| Saturday, 26th July 2025, 2:21 pm

അവനാണ് എന്നിലൊരു നടനുണ്ടെന്ന് മനസിലാക്കിയത്: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കറ്റ് ബോയ്സ് എന്ന സീരീസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെ മലയാളത്തിലും അര്‍ജുന്‍ തന്റെ സാന്നിധ്യമറിയിച്ചു. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം നടന്‍ കൈകാര്യം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ കേരള ക്രൈം ഫയല്‍സിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

തമിഴ്നാട്ടില്‍ ജനിച്ച് പൂനെയില്‍ വളര്‍ന്ന അര്‍ജുന്‍ രാധാകൃഷ്ണന് മലയാളം അത്ര പരിചയമല്ലായിരുന്നു. ഇപ്പോള്‍ കേരളവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍.

‘എന്റെ അമ്മ നാഗര്‍കോവിലുകാരിയും അച്ഛന്‍ ആലുവക്കാരനുമാണ്. ഞാന്‍ ജനിച്ചത് നാഗര്‍കോവിലിലാണ്. പിന്നീട് അഞ്ചുവര്‍ഷം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ത്തന്നെയായിരുന്നു താമസം,’അര്‍ജുന്‍ പറയുന്നു. കേരളത്തില്‍ താമസം തുടര്‍ന്ന അര്‍ജുന്‍ എന്നാല്‍ പിന്നീട് പൂനെയിലേക്ക് സ്ഥലം മാറി. പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെ തന്നെയായിരുന്നു. ചെറുപ്പംമുതലേ സിനിമയോടായിരുന്നു അദ്ദേഹത്തിന് താത്പര്യം.

‘പല സിനിമകളും കണ്ട് അതിലെ കഥാപാത്രങ്ങളെ അനുകരിക്കുമായിരുന്നു. എന്നാല്‍ സിനിമ ഒരു കരിയറാക്കാം എന്ന ചിന്ത വരുന്നത് കോളേജ് കാലത്താണ്,’ അര്‍ജുന്‍ പറയുന്നു.

സുഹൃത്തായ നിഖിലാണ് തന്നിലൊരു അഭിനേതാവ് ഉണ്ടെന്ന് മനസിലാക്കിയതും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചതെന്നും നടന്‍ പറയുന്നു.

‘രണ്ടുതവണ എന്‍ട്രന്‍സ് എഴുതിയിട്ടും ഫൈനല്‍ റൗണ്ടുവരെ എത്തിയതല്ലാതെ എനിക്ക് അഡ്മിഷന്‍ കിട്ടിയില്ല. അതുകഴിഞ്ഞ് മുംബൈയില്‍ ഓഡിഷനുകള്‍ക്ക് പോയിത്തുടങ്ങി. എട്ടുവര്‍ഷത്തോളം ആയിരത്തിലധികം ബോളിവുഡ് സിനിമകളുടെ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടാകും.

പക്ഷേ, ഒരിക്കല്‍പ്പോലും എനിക്ക് നിരാശയോ മടുപ്പോ തോന്നിയില്ല. കൗമാരക്കാലത്ത് മലയാള സിനിമകള്‍ കണ്ടിരുന്നു. എന്നാല്‍, കോളേജ് കാലമെത്തിയതോടെ പൂര്‍ണമായും ഹിന്ദി സിനിമകളായിരുന്നു കണ്ടിരുന്നത്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: Arjun talks  about his connection with Kerala

We use cookies to give you the best possible experience. Learn more