സിനിമാപ്രേമികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
ഇപ്പോള്‍ ജിഞ്ചര്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ ചത്താ പച്ച സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.
അര്‍ജുന്‍ അശോകന്‍ Photo: Screen grab/ youtube.com
‘ചത്താ പച്ച എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു ആദ്യം. പിന്നെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഒരു വേഷം ചെയ്യണം എന്ന് കുറെ വര്‍ഷത്തെ ആഗ്രഹമായിരുന്നു. ആ ഒരു കിക്ക് കിട്ടിയത് അജഗജാന്തരം ഭ്രമയുഗം എന്നീ സിനിമകള്‍ക്ക് ശേഷമാണ്. കാരണം പുതുമയുള്ള ഒരു കാര്യക്ടര്‍ ചെയ്ത് കഴിയുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന പ്രതികരണം എപ്പോഴും സ്‌പെഷ്യലായിരുന്നു.
കഥാപാത്രത്തിന്റെ വ്യത്യസ്തത മാത്രമല്ല, ചെയ്യുന്ന സിനിമയില്‍ കൂടി ഒരു മാറ്റം ഉണ്ടെങ്കില്‍ അത് നന്നായിരിക്കും. അങ്ങനെ നല്ലൊരു സിനിമ വരണമെന്നത് എല്ലാ അഭിനേതാക്കളുടെയും ഉള്ളിലുള്ള ആഗ്രഹമായിരിക്കും. പക്ഷേ ചത്ത പച്ച അതിനും വലിയൊരു സിനിമയായി പോയി,’ അര്‍ജുന്‍ പറഞ്ഞു.
ഈ സിനിമയിലെ കാസ്റ്റും അണിയറപ്രവര്‍ത്തകരും എല്ലാം തന്നെ അടിപൊളിയാണെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു സിനിമ എല്ലാവര്‍ക്കും കണ്‍വേ ആകുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റ ടൈറ്റില്‍ പോലെ ചത്താ പച്ച, ഒന്നും നോക്കാതെ അങ്ങ് ഇറങ്ങുകയായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ സൈഡും എല്ലാ അഭിനേതാക്കളും വളരെ സപ്പോര്‍ട്ടീവായിരുന്നുവെന്നും സിനിമക്ക് മുമ്പ് തന്നെ ട്രെയ്‌നിങ്ങും പരിപാടിയുമൊക്കെ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം എന്നത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. ചെറിയാാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Arjun Ashokan talks about the movie Chatha Pacha