങള്‍ എറ്റുവാങ്ങിയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

Content highlight: Arjuna Ranathunge says his world Cup winning Sri Lanka team will defeat India in India

We use cookies to give you the best possible experience. Learn more