| Sunday, 28th June 2026, 3:51 pm

പണ്ടത്തെ പടങ്ങളിലെ ബാബു ആന്റണിയെപ്പോലെ.... മെയിന്‍ വില്ലനെപ്പോലും സൈഡാക്കിയ ബ്ലാസ്റ്റിലെ സെക്കന്‍ഡ് വില്ലന് കൈയടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് ബ്ലാസ്റ്റ്. അര്‍ജുന്‍ സര്‍ജയെ നായകനാക്കി നവാഗതനായ സുഭാഷ് കെ. രാജ് അണിയിച്ചൊരുക്കിയ ചിത്രം വന്‍ വിജയമായി മാറി. ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഗംഭീര ട്രീറ്റായിരുന്നു ബ്ലാസ്റ്റ് സമ്മാനിച്ചത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ബ്ലാസ്റ്റ് സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്തെ അതേ സ്വീകാര്യതയാണ് ഒ.ടി.ടി റിലീസിലും ബ്ലാസ്റ്റിന് ലഭിക്കുന്നത്. തിയേറ്ററില്‍ മിസ് ചെയ്തതില്‍ നിരാശ തോന്നുന്നെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. അര്‍ജുന് പുറമെ പ്രീതി മുകുന്ദന്‍, അഭിരാമി, വിവേക് പ്രസന്ന എന്നിവരുടെ ആക്ഷന്‍ സീനുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അര്‍ജുന്‍ ചിദംബരം Photo: Adam Joan/ Facebook

നായകനും കുടുംബവും ഗംഭീര ആക്ഷന്‍ കാഴ്ചവെച്ചപ്പോള്‍ വില്ലന്‍ സൈഡില്‍ ഞെട്ടിച്ചത് അര്‍ജുന്‍ ചിദംബരം അവതരിപ്പിച്ച അബ്രഹാം എന്ന കഥാപാത്രമാണ്. ജോണ്‍ കൊക്കന്‍ അവതരിപ്പിച്ച വരുണ്‍ ദയാലന്‍ തന്റെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ എല്പിക്കുന്ന ഹിറ്റ്മാനാണ് അബ്രഹാം. അധികം ഡയലോഗുകളില്ലാത്ത, ഗംഭീര ആക്ഷന്‍ സീനുകളുള്ള കഥാപാത്രമാണ് അബ്രഹാം.

അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ സീക്വന്‍സിലെ ഫ്‌ളക്‌സിബിളിറ്റിയും കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാന്‍ അര്‍ജുന്‍ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്. ഒറ്റക്ക് എല്ലാവരെയും അടിച്ചിട്ട് കൂളായി നടന്നുപോകുന്ന അബ്രഹാം കൈയടി നേടുകയാണ്. പഴയകാല സിനിമകളിലെ ബാബു ആന്റണിയെപ്പോലെയാണ് ഈ കഥാപാത്രത്തെ കാണുമ്പോള്‍ തോന്നുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

അര്‍ജുന്‍ ചിദംബരം Photo: Troll Meme Malayalam/ Facebook

മെയിന്‍ വില്ലന് കാര്യമായ റോളില്ലെന്നും കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സെക്കന്‍ഡ് വില്ലനാണെന്നുമാണ് ഒ.ടി.ടി റിലീസിന് ശേഷമുള്ള കമന്റുകള്‍. അബ്രഹാം ആരാണെന്ന് പറയുന്ന സീനില്‍ അര്‍ജുന്‍ ചിദംബരത്തിന്റെ സ്വാഗ് അപാരമാണെന്നും പലരും കമന്റുകള്‍ പങ്കുവെച്ചു.

കരാട്ടെയില്‍ അപാര പ്രാവീണ്യമുള്ള നായകന്റെ കുടുംബത്തിലേക്ക് ഒരു വാളും പിടിച്ചുകൊണ്ടുള്ള അബ്രഹാമിന്റെ വരവും പിന്നീടുള്ള ഫൈറ്റും ഗംഭീരമായിരുന്നു. അര്‍ജുനെയും അഭിരാമിയെയും പ്രീതി മുകുന്ദനെയും എടുത്തിട്ട് അലക്കുകയും ചെയ്യുകയാണ് അബ്രഹാം. നായകന്‍ ജയിക്കണം എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഈ കഥാപാത്രത്തെ പെട്ടെന്ന് തീര്‍ത്തുകളഞ്ഞത് പലര്‍ക്കും പോരായ്മയായി തോന്നി.

തമിഴില്‍ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടനാണ് അര്‍ജുന്‍ ചിദംബരം. നേര്‍ക്കൊണ്ട പാര്‍വൈ, തഗ് ലൈഫ്, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത അര്‍ജുന്റെ തലവര ബ്ലാസ്റ്റിന് ശേഷം മാറിയിരിക്കുകയാണ്. തമിഴില്‍ ഇനിയും അര്‍ജുനെത്തേടി മികച്ച വേഷങ്ങള്‍ വരുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Arjun Chidambaram’s character in Blast remembering Old characters of Babu Antony

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more