| Tuesday, 12th August 2025, 7:10 am

അച്ഛന്റെ പേരില്‍ അറിയപ്പെടാനല്ല ആഗ്രഹിക്കുന്നത്, ഇപ്പോഴും വിളിക്കുന്നത് 'അശോകാ' എന്ന്: അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്.

പിന്നീട് ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട എന്നിങ്ങനെ വിവിധ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അർജുന് കഴിഞ്ഞു. ഇപ്പോൾ തൻറെ പിതാവ് ഹരീശ്രീ അശോകനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘എനിക്ക് ആഗ്രഹമുണ്ട് അച്ഛന്റെ പേരില്‍ അറിയപ്പെടരുത്, സിനിമയില്‍ ചാന്‍സ് കിട്ടരുത് എന്നൊക്കെ. പക്ഷെ, എന്തൊക്കെ പറഞ്ഞാലും ആ പേര് ഉള്ളതുകൊണ്ടാണ് എനിക്ക് സിനിമയില്‍ ചാന്‍സ് കിട്ടിയതും അറിയപ്പെടുന്നതും. എത്ര പേരാണ് എന്നെ ‘അശോകാ’ എന്ന് വിളിക്കുന്നത്,’ അർജുൻ അശോകൻ പറയുന്നു.

താന്‍ അവസാനം ചെയ്ത പടമായ സുമതി വളവിന്റെ റിവ്യൂ അശ്വന്ത് കോക് പറഞ്ഞത് ഹരിശ്രീ അശോകന്റെ മകന്‍ എന്നാണെന്നും അത് താന്‍ അഭിമാനത്തോടെ പറയുന്ന പേരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നതെന്നും ഒരു ചെറിയ സീനില്‍ അല്ലെങ്കില്‍ ഷോട്ടില്‍ അഭിനയിക്കാന്‍ വേണ്ടി ഒരുപാട് പേര് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്കൊരു സൗഭാഗ്യം കിട്ടുമ്പോള്‍ നല്ല പടങ്ങള്‍ നോക്കി ചെയ്യുക. നമുക്കിഷ്ടമുള്ള പരിപാടി നോക്കി ചെയ്യുക. അതുമാത്രമാണ് ചിന്തിച്ചിട്ടുള്ളത്. ഇപ്പോഴാണ് കുറച്ച് കൂടി സെലക്ടീവ് ആകണമെന്നൊക്കെ തോന്നിയിട്ടുള്ളത്. സിനിമയില്‍ കുറച്ച് കൂടി സീരിയസ് ആകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇനി നല്ല ഹാപ്പി പടങ്ങളൊക്കെ ചെയ്യാം എന്നുവിചാരിച്ചു,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ തലവരയുടെ പ്രമോഷൻ പരിപാടിക്കിടെ ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലവര

അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയാണ് തലവര. രേവതി ശര്‍മയും അര്‍ജുന്‍ അശോകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. അഖില്‍ അനില്‍ കുമാര്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്.

Content Highlight: Arjun Asokan Talking about his Father

We use cookies to give you the best possible experience. Learn more