| Thursday, 2nd October 2025, 8:21 am

ആ സമയം ഞാന്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കി; ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രം: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ വളരെ അധികം ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രം ഭ്രമയുഗത്തിലേതാണൈന്ന് അര്‍ജുന്‍ അശോകന്‍. അതാണ് ഒരു കിക്ക് തന്നിട്ടുള്ള കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തി 2024ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഭ്രമയുഗം. ചിത്രത്തിലെ കഥപാത്രത്തെ കുറിച്ച് അര്‍ജുന്‍ സംസാരിക്കുന്നു.

‘ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ്. ചാത്തനായി അഭിനയിച്ച ആ ദിവസം എനിക്ക് ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ല. ആ ഒരു പീരിയഡിലാണ് ഞാന്‍ മദ്യപാനം ഒക്കെ പൂര്‍ണമായും ഒഴിവാക്കിയത്. പക്ഷേ വളരെ ബുദ്ധിമുട്ടി അഭിനയിച്ച ഒരു സിനിമ ആയിരുന്നില്ല ഭ്രമയുഗം,’ അര്‍ജുന്‍ പറഞ്ഞു.

അഭിനയിച്ച ചിത്രങ്ങളില്‍ അച്ഛന് അര്‍ജുന്‍ എന്ന നടനെപ്പറ്റി ഏറ്റവും മതിപ്പ് തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തീര്‍ച്ചയായും ഭ്രമയുഗവും രോമാഞ്ചവും ആ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

നന്നായി ചെയ്തിട്ടുണ്ട് എന്ന് അച്ഛന്‍ പറഞ്ഞത് ഇത് രണ്ടിലുമാണെന്നും എന്നാല്‍ അമ്മയ്ക്ക് താന്‍ അഭിനയിച്ച എല്ല സിനിമകളും ഇഷ്ടമാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും താന്‍ സിനിമയില്‍ അഭിനയിച്ചുകണ്ടാല്‍ മതി, അതാണ് അമ്മയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെയുള്ള തന്റെ അഭിനയജീവിതത്തില്‍ ആക്ടിങ്ങില്‍ ഫൈറ്റിങ് സൈഡാണ് ഒരു ഇംപ്രൂവ് മെന്റ്‌റ് വേണമെന്ന് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘പറയാന്‍ ഞാന്‍ അജഗജാന്തരത്തില്‍ ഒക്കെ ഫൈറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ കുറച്ചുകൂടി ഒന്ന് സ്‌റ്റൈലായി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഒരുപാട് തയ്യാറെടുപ്പുകള്‍ ചെയ്ത് അഭിനയിക്കേണ്ട ഒന്നാണ് ഫൈറ്റ് സ്വീക്വന്‍സ്,’ അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Arjun Asokan talks about the preparations he took for his role in Bhramayugam

We use cookies to give you the best possible experience. Learn more