| Wednesday, 4th February 2026, 10:41 pm

അന്ന് വിവരമുണ്ടായിരുന്നെങ്കില്‍ ലാലേട്ടനോട് കുറച്ച് സെന്‍സിബിളായ ചോദ്യം ചോദിച്ചേനേ: അര്‍ജുന്‍ ലാല്‍

ഐറിന്‍ മരിയ ആന്റണി

മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് തന്മാത്ര. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരില്‍ ഒരു നോവായി അവശേഷിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച രമേശനെന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ചര്‍ച്ച ചെയ്ത തന്മാത്ര നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

സിനിമയില്‍ മോഹന്‍ലാല്‍, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. രമേശന്റെ മകനായി ചിത്രത്തില്‍ അഭിനയിച്ചത് അര്‍ജുന്‍ ലാലാണ്. മനു എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. വരാനിരിക്കുന്ന അനോമിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്മാത്ര സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അര്‍ജുന്‍.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്റര്‍വ്യൂയില്‍ ഇരുന്ന്, തന്മാത്ര എന്ന സിനിമയെ പറ്റി താന്‍ സംസാരിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടന്‍.

Photo: അര്‍ജുന്‍ ലാല്‍/ Screengrab/ cue studio

‘ എനിക്കപ്പോള്‍ 18,19 വയസേയുള്ളു. അന്ന് കുറച്ച് കൂടി വിവരമുണ്ടായിരുന്നെങ്കില്‍ ലാലേട്ടനോട് കുറച്ച് കൂടി സെന്‍സിബിളായ ചോദ്യങ്ങള്‍ ചോദിച്ചേനേ. ഭാഗ്യം കാരണം സിനിമയില്‍ വന്നയാളാണ് ഞാന്‍. ഏതൊരു ആക്ടറിനും കൊതിവരുന്ന രീതിയിലുള്ള കഥാപാത്രമാണ് എനിക്കതില്‍ കിട്ടിയത്. ഇത്ര കാലം കഴിഞ്ഞും ആ സിനിമ റെലവെന്റ് ആയിരിക്കുയെന്നതും ഞാന്‍ അതിലൂടെ ഓര്‍ക്കപ്പെടുകയെന്നതും വല്ലാത്തൊരു ഫീലാണ്,’ അര്‍ജുന്‍ പറയുന്നു.

ഓഡിഷന്‍ വഴിയാണ് താന്‍ സിനിമയിലെത്തിയതെന്നും മോഹന്‍ലാലിന്റെ മകനായാണ് സിനിമയില്‍ ഉള്ളതെന്ന് അറിയാമെങ്കിലും ഇത്രയധികം സീനുകളില്‍ ഒപ്പമുണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും അര്‍ജുന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

അനോമിയാണ് അര്‍ജുന്‍ ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം. റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തില്‍ ഭാവന, റഹ്‌മാന്‍, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും.

Content Highlight: Arjun lal sharing his memories of the movie Thanmatra

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more