| Saturday, 13th September 2025, 4:18 pm

ആ നടന്റെ മുഖം പോസ്റ്ററില്‍ കണ്ടാല്‍ നല്ല സിനിമയാണെന്ന് ആളുകള്‍ വിചാരിക്കും: അര്‍ജുന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ ദാസ്. ചിത്രത്തിലെ അന്‍പ് എന്ന വില്ലന്‍ കഥാപാത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. പിന്നീട് മാസ്റ്റര്‍, അന്ധകാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. നായകനായും തനിക്ക് തിളങ്ങാനാകുമെന്ന് നിരവധി ചിത്രങ്ങളിലൂടെ അര്‍ജുന്‍ ദാസ് തെളിയിച്ചു.

അര്‍ജുന്‍ ദാസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോംബ്. സില നേരങ്കളില്‍ സില മനിതര്‍കള്‍ എന്ന ചിത്രത്തിന് ശേഷം വിശാല്‍ വെങ്കട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോംബ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കാളി വെങ്കട്ടും ബോംബില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ ദാസ്.

‘ഈ പടത്തില്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയത് കാളി വെങ്കട്ടാണ്. സിനിമയിലെ പകുതിമുക്കാല്‍ സമയവും ഡെഡ്‌ബോഡിയായാണ് അദ്ദേഹം അഭിനയിച്ചത്. ഡയലോഗൊന്നുമില്ലെന്ന് മാത്രമല്ല, ആ സീനിലെല്ലാം ശ്വാസമടക്കിപ്പിടിച്ച് ഇരിക്കണം. കാളിക്ക് ഓക്കെയാകാനും ഇടക്ക് ശ്വാസമെടുക്കാനും വൈഡ് ആംഗിളിലാണ് പല സീനും ഷൂട്ട് ചെയ്തത്.

പക്ഷേ, ആ സീനിലും കാളി ശ്വാസം വിടാതെ നിന്നു. താന്‍ കാരണം സിനിമയില്‍ ചെറിയൊരു മിസ്‌റ്റേക്ക് പോലും ഉണ്ടാകരുത് എന്നൊരു നിര്‍ബന്ധം കാളിക്ക് ഉണ്ട്. അതുകൊണ്ടാണ് അയാള്‍ അങ്ങനെ ഓരോന്ന് ചെയ്യുന്നത്. കാളി വെങ്കടിന്റെ മുഖം പോസ്റ്ററിലുണ്ടെങ്കില്‍ ഫീല്‍ ഗുഡ് സിനിമയാണെന്ന് ആളുകള്‍ തീരുമാനിച്ച് തിയേറ്ററിലെത്തും. നല്ല പടമായിരിക്കുമെന്ന ഗ്യാരന്റി പ്രേക്ഷകര്‍ക്കുണ്ട്,’ അര്‍ജുന്‍ ദാസ് പറഞ്ഞു.

കൈതി എന്ന സിനിമക്ക് ശേഷമുള്ള തന്റെ കരിയറിനെക്കുറിച്ചും താരം സംസാരിച്ചു. കൈതി ചെയ്തതിന് ശേഷം ലോകേഷ് തന്നെ മാസ്റ്ററിലേക്ക് വിളിച്ചെന്നും വില്ലന്‍ വേഷം തന്നെയായിരുന്നു അതിലെന്നും അര്‍ജുന്‍ ദാസ് പറയുന്നു. മാസ്റ്ററിന് ശേഷം വില്ലന്‍ വേഷം ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചെന്നും ടൈപ്പ്കാസ്റ്റാകാന്‍ താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ലോകേഷും ഞാനും ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ, അതിലൊന്നും കൈതി 2വിലെ എന്റെ റോളിനെക്കുറിച്ചൊന്നും ചോദിക്കാറില്ല. അവന്റെ അടുത്ത പടങ്ങളെക്കുറിച്ച് എന്നോട് പറയാറുണ്ട്. എല്ലാം കറക്ടായി നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എല്‍.സി.യു ഷോര്‍ട് ഫിലിമിന്റെ റിലീസിനാണ് കാത്തിരിക്കുന്നത്,’ അര്‍ജുന്‍ ദാസ് പറയുന്നു.

Content Highlight: Arjun Das saying Kaali Venkat is a good actor

We use cookies to give you the best possible experience. Learn more